മെൽബൺ : ആസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ടൂർണമന്റിൽ മുൻനിര താരങ്ങളായ ആൻഡി മുറെ, സിമോണ ഹാലെപ്പ്, എമ്മ റഡുക്കാനോ, ഇഗ ഷിയാംടെക്,സിസ്റ്റിപ്പാസ്,ഡാനിൽ മെദ്വദേവ്,അര്യാന സബലേങ്ക,ഗാർബീൻ മുഗുരുസ തുടങ്ങിയവർ ആദ്യ റൗണ്ടിൽ വിജയം നേടി. മുൻ ലോക ഒന്നാം നമ്പർ പെട്ര ക്വിറ്റോവയെ ആദ്യ റൗണ്ടിൽ സൊറാന ക്രിസ്റ്റീയ അട്ടിമറിച്ചു.
പുരുഷ സിംഗിൾസിൽ രണ്ടാം സീഡായ നിലവിലെ യു.എസ് ഓപ്പൺ ചാമ്പ്യൻ ഡാനിൽ മെദ്വദേവ് ആദ്യ റൗണ്ടിൽ ഡെന്മാർക്കിന്റെ ലാക്കോസെനനെ 6-1,6-4,7-6 എന്ന സ്കോറിനാണ് കീഴടക്കിയത്. കഴിഞ്ഞ വർഷം ആസ്ട്രേലിയൻ ഓപ്പണിന്റെ ഫൈനലിൽ നൊവാക്ക് ജോക്കോവിച്ചിനോട് തോറ്റിരുന്ന മെദ്വദേവിന് നക്കുറി രണ്ടാം റൗണ്ടിൽ എതിരാളിയായി എത്തുന്നത് നിക്ക് കിർഗിയാക്കോസാണ്. ബ്രിട്ടീഷ് ക്വാളിഫയർ ലിയാം ബ്രോഡിയെ 6-4,6-3,6-3 ന് കീഴടക്കിയാണ് കിർഗിയാക്കോസ് റഷ്യൻ താരവുമായുള്ള പോരാട്ടത്തിന് ടിക്കറ്റെടുത്തത്.
ഗ്രാൻസ്ളാമുകളിലെ പഴയ പ്രതാപത്തിലേക്കുള്ള തിരിച്ചുവരവ് ലക്ഷ്യമിടുന്ന ബ്രിട്ടീഷ് താരം ആൻഡി മുറെ അഞ്ചുസെറ്റിൽ അടരാടിയാണ് ആദ്യ റൗണ്ടിൽ വിജയം കണ്ടത്. ഇത്തവണ വൈൽഡ് കാർഡിലൂടെ പ്രവേശനം ലഭിച്ച മുറെയെ ജോർജിയയുടെ നിക്കോളോസ് ബാസിലാഷ്വിലിയാണ് വെള്ളം കുടിപ്പിച്ചത്. മൂന്ന് മണിക്കൂർ 52 മിനിട്ട് നീണ്ട പോരാട്ടത്തിൽ 6-1,3-6,6-4,7-6,6-4 എന്ന സ്കോറിനായിരുന്നു മുറെയുടെ വിജയം. കഴിഞ്ഞ വർഷത്തെ സെമിഫൈനലിസ്റ്റായ സിസ്റ്റിപ്പാസ് ആദ്യ റൗണ്ടിൽ 6-4,6-2,6-3ന് സ്വീഡന്റെ മിഖായേൽ യെമെറെ കീഴടക്കി.
വനിതാ സിംഗിൾസിൽ കഴിഞ്ഞ യു.എസ് ഓപ്പൺ ജേതാവായ ബ്രിട്ടീഷുകാരി എമ്മ റഡുകാനോ 6-0,2-6,6-1 എന്ന സ്കോറിന് അമേരിക്കയുടെ സൊളാനേ സ്റ്റീഫൻസിനെ തോൽപ്പിച്ച് രണ്ടാം റൗണ്ടിലെത്തി. മൂന്നാം സീഡായ ഗാർബീൻ മുഗുരുസ 6-3,6-4ന് ഫ്രഞ്ചുകാരി ക്ളാര ബുറേലിനെ വീഴ്ത്തി രണ്ടാം റൗണ്ടിൽ കടന്നു.
2020ലെ ഫ്രഞ്ച് ഓപ്പൺ ജേത്രിയായ പോളണ്ടുകാരി ഇഗ ഷ്വിയാംടെക്ക് ആദ്യ റൗണ്ടിൽ കീഴടക്കിയത് ബ്രിട്ടീഷ് ക്വാളിഫയറായ ഹാരിയെറ്റ് ഡർട്ടിനെയാണ്.സ്കോർ : 6-3,6-0. വനിതാ സിംഗിൾസിലെ രണ്ടാം സീഡായ അര്യാന സബലേങ്ക ആദ്യ റൗണ്ടിൽ മൂന്ന് സെറ്റ് പോരാട്ടത്തിൽ ആസ്ട്രേലിയക്കാരി സ്റ്റോം സാൻഡേഴ്സിനെ 5-7,6-3,6-2 എന്ന സ്കോറിനാണ് കീഴടക്കിയത്. മുൻ ലോക ഒന്നാം നമ്പരായ സിമോണ ഹാലെപ്പ് ആദ്യറൗണ്ടിൽ പോളണ്ടിന്റെ മഗ്ദലീനയെ 6-4,6-3ന് കീഴടക്കി.