തൃപ്രയാർ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി കെമിക്കൽ എൻജിനീയറിംഗ് വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. പഴുവിൽ എടക്കാട്ടുതറ ഷംസുദ്ദീൻ മകൻ മുഹമ്മദ് ഷഹീൻഷായെയാണ് (22) റൂറൽ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോഗ്രെക്ക് ലഭിച്ച രഹസ്യ വിവരത്തെതുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ക്രൈം സ്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്. ഒരാഴ്ചയായി പൊലീസ് നടത്തിയ തെരച്ചിലിലാണ് പിടിയിലായത്.
33 ഗ്രാം എം.ഡി.എം.എ സഹിതം തൃപ്രയാർ കിഴക്കേനടയിൽ വെച്ചാണ് ബൈക്കിലെത്തിയ പ്രതി പിടിയിലായത്. അന്യസംസ്ഥാനങ്ങളിൽ നിന്നും വിവിധ മാർഗ്ഗങ്ങളിലൂടെ കേരളത്തിലേക്ക് കഞ്ചാവ്, എം.ഡി.എം.എ, എൽ.എസ്.ഡി തുടങ്ങിയവയിൽ അടുത്തകാലത്ത് നടന്ന വൻമയക്കുമരുന്ന് വേട്ടയാണിത്. ഒരു ഗ്രാമിന് എഴായിരത്തോളം രൂപയ്ക്ക് ചില്ലറ വിൽപ്പന നടത്തുന്ന മയക്കുമരുന്നാണ് പിടികൂടിയത്. പ്രതിയുടെ ഉപഭോക്താക്കളിലേറെയും വിദ്യാർത്ഥികളാണ്. കെമിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥിയായ പ്രതി ഇതിന് മുൻപും ലഹരി മരുന്ന് കൊണ്ടുവന്ന് വിൽപ്പന നടത്തിയിരുന്നതായാണ് വിവരം. ദിവസങ്ങളായി പ്രതിയെ നിരീക്ഷിച്ചു വന്നിരുന്ന പൊലീസ് സംഘം വിവിധ സ്ഥലങ്ങളിൽ കാത്തുനിന്നാണ് ബൈക്കിലെത്തിയ ഇയാളെ പിൻതുടർന്ന് പിടികൂടിയത്. ബംഗളൂരുവിൽ നിന്നുമാണ് ഇയാൾ മയക്കുമരുന്നെത്തിച്ചിരുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് എസ്.പി ഐശ്വര്യ ഡോഗ്രെ അറിയിച്ചു.