SignIn
Kerala Kaumudi Online
Thursday, 25 April 2024 2.39 PM IST

ഇടുക്കി താങ്ങില്ല ഇനിയൊരു അടച്ചിടൽ

munnar

കൊവിഡ് വൈറസിന്റെ ഒമിക്രോൺ വകഭേദം വ്യാപന തോതിൽ ഏറ്റവും അപകടകരമായ അവസ്ഥയിലെത്തി നില്‌ക്കുന്ന ഈ ദിവസങ്ങളിൽ പ്രതിദിന രോഗികളുടെ നിരക്കിൽ സംസ്ഥാനത്ത് പിന്നിൽ നിൽക്കുന്ന ജില്ലകളാണ് ഇടുക്കിയും വയനാടും കാസർഗോഡും. എന്നാൽ ഇടുക്കിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അതിവേഗമാണ് കുതിച്ചുയരുന്നത്. ജനുവരി ഒന്നിന് 57 കൊവിഡ് രോഗികൾ മാത്രമാണ് ജില്ലയിൽ ഉണ്ടായിരുന്നത്. ടി.പി.ആർ വെറും 4.07 ശതമാനമായിരുന്നു. മൂന്ന് ആഴ്ചയാകുമ്പോൾ രോഗികളുടെ എണ്ണം ആയിരം കവിഞ്ഞു. ടി.പി.ആർ സംസ്ഥാന ശരാശരിയും കടന്ന് 37 ശതമാനത്തിനടുത്തെത്തി. ജില്ലയിലാകെയുള്ള 52 പഞ്ചായത്തുകളിൽ നാലിടത്ത് മാത്രമാണ് ടി.പി.ആർ 15ൽ താഴെയുള്ളത്. ബാക്കിയുള്ള പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും ടി.പി.ആർ ഉയർന്ന നിരക്കിലാണ്.

ഇതേത്തുടർന്ന് കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം രംഗത്തെത്തി. എല്ലാ മത, സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികളും പൂർണമായും നിരോധിച്ചു. ഇടുക്കി ഡാമുൾപ്പെടെയുള്ള എല്ലാ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശനം ഒരു സമയം പരമാവധി 50 പേർക്ക് മാത്രമായി ചുരുക്കി. സർക്കാർ, അർദ്ധ സർക്കാർ, സഹകരണ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും നടത്തുന്ന യോഗങ്ങൾ ഓൺലൈൻ മാത്രമാകും. ഹോട്ടലുകളിലുള്ള ജിമ്മുകൾ, സ്വിമ്മിംഗ് പൂളുകൾ എന്നിവയുടെ പ്രവർത്തനം നിരോധിച്ചു. ഭക്ഷണശാലകളിൽ ഇരുന്ന് കഴിക്കാവുന്നവരുടെ എണ്ണം 50 ശതമാനമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ അടിയന്തരമായി 15 ദിവസത്തേക്ക് സ്ഥാപനം അടച്ചിടണം. എല്ലാ ഗ്രാമസഭകളും വികസന സെമിനാറുകളും ഓൺലൈൻ മാത്രമാക്കി.

ഈ നിയന്ത്രണങ്ങൾ മറ്റൊരു അടച്ചിടലിലേക്കാണോ നീങ്ങുന്നതെന്ന ആശങ്കയിലാണ് ഏവരും. കാരണം ഇനിയൊരു തരംഗവും അടച്ചിടലും ഇടുക്കി പോലൊരു ജില്ലയ്ക്ക് താങ്ങാനാകില്ല. വിനോദസഞ്ചാരവും കൃഷിയുമാണ് ഇടുക്കിയുടെ നട്ടെല്ല്.

ടൂറിസം നാടുവിടും

കേരളത്തിലെ തന്നെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇടുക്കി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ നാല് വർഷത്തോളമായി ഏറ്റവുമധികം പ്രതിസന്ധി നേരിടുന്ന മേഖലയാണ് വിനോദസഞ്ചാരം. തുടർച്ചയായെത്തിയ രണ്ട് പ്രളയങ്ങൾ മുതലാണ് ടൂറിസം രംഗത്തിന്റെ കഷ്ടകാലം ആരംഭിക്കുന്നത്. പിന്നാലെ കൊവിഡ് കൂടിയെത്തിയതോടെ തകർച്ച പൂർണമായി. കഴിഞ്ഞ രണ്ട് വർഷമായി ലക്ഷങ്ങളുടെ ജീവിതോപാധിയായ ഈ മേഖല നിശ്ചലമാണ്. ചെറുകിട വ്യവസായ സംരംഭങ്ങൾ മുതൽ വൻ മുടക്കുമുതലുള്ള റിസോർട്ടുകളും ഹോട്ടലുകളും വരെ അടഞ്ഞ് കിടന്നു. ടൂറിസം മേഖലയിലെ ഭൂരിഭാഗം സംരംഭകരും വൻ കടബാദ്ധ്യതയിലെത്തിയിരുന്നു. ടൂറിസത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന ഗൈഡുകൾ, ഹോംസ്റ്റേ, റിസോർട്ട്, ഹോട്ടൽ നടത്തിപ്പുകാർ, സ്‌പൈസസ് മേഖലയിലുള്ളവർ, ചെറുകിട കച്ചവടക്കാർ എന്നിവരടക്കം ആയിരങ്ങൾ ആത്മഹത്യയുടെ വക്കിലായിരുന്നു. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന നിരവധിപ്പേർ ഇതിനകം ജീവനൊടുക്കി. രണ്ടാം ലോക്ക് ഡൗണിന് ശേഷം ഇളവുകൾ അനുവദിച്ചപ്പോൾ മെല്ലെ ഉണർന്ന് വന്നതായിരുന്നു ടൂറിസം മേഖല. ഡി.ടി.പി.സിയുടെ കീഴിലുള്ള എല്ലാ കേന്ദ്രങ്ങളും ഇക്കോ ടൂറിസം സെന്ററുകളും സഞ്ചാരികൾക്കായി തുറന്ന് പ്രവർത്തനം ആരംഭിച്ചിരുന്നു. സ്‌പൈസസ് പാർക്കുകൾ, ഹോംസ്റ്റേകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, റെഡി ഫോട്ടോഗ്രാഫി തുടങ്ങി വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും നേരിയ ഉണർവ് വ്യക്തമായിരുന്നു. മാസങ്ങളായി പുറത്ത് പോലും ഇറങ്ങാനാകാതെ വീടുകളിൽ തളയ്ക്കപ്പെട്ട സ്ത്രീകളും കുട്ടികളും അടക്കമുള്ളവർക്ക് ഇളവ് വലിയ ആശ്വാസമായി. ഓണാവധിക്ക് വൻ തിരക്കാണ് പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ അനുഭവപ്പെട്ടത്. പുതുവർഷാഘോഷം മുതൽ ആരംഭിച്ച നിയന്ത്രണങ്ങൾ വീണ്ടും സ്ഥിതി പഴയപടിയാക്കി. അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ മൂന്നാറിൽ മാത്രം ദിനംപ്രതി 40 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടെന്നാണ് വിനോദ സഞ്ചാരമേഖലയിലുള്ളവർ പറയുന്നത്. ചെറുതും വലുതുമായ 700 ലേറെ റിസോർട്ടുകൾ മൂന്നാറിലും പരിസരങ്ങളിലുമുണ്ട്. 17,000 ത്തിലധികം പേരാണ് മൂന്നാറിനെ ചുറ്റിപ്പറ്റി തൊഴിൽ ചെയ്ത് ജീവിക്കുന്നത്. ഇനിയുമൊരു അടച്ചിടൽ കൂടിയുണ്ടായാൽ ടൂറിസം മേഖലയുടെ പതനം പൂർണമാകും.

കർഷകർ കയത്തിലാകും

അതുപോലെ ലോക്ക്ഡൗണിന്റെ ആഘാതം ഏറ്റവുമധികം അനുഭവിക്കുന്ന ഒരു വിഭാഗമാണ് കർഷകർ. ജില്ലയിലെ ചെറുകിട- ഇടത്തരം കർഷകർ ഇപ്പോൾ തന്നെ വലിയ പ്രതിസന്ധിയിലാണ്. കാർഷികാനുബന്ധ സാമഗ്രികൾ വില്പന നടത്തുന്ന കടകൾ ലോക്ഡൗണിനെ തുടർന്ന് അടച്ചാൽ കൃഷി ആവശ്യത്തിനുള്ള പല വസ്തുക്കളും കിട്ടില്ല. സമയബന്ധിതമായി ചെയ്തുതീർക്കേണ്ട കാർഷിക ജോലികൾ പലതും മുടങ്ങും. ഹൈറേഞ്ചിലെ ഏലത്തോട്ടത്തിലയടക്കം തൊഴിലാളികൾ തമിഴ്നാട് ഉൾപ്പെടെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ലോക്ക്ഡൗൺ വന്നാൽ തൊഴിലാളികൾക്ക് കൃഷിയിടങ്ങളിൽ എത്താനാകില്ല. ഇത് സ്ഥിതി കൂടുതൽ രൂക്ഷമാക്കും. അതുകൊണ്ട് അടച്ചുപൂട്ടലല്ലാതെ എന്ത് ബദൽ മാർഗം സ്വീകരിക്കാനാകുമെന്ന് എല്ലാവരും ആലോചിക്കേണ്ടതാണ്. നൂറു ശതമാനത്തിനടുത്തെത്തിയ വാക്‌സിനേഷൻ ആത്മവിശ്വാസം പകരുന്നുണ്ട്. പുതിയ വകഭേദത്തെ പ്രതിരോധിക്കുന്നതിനുള്ള വാക്‌സിൻ വൈകാതെ പുറത്തിറക്കുമെന്ന പ്രമുഖ ഉത്പാദകരുടെ പ്രഖ്യാപനവും ആശ്വാസകരമാണ്. അതിലുപരി അതീവ ജാഗ്രതയോടെ, പുതിയ ഭീഷണിയെയും അതിജീവിക്കാനുള്ള ഒത്തൊരുമിച്ച പ്രവർത്തനമാണ് തുടർന്നങ്ങോട്ട് ഉണ്ടാകേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IDUKKI DIARY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.