റിയോ ഡി ജനീറോ: ഒരു നഗരത്തിന്റെ മുഴുവൻ നിയന്ത്രണം വണ്ടുകൾ ഏറ്റെടുത്താൽ എങ്ങനെയിരിക്കും? അതു പോലൊരു അവസ്ഥയിലാണ് അർജന്റീനയിലെ സാന്റ ഇസബെൽ എന്ന നഗരത്തിലെ നിവാസികൾ. ഇവർ എവിടെ തിരിഞ്ഞാലും അവിടെയെല്ലാം വണ്ടുകളാണ്. വണ്ടുകളുടെ കാരണം പുറത്തിറങ്ങാതെ പേടിച്ച് വീടുകളിൽ തന്നെ കഴിയുകയാണ് ഈ നഗരത്തിലെ ഭൂരിഭാഗം പേരും. കോടിക്കണക്കിന് വരുന്ന വണ്ടുകളാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നഗരത്തിൽ നിറഞ്ഞിരിക്കുന്നത്. വീടുകളിലും കടകളിലും എന്തിനേറെ പറയുന്നു, നഗരത്തിൽ റോഡ് പോലും കാണാനാകാത്ത സ്ഥിതിയിലാണ് വണ്ടുകളുടെ സഞ്ചാരം. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബഹുനിലക്കെട്ടിടങ്ങളുടെ മുകൾ നിലയിലും ഇവ സ്ഥാനം പിടിച്ചിട്ടുണ്ട്. വെള്ളം ഒഴുക്കി വിടാനുള്ള പൈപ്പുകളിലും മറ്റും ഇവ കൂട്ടമായി ഇടം പിടിച്ചത് കാരണം ഡ്രെയിനേജ് സംവിധാനവും തടസപ്പെട്ടിരിക്കുകയാണ്. ഇവയെ ചെറുക്കാനായി, നഗരത്തിൽ സ്ട്രീറ്റ് ലൈറ്റുകളും കെട്ടിടങ്ങളിലെ ലൈറ്റുകളും ഒന്നും പ്രവർത്തിപ്പിക്കുന്നില്ല. വണ്ടുകൾ വെളിച്ചം കണ്ട് ആകൃഷ്ടരാകാനുള്ള സാദ്ധ്യത ഒഴിവാക്കുന്നതിനായാണ് ഇങ്ങനെ ചെയ്യുന്നത്. വീടുകൾക്കുള്ളിലും വണ്ടുകൾ ആധിപത്യം സ്ഥാപിക്കാൻ തുടങ്ങിയതോടെ വണ്ടുകളെ വാരിക്കൂട്ടി പെട്ടികളിലാക്കി ദൂരെയുള്ള സ്ഥലങ്ങളിൽ കൊണ്ടുകളയുകയാണ് ഇപ്പോൾ നഗരവാസികളുടെ പ്രധാന ജോലി. അർജന്റീനയിൽ കാലം തെറ്റി പെയ്ത മഴയും ഉഷ്ണക്കാറ്റുമെല്ലാമാണ് വണ്ടുകളുടെ കൂട്ടപ്പെരുകലിന് കാരണമെന്നാണ് വിദഗ്ദർ പറയുന്നത്.