SignIn
Kerala Kaumudi Online
Tuesday, 16 April 2024 4.14 PM IST

ചോദ്യങ്ങളുയർത്തി വീണ്ടും അരുംകൊല

shan

ഗുണ്ടാസംഘങ്ങൾക്കിടയിൽ തന്റെ പെരുമ നിലനിറുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണത്രെ കോട്ടയത്ത് ഷാൻ എന്ന പത്തൊൻപതുകാരനെ ഗുണ്ടാ നേതാവായ ജോമോൻ കെ. ജോസ് തട്ടിക്കൊണ്ടുപോയി അതിനിഷ്ഠൂരമാംവിധം കൊലപ്പെടുത്തി ജഡം ചുമന്ന് പൊലീസ് സ്റ്റേഷനിൽ കൊണ്ടുചെന്നിട്ടത്. താൻചെയ്ത അരുംകൊല സ്റ്റേഷൻ മുറ്റത്തുനിന്ന് അയാൾ ഉറക്കെ വിളിച്ചുപറഞ്ഞു! ഷാനുവേണ്ടി പൊലീസ് തിരച്ചിൽ നടത്തുന്നതിനിടയിലാണ് വെളുപ്പിന് മൂന്നരമണിയോടെ ഷാനിന്റെ ജീവനറ്റ ശരീരവുമായി ഗുണ്ടാനേതാവ് സ്റ്റേഷനിലെത്തിയത്. ഏതായാലും പൊലീസിന്റെ ജോലി അയാൾ എളുപ്പമാക്കി. ഘാതകനെ തിരഞ്ഞ് നാടെങ്ങും അവർക്കു ഓടിനടക്കേണ്ടല്ലോ. 'കാപ്പ" ചുമത്തി നടുകടത്തിയ ഗുണ്ടാനേതാവാണ് ജോമോൻ എന്നാണു രേഖ. കാപ്പ ചുമത്തപ്പെട്ടാൽ ഒരുവർഷം കഴിഞ്ഞേ സാധാരണഗതിയിൽ പുനഃപരിശോധന നടക്കാറുള്ളൂ. എന്നാൽ ജോമോൻ രണ്ടുമാസം തികയും മുമ്പേ വീട്ടിലെത്തി. പ്രായാധിക്യമുള്ള അമ്മയെ ശുശ്രൂഷിക്കാനെന്ന് വ്യാജപ്രസ്താവം ഹാജരാക്കിയാണ് തിരിച്ചെത്തിയത്. ചുമതലപ്പെട്ടവരെല്ലാം കണ്ണടച്ചെന്നു വ്യക്തം.

കോട്ടയം സംഭവം ഒറ്റപ്പെട്ടതെന്നു പറഞ്ഞ് നിസാരവത്‌ക്കരിക്കാൻ കഴിയില്ല. കാരണം നാട്ടിലുടനീളം ഗുണ്ടാസംഘങ്ങൾ നടത്തുന്ന അക്രമങ്ങൾക്ക് കൈയും കണക്കുമില്ല. പട്ടാപ്പകൽ പോലും എതിർസംഘത്തിലുള്ളവരെ ആക്രമിച്ച് കൈയും കാലും വെട്ടി കൊലവിളി നടത്തുന്നു. തിരുവനന്തപുരം പോത്തൻകോട്ട് ഗുണ്ടാസംഘം വെട്ടിയെടുത്ത കാലുമായി ഓട്ടോയിൽ വിജയയാത്ര നടത്തിയത് ഡിസംബർ പതിനൊന്നിനാണ്. അതിന് ഒരു മാസം മുൻപ് കോട്ടയത്തും കൊടുംക്രൂരതയ്ക്ക് ജനം സാക്ഷികളായി. കങ്ങഴയിൽ ഗുണ്ടാനേതാവിനെ വധിച്ച് കാൽ വെട്ടിയെടുത്ത് ഒരുകിലോമീറ്റർ അകലെ പൊതുസ്ഥലത്ത് പ്രദർശിപ്പിക്കുകയായിരുന്നു. പട്ടാപ്പകലോ വെട്ടവും വെളിച്ചവുമുള്ള ഇടങ്ങളിലോ ആണ് മിക്ക അക്രമങ്ങളും അരങ്ങേറുന്നത്. നിയമസംവിധാനങ്ങളെ വെല്ലുവിളിച്ച് അക്രമങ്ങൾ ക്രമാതീതമായി വർദ്ധിച്ചിട്ടും അമർച്ച ചെയ്യാൻ കഴിയാത്തത് സർക്കാരിന്റെ വലിയ പരാജയമാണ്.

'ഓപ്പറേഷൻ കാവൽ" എന്ന ഓമനപ്പേരിട്ട് പൊലീസ് ഒരു മാസമായി നടത്തിക്കൊണ്ടിരിക്കുന്ന ഗുണ്ടാവേട്ടയിൽ 14014 പേർ അകത്തായിട്ടുണ്ടെന്നാണ് കണക്ക്. ഇവരിൽ 224 പേർക്കെതിരെ കേസെടുത്തിട്ടുണ്ടത്രെ. നാട്ടിൽ അക്രമങ്ങൾ പെരുകുമ്പോൾ ഗുണ്ടാവേട്ടയ്ക്കിറങ്ങുന്ന പൊലീസ് ആവേശം കെടുമ്പോൾ 'ഓപ്പറേഷൻ" ആരുമറിയാതെ മതിയാക്കും. സ്റ്റേഷൻ ഭരണം കൂടുതൽ മെച്ചപ്പെടുത്താൻ വേണ്ടിയാണ് സ്റ്റേഷൻ ചുമതല എസ്.ഐമാരിൽ നിന്ന് സി.ഐമാരിൽ നിക്ഷിപ്തമാക്കിയത്. അക്രമം വർദ്ധിക്കുന്നതല്ലാതെ സാമൂഹ്യവിരുദ്ധരെ നേരിടാൻ പുതിയ സംവിധാനത്തിനും കഴിഞ്ഞിട്ടില്ല.

ഗുണ്ടാസംഘങ്ങൾക്ക് അധികാരസ്ഥാനങ്ങളിൽ നിന്ന് ലഭിക്കുന്ന സഹായത്തിനു നേരെ കണ്ണടയ്ക്കാനാകില്ല. രാഷ്ട്രീയ ഇടപെടലുകൾ എല്ലാക്കാലത്തും ഗുണ്ടാസംഘങ്ങളെ വളർത്തിയിട്ടേയുള്ളൂ. കോട്ടയം സംഭവത്തിലെ പ്രധാനപ്രതി ജോമോനെ തിരിച്ചെത്തിച്ചതിൽ പോലും മുകളിൽ നിന്നുള്ള ഇടപെടലുകളുണ്ട്. പൊലീസ് റിപ്പോർട്ട് പ്രതികൂലമായിരുന്നെങ്കിൽ തീർച്ചയായും 'കാപ്പ" കാലാവധി കഴിയും മുമ്പ് തിരിച്ചെത്താൻ കഴിയുമായിരുന്നില്ല. അധികാരകേന്ദ്രങ്ങൾ തമ്മിലുള്ള അകൽച്ചയും പൊരുത്തമില്ലായ്മയും ക്രിമിനൽ സംഘങ്ങളുടെ വളർച്ചയ്ക്ക് വഴിവയ്ക്കുന്നു. മുപ്പതിലേറെ കേസുകളിൽ പ്രതിയായിട്ടും ജോമോന് 'കാപ്പ"യിൽ അനായാസം ഇളവു ലഭിച്ചത് നിയമത്തിന്റെ പരാജയമാണ്. ഗുണ്ടാവേട്ട പൊടിപൊടിക്കുമ്പോഴും എന്തിനും പോന്ന ക്രിമിനലുകൾ വലയിൽപ്പെടാതെ കഴിയുന്നത് ഉന്നതങ്ങളുടെ ഒത്താശ കാരണമാണ്. സഹായത്തിന് ഇക്കൂട്ടർ ഉള്ളിടത്തോളം കൊടുംക്രൂരതകൾ ആവർത്തിച്ചുകൊണ്ടിരിക്കും.

കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട് സെൻട്രൽ ജയിലിൽ കഴിയേണ്ടയാൾ പോലും തുടർച്ചയായി പരോളിലിറങ്ങി റിസോർട്ടിൽ ഡി.ജെ പാർട്ടിയിൽ പങ്കെടുക്കുന്നുവെങ്കിൽ നിയമനടത്തിപ്പിന്റെ ഏകദേശരൂപം മനസിലാക്കാം. വേട്ടനടത്തി അകത്തു പിടിച്ചിട്ടാൽ മാത്രം പോരാ. കുറ്റം ചെയ്തവരെ എത്രയുംവേഗം വിചാരണ നടത്തി അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കാനും കഴിയണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHAN MURDER
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.