SignIn
Kerala Kaumudi Online
Thursday, 25 April 2024 10.20 PM IST

കോൺഗ്രസിനെ രക്ഷിക്കുന്ന ശെെലി

k-sudhakaran

ഇടുക്കി എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥി ധീരജിന്റെ മരണവുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ സി.പി.എം ഒറ്റതിരിഞ്ഞുള്ള അക്രമം തുടരുകയാണ്. 'സുധാകരനിസം' എന്ന പേരുനൽകിയാണ് വിമർശനം അഴിച്ചുവിടുന്നത്. സി.പി.എം എത്രത്തോളം കെ.പി.സി.സി പ്രസിഡന്റായ കെ.സുധാകരനെ ഭയപ്പെടുന്നു എന്നതിന്റെ തെളിവായി വേണം ഇതിനെ കാണാൻ. സുധാകരന്റെ നേതൃത്വത്തിൽ കേരളത്തിലെ കോൺഗ്രസിൽ സംഘടനാതലത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന നിശബ്ദ വിപ്ലവമാണ് സി.പി.എമ്മിനെ ഭയപ്പെടുത്തുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ വിമർശനങ്ങൾ.

നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയത്തോടെ നിരാശയിലാണ്ട കോൺഗ്രസ് പ്രവർത്തകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ കെ.സുധാകരന്റെ പ്രസിഡന്റായുള്ള നിയമനവും തുടർന്നുള്ള അദ്ദേഹത്തിന്റെ പ്രവർത്തന ശൈലിയും വഴിവച്ചിട്ടുണ്ട്. സുധാകരന്റെ നേതൃത്വത്തിൽ സംഘടനയിൽ വരുത്തികൊണ്ടിക്കുന്ന മാറ്റങ്ങൾ കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന പ്രവർത്തകരിൽ പുത്തൻ ഉണർവ് ഉണ്ടാക്കി എന്നത് പ്രകടം. വാർത്താസമ്മേളനങ്ങളിൽ മാത്രം ഒതുങ്ങിയിരുന്ന പ്രവർത്തന സജീവതയിൽ നിന്നും ഒരു സമര സംഘടനയായുള്ള കോൺഗ്രസിന്റെ മാറ്റം തന്നെയാണ് ഇതിന്റെ തെളിവ്. കെ.സുധാകരൻ പ്രസിഡന്റായി ചുമതലയേറ്റ ശേഷം സംഘടനയുടെ പ്രവർത്തന ശൈലി മാറ്റുന്നതിൽ നിരവധി തീരുമാനങ്ങൾ നടപ്പാക്കിയെങ്കിലും അതിൽ നാലെണ്ണമാണ് സുപ്രധാനം. 1) അച്ചടക്കം ഊട്ടിയുറപ്പിക്കാൻ സ്വീകരിച്ച നടപടികൾ 2)കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ (സി.യു.സി) രൂപീകരണം, 3).പ്രവർത്തരുടെ കേസ് നടത്താനായി പ്രത്യേക നിയമസഹായ സെൽ , 4). സഹകരണ മേഖലയെ പാർട്ടി നിയന്ത്രണത്തിലാക്കാനുള്ള തീരുമാനം എന്നിവയാണിവ.

കോൺഗ്രസ് എന്നും ഒരാൾക്കൂട്ടമാണ്. ആർക്കും ആരാലും നിയന്ത്രിക്കാൻ കഴിയാത്ത, വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്ന ഒരു സംവിധാനം. അതിനെ ഒരു ചട്ടക്കൂടിനുള്ളിലൊതുക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല; എന്നു പറയുന്നതിനേക്കാൾ സമീപകാലത്തൊന്നും ആരും അതിന് ആത്മാർത്ഥമായി ശ്രമിച്ചിരുന്നില്ല എന്നുപറയുന്നതാകും ശരി. ചുമതലയേറ്റെടുക്കും മുൻപുതന്നെ കേരളത്തിലെ കോൺഗ്രസിനെ സെമികേഡർ പാർട്ടിയാക്കുന്നതിനെക്കുറിച്ചുള്ള സങ്കല്‌പ്പങ്ങൾ കെ.സുധാകരൻ പങ്കുവച്ചുതുടങ്ങി.

ഏതാനും മാസത്തിനിടെ സംഘടനതലത്തിൽ ഒരച്ചടക്കം വന്നിട്ടുണ്ട്. പാർട്ടിയുടെ ഉത്തരവാദിത്തമുള്ള സ്ഥാനങ്ങൾ വഹിച്ചിരുന്നവരിൽ നിന്നും അച്ചടക്ക ലംഘനം ഉണ്ടായപ്പോൾ സ്വീകരിച്ച ശക്തമായ നടപടികളാണ് ഇതിന് സഹായിച്ചത്. മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ അദ്ധ്യക്ഷനായ അച്ചടക്കസമതി നിലവിൽവന്നതോടെ പല വിമർശനങ്ങൾക്കും വിരാമമാകും. പാർട്ടി പരിപാടികളിൽ പങ്കെടുത്തില്ലെങ്കിലും, എന്ത് അച്ചടക്ക ലംഘനം കാണിച്ചാലും, എന്ത് വിഭാഗീയ പ്രവർത്തനം നടത്തിയാലും ഗ്രൂപ്പിന്റെ തണലിൽ സംരക്ഷണമുണ്ട് എന്ന അവസ്ഥയ്ക്ക് മാറ്റം വന്നു.

മേൽത്തട്ടിലെ നേതൃനിരയാൽ സമ്പുഷ്ടമായ കോൺഗ്രസിന്റെ താഴേത്തട്ട് ദുർബലമാണ്. സംഘടനാ സംവിധാനത്തിലെ ഈ ദൗർബല്യങ്ങൾ എല്ലാവർക്കും ബോദ്ധ്യമുണ്ടെങ്കിലും അത് പരിഹരിക്കാനുള്ള ആത്മാർത്ഥമായതോ ശാസ്ത്രീയമായതോ ആയ ശ്രമങ്ങളൊന്നും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഉണ്ടായിട്ടില്ല. പുതിയ കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ തുടങ്ങിയിരിക്കുന്നത് ആ ദിശയിലുള്ള ഒരു മാറ്റമാണ് ; രോഗം തിരിച്ചറിഞ്ഞുള്ള ചികിത്സ. വെറുതെ താഴേത്തട്ട് ശക്തമാക്കുമെന്ന പറച്ചിൽ മാത്രമല്ല സുധാകരൻ ചെയ്തത്. മൂന്ന് ഏജൻസികളെ ഉപയോഗിച്ച് കേരളത്തിലെ കോൺഗ്രസിന്റെ സംഘടന സംവിധാനത്തെക്കുറിച്ച് അദ്ദേഹം പഠനം നടത്തി. 44 ശതമാനം ബൂത്ത് കമ്മിറ്റികൾ മാത്രമാണ് കാര്യക്ഷമമായി പ്രവർത്തിക്കുന്നതെന്നായിരുന്നു കണ്ടെത്തൽ. ശേഷിക്കുന്ന 56 ശതമാനവും നിർജ്ജീവവും. ഇത്തരത്തിൽ നടത്തിയ പഠനത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി അഥവാ സി.യു.സി രൂപീകരണത്തിന്റെ കർമ്മരേഖ തയ്യാറാക്കിയത്.
സംസ്ഥാന സർക്കാർ കിറ്റുകൾ നൽകിയ കണക്കനുസരിച്ചാണെങ്കിൽ 90 ലക്ഷം വീടുകൾ. ഈ 90 ലക്ഷം വീടുകൾ മാത്രം കേന്ദ്രീകരിച്ചുള്ള പ്രവർത്തനം കാര്യങ്ങൾ മാറ്റിമറിക്കുമെന്നതാണ് പുതിയ നേതൃത്വത്തിന്റെ വിലയിരുത്തലും പ്രതീക്ഷയും.

കൊടിയേരിയിലെ 105ാം നമ്പർ ബൂത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യ സി.യു.സി രൂപീകരിച്ചത്. അത്തരത്തിൽ കോൺഗ്രസിന് സംഘടനാ സംവിധാനമില്ലായിരുന്ന സി.പി.എം ഗ്രാമങ്ങളിലടക്കം സി.യു.സി രൂപീകരണം ഫലപ്രദമായി നടപ്പാക്കാനായി. ഇവിടങ്ങളിലൊക്കെ ഭാരാവാഹികളായി കടന്നുവരുന്നത് പുതുതലമുറയിൽപ്പെട്ടവരാണ് എന്നതാണ് കൗതുകകരം.

ഒരു കോൺഗ്രസ് പ്രവർത്തകൻ രാഷ്ട്രീയ കേസിൽ അകപ്പെട്ടാൽ അവൻ സ്വയം കേസ് നടത്തിക്കൊള്ളണം. നിയമസഹായമോ, സാമ്പത്തിക സഹായമോ ഒന്നും തന്നെ ലഭിക്കില്ല. ഈ യാഥാർത്ഥ്യം ഉൾക്കൊണ്ടാണ് കെ.സുധാകരൻ രാഷ്ട്രീയ കേസുകളിൽ അകപ്പെടുന്ന പ്രവർത്തകർക്ക് സൗജന്യ നിയമസഹായം ഉറപ്പുവരുത്താൻ കെ.പി.സി.സിയിൽ നിയമസഹായ സെൽ രൂപീകരിച്ചത്. ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകൻ വി.എസ്. ചന്ദ്രശേഖരിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സെല്ലിന്റെ പ്രവർത്തനം സംസ്ഥാനമൊട്ടാകെ താഴേത്തട്ടുവരെ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

പാർട്ടി മുൻകൈയെടുത്ത് ആരംഭിച്ച സഹകരണ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും ഇന്ന് വ്യക്തി കേന്ദ്രീകൃതമായിരിക്കുന്നു. അവയ്ക്ക് മൂക്ക് കയറിടാനുള്ള നീക്കങ്ങൾ സുധാകരൻ ആരംഭിച്ചു കഴിഞ്ഞു. ഇത്തരം സ്ഥാപനങ്ങളിലെ ജോലി നിയമനങ്ങളിൽ കോൺഗ്രസ് പ്രവർത്തകർക്കോ അനുഭാവികൾക്കോ ഒരു പരിഗണനയും ലഭിക്കാറില്ല. ഈ കീഴ്വഴക്കം ഉടച്ചുവാർക്കുമെന്ന വ്യക്തമായ സന്ദേശം തന്റെ സ്വന്തം ജില്ലയായ കണ്ണൂരിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണം പിടിച്ചെടുത്തതിലൂടെ കെ.സുധാകരൻ നൽകി.

ഈ നടപടികളൊക്കെ തന്നെ കോൺഗ്രസിൽ ചോദിക്കാനും പറയാനും ഒരു നാഥനുണ്ടെന്ന അവസ്ഥ സംജാതമാക്കിയിട്ടുണ്ട്. കോൺഗ്രസ് മാറാൻ തുടങ്ങിയിരിക്കുന്നുവെന്ന പ്രതീക്ഷ പ്രവർത്തകരിലും. പ്രവർത്തകരുടെ വികാരം മനസ്സിലാക്കുന്ന, അവരെ ചേർത്തു പിടിക്കുന്ന, ഒപ്പമുണ്ടെന്ന തോന്നൽ ഓരോ പ്രവർത്തകനിലും ഉണ്ടാക്കുന്ന പ്രവർത്തന ശൈലിയാണ് കെ.സുധാകരന്റെത്. ഈ ശൈലിയെയാണ് സുധാകരനിസം എന്ന് സി.പി.എം ആക്ഷേപിക്കുന്നതും ഭയപ്പെടുന്നതും.

(രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് ഡയറക്ടറാണ് ലേഖകൻ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K SUDHAKARAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.