₹തീർത്ഥാടകർക്ക് ദർശനം ഇന്ന് കൂടി
ശബരിമല:മണ്ഡല മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തി കുറിച്ച് നാളെ ശബരിമല നട അടയ്ക്കും. തീർത്ഥാടകർക്ക് ഇന്നു കൂടി ദർശനം നടത്താം. നാളെ രാവിലെ രാജപ്രതിനിധിക്കു മാത്രമാണ് സന്നിധാനത്ത് ദർശനം.
പുലർച്ചെ ഗണപതി ഹോമവും മലർ നിവേദ്യവും പൂർത്തിയാക്കി ഭഗവാനെ ഭസ്മവിഭൂഷിതനാക്കി രുദ്രാക്ഷമാല അണിയിച്ച് യോഗദണ്ഡ് കൈയ്യിൽ നൽകി യോഗനിദ്രയിലാക്കും. ഹരിവരാസനം പാടി നടയടച്ച് ആചാരപരമായി താക്കോൽക്കൂട്ടവും പണക്കിഴിയും രാജപ്രതിനിധിക്ക് കൈമാറും. തുടർന്ന് തിരുവാഭരണ പേടകങ്ങളുമായി തിരുവാഭരണ വാഹകസംഘവും രാജപ്രതിനിധിയും പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെത്തും. താക്കോലും പണക്കിഴിയും മേൽശാന്തിയെ തിരികെ ഏൽപ്പിച്ച് അടുത്ത ഒരു വർഷത്തെ പൂജകൾ ചെയ്യണമെന്ന നിർദ്ദേശം നൽകി രാജപ്രതിനിധിയും തിരുവാഭരണ വാഹകസംഘവും പന്തളത്തേക്ക് മടങ്ങും.
ഇന്നലെ പന്തളം രാജപ്രതിനിധി മൂലംനാൾ ശങ്കരവർമ്മ നടത്തിയ കളഭാഭിഷേകത്തോടെ ദ്രവ്യങ്ങൾ കൊണ്ടുളള അഭിഷേകങ്ങൾ ഉച്ചപൂജയോടെ പൂർത്തീകരിച്ചു. വൈകിട്ട് പടിപൂജയും ദേവസ്വം ബോർഡിന്റെ വകയായുളള പുഷ്പാഭിഷേകവും സന്നിധാനത്തും മാളികപ്പുറത്തും ഉപദേവതാ നടകളിലും പതിനെട്ടാംപടിയിലും നടത്തി. രാത്രി മണിമണ്ഡപത്തിൽ നിന്ന് ശരംകുത്തിയിലേക്ക് എഴുന്നെള്ളത്തും നായാട്ടുവിളിയും നടന്നു. ഇന്ന് വിശേഷാൽ പൂജകളോ അഭിഷേകമോ ഇല്ല. രാവിലെ ഗണപതിഹോമത്തിനും ഉഷപൂജയ്ക്കും ശേഷം 25 കലശം നടക്കും. വൈകിട്ട് ഹരിവരാസനം പാടി നടയടച്ചശേഷം മാളികപ്പുറം മണിമണ്ഡപത്തിന് മുന്നിൽ പ്രത്യേകം തയ്യാറാക്കിയ കളത്തിൽ മലദൈവങ്ങൾക്കും ഭൂതഗണങ്ങൾക്കും വേണ്ടി രാജപ്രതിനിധിയുടെ സാന്നിദ്ധ്യത്തിൽ വലിയ ഗുരുതി നടക്കും.