രണ്ടാംഘട്ട പദ്ധതി ഉദ്ഘാടനം 21ന്
പത്തനംതിട്ട: സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ പമ്പാ നദീതീര ജൈവവൈവിദ്ധ്യ പുനരുജ്ജീവനം രണ്ടാംഘട്ട പദ്ധതി 21ന് രാവിലെ 8 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ആറന്മുളയിൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷത വഹിക്കും. ജൈവവൈവിദ്ധ്യ ബോർഡ് ചെയർമാൻ ഡോ.സി ജോർജ്ജ് തോമസ് പങ്കെടുക്കും. റാന്നിയിൽ നടക്കുന്ന തൈ നടീൽ പരിപാടി അഡ്വ. പ്രമോദ് നാരായൺ എം.എൽ. എ ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ രാജു എബ്രഹാം അദ്ധ്യക്ഷത വഹിക്കും.
പമ്പാതീരങ്ങളിലെ 14 ഗ്രാമ പഞ്ചായത്തുകളുടെയും 4 ബ്ലോക്ക് പഞ്ചായത്തുകളുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ട് ലക്ഷം രാമച്ചം തൈകളും ഔഷധ സസ്യതൈകളും തീരം സംരക്ഷിക്കുന്നതിന് ആവശ്യമായ വൃക്ഷത്തൈകളും നദിതീരങ്ങളിൽ നടും.
പദ്ധതി നടത്തിപ്പിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ജില്ലാതല സമിതിയും നദീതീരങ്ങളിലെ എല്ലാ പഞ്ചായത്തുകളിലും പഞ്ചായത്ത് മാനേജ്മെന്റ് കമ്മിറ്റിയും രൂപീകരിച്ചു. എല്ലാ വാർഡിലും വാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ വാർഡ് തല കർമ്മസേനകളും രൂപീകരിച്ചു. പെരുനാട്, വെച്ചൂച്ചിറ, നാറാണംമൂഴി, വടശ്ശേരിക്കര, റാന്നി, റാന്നി അങ്ങാടി, റാന്നി പഴവങ്ങാടി, ചെറുകോൽ, അയിരൂർ, കോഴഞ്ചേരി, തോട്ടപ്പുഴശ്ശേരി, ആറന്മുള, മല്ലപ്പുഴശ്ശേരി, കോയിപ്രം പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന നദീതീരങ്ങളിലാണ് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മസേന അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ തൈനടീലിൽ പങ്കെടുക്കും. പമ്പയുടെ തീരങ്ങളിലുള്ള എല്ലാ പഞ്ചായത്തുകളിലും വിവിധ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ തൈ നടീൽ പരിപാടി നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |