തൃശൂർ: മടിയിലിരുത്തി തലോടൽ, കുടിക്കാൻ കുപ്പിപ്പാൽ, രാവും പകലും പരിചരണം. കരയുമ്പോഴെല്ലാം കുപ്പിയുടെ നിപ്പിൾ വായിൽ തിരുകും.
കുട്ടിപ്പുലിക്ക് അമ്മപ്പാൽ നുകരാൻ കഴിയാത്ത സങ്കടമുണ്ടെങ്കിലും വീര്യവും ശൗര്യവും കാട്ടുന്നതിൽ ഒട്ടും കുറവില്ല. 28 ദിവസംകൂടി പരിചരണം വേണ്ടിവരും. അതു കഴിഞ്ഞാൽ അമ്മപ്പുലിക്ക് കൊണ്ടുപോകാൻ കഴിയുംവിധം കൊണ്ടുവയ്ക്കാം.
ഒരാഴ്ചയോളം പ്രായമുള്ള പുലിക്കുട്ടിയെ പാലക്കാട് ഉമ്മിനിയിൽ ആൾതാമസമില്ലാത്ത വീടിനുള്ളിൽനിന്ന് കഴിഞ്ഞ വ്യാഴാഴ്ച അകമലയിലെ ഫോറസ്റ്റ് വെറ്ററിനറി ക്ലിനിക്കിൽ കൊണ്ടുവരുമ്പോൾ അവശനിലയിലായിരുന്നു. പാൽ കുടിക്കാൻ മടി, വയറിളക്കം. ഡോക്ടറും അറ്റൻഡർമാരും 24 മണിക്കൂറും പരിപാലിച്ചാണ് ആരോഗ്യം വീണ്ടെടുത്തത്.
വളർത്തുമൃഗങ്ങൾക്ക് നൽകുന്ന പാൽപ്പൊടി കലർത്തിയ പാലാണ് നൽകുന്നത്. പുലിക്കുഞ്ഞിന്റെ നഖംകൊണ്ട് മുറിവേൽക്കാതെ, കൈയിൽ ഗ്ളൗസും വസ്ത്രവും ധരിച്ചാണ് പരിപാലിക്കുന്നത്.
കഴിഞ്ഞ ദിവസം അമ്മപ്പുലി ഉമ്മിനിയിൽ രാത്രി വീണ്ടുമെത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
പുലിക്കുഞ്ഞുങ്ങളെ വച്ച് തള്ളപ്പുലിയെ പിടിക്കാൻ വനംവകുപ്പ് ശ്രമം നടത്തിയെങ്കിലും ഒരു കുഞ്ഞിനെ മാത്രമാണ് പുലി കൊണ്ടുപോയത്.
വെറ്ററിനറി സർവകലാശാലയിൽനിന്ന് വന്യജീവിപരിപാലനത്തിൽ പരിശീലനം ലഭിച്ച രണ്ട് ഫീൽഡ് അസിസ്റ്റന്റുമാരാണ് പരിചരണത്തിന്റെ ചുമതലക്കാർ. ഡോ. ഡേവിഡ് എബ്രഹാമിന്റെ മേൽനോട്ടത്തിലാണ് പരിചരണം.
വനംവകുപ്പ് എല്ലാ ജില്ലകളിലുമായി 17 മൃഗഡോക്ടർമാരെ അടുത്തിടെ നിയമിച്ചു. വലിയ മൃഗങ്ങളെ പരിചരിക്കാനാവില്ലെങ്കിലും പക്ഷികൾ, പാമ്പുകൾ, വലിയ മൃഗങ്ങളുടെ കുഞ്ഞുങ്ങൾ എന്നിവയെ പരിപാലിക്കാനും സംരക്ഷിക്കാനുമുളള കൂടും പരിചരണ സംവിധാനങ്ങളും ബന്ധപ്പെട്ട മേഖലകളിൽ ഉടൻ സജ്ജമാക്കും.
പരിക്കുപറ്റുന്ന വന്യമൃഗങ്ങളെ പരിചരിച്ചശേഷം കാട്ടിൽ വിടാനാകും. പുലിക്കുട്ടിയെ പരിപാലിക്കുന്ന അകമലയിലെ കേന്ദ്രം ഇതിന്റെ ഭാഗമാണ്.
`അമ്മപ്പുലിക്ക് കൊണ്ടുപോകാൻ പാകത്തിൽ കൊണ്ടുവെയ്ക്കാൻ വനം-വന്യജീവി വിഭാഗം മേധാവിയുടെ പ്രത്യേക ഉത്തരവ് വേണം.'
-ഡോ.ഡേവിഡ് എബ്രഹാം