SignIn
Kerala Kaumudi Online
Friday, 19 April 2024 8.12 AM IST

ബോളിവുഡിനെ പിന്തള്ളി ദക്ഷിണേന്ത്യൻ കുതിപ്പ്

cinema

ഇന്ത്യൻ സിനിമാ ലോകവും ബോക്സ് ഓഫീസും എക്കാലവും ഭരിച്ചിരുന്നത് ബോളിവുഡ് സിനിമകളാണ്. അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഇപ്പോഴത്തെ കാര്യം. തെന്നിന്ത്യൻ സിനിമകൾക്ക് പ്രചാരം ഏറി വരികയാണ്. ബിഗ് ബജറ്റ് ചിത്രങ്ങളെല്ലാം ഇപ്പോൾ ബഹുഭാഷാ പതിപ്പുകളായാണ് റിലീസ് ചെയ്യുന്നത്. തെന്നിന്ത്യൻ സിനിമ സംവിധായകൻ എസ്.എസ്. രാജമൗലിയുടെ ബാഹുബലി, ഇന്ത്യൻ സിനിമാ ലോകത്തെ തന്നെ മാറ്റി എഴുതി എന്നുപറയാം. തെന്നിന്ത്യൻ ചിത്രങ്ങളിൽ പലതും മറ്റുഭാഷകളിൽ ഇറങ്ങിയിട്ടുണ്ടെങ്കിലും ബാഹുബലിക്ക് ലഭിച്ചത്രയും പ്രചാരണം മറ്റൊരു ചിത്രത്തിനും അതുവരെ ലഭിച്ചിരുന്നില്ല.

പുഷ്പ വമ്പൻ ഹിറ്റ്

സൂപ്പർ സ്റ്റാർ അല്ലു അർജുനെ കേന്ദ്ര കഥാപാത്രമാക്കി സുകുമാർ സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം ഡിസംബർ 17 ന് റിലീസ് ചെയ്ത പുഷ്പ, കൊവിഡ് കാലത്തിലെ പ്രതിസന്ധികളെല്ലാം മറികടന്ന് നേട്ടം കൊയ്തുകൊണ്ടിരിക്കുകയാണ്. തെലുങ്കിനൊപ്പം തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും പുറത്തിറങ്ങിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ റിലീസിന് വിതരണക്കാർ കാര്യമായ പ്രചരണം കൊടുത്തിരുന്നില്ലെങ്കിലും റിലീസ് ദിനത്തിൽ തന്നെ 3 കോടിയാണ് ചിത്രം നേടിയത്.

ട്രേഡ് റിപ്പോർട്ടുകൾ പ്രകാരം 'പുഷ്പ: ദി റൈസ്' ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് കളക്ഷൻ ഇതുവരെ 247 കോടി രൂപയാണ്.
ഇതോടെ, കളക്ഷന്റെ കാര്യത്തിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അഞ്ചാമത്തെ ചിത്രമായി മാറി.

അല്ലു അർജുനെ നായകനാക്കി ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത അല വൈകുണ്ഠപുരമുലൂ 2020 ൽ തിയേറ്ററുകളിലെത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രമാണ്. പുഷ്പ വൻ ഹിറ്റായതിനാൽ, അല വൈകുണ്ഠപുരമുലൂവിന്റെ ഹിന്ദി പതിപ്പ് ജനുവരി 26ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ നിർമ്മാതാക്കൾ പദ്ധതിയിട്ടിരിക്കുകയാണ്.

അതേസമയം, ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള ആദ്യ സൗത്ത് ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ് അല്ലു.

15.4 മില്ല്യൺ ഫോളോവേഴ്സാണ് അല്ലുവിനെ ഇൻസ്റ്റയിൽ പിന്തുടരുന്നത്.

ഈ വർഷത്തെ പ്രതീക്ഷകൾ

രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം 'ആർ.ആർ.ആർ' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. രാജമെമ്പാടും പ്രദർശനത്തിന് എത്തുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകൾക്ക് പുറമെ വിദേശ ഭാഷകളിലും റിലീസ് ചെയ്യും. റിലീസ് തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. റിലീസിന് മുമ്പ് തന്നെ കോടികൾ ചിത്രം സ്വന്തമാക്കിയിരുന്നു. 450 കോടി രൂപയിൽ ഒരുങ്ങിയ ചിത്രം ഡിജിറ്റൽ സാറ്റ്‌ലൈറ്റ് അവകാശത്തിലൂടെ ഇതിനോടകം 325 കോടി രൂപയാണ് സ്വന്തമാക്കിയത്. രാം ചരൺ, ജൂനിയർ എൻ.ടി.ആർ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ തുടങ്ങി ബോളിവുഡിലെയും ടോളിവുഡിലെയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.

ജയതീർത്ഥ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമായ ബനാറസാണ് റിലീസാകാനുള്ള മറ്റൊരു ചിത്രം. സെയിദ് ഖാൻ, സോണൽ മൊണ്ടേറോ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യുന്നതിനാൽ വൻ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷ.

സംവിധായകൻ മണിരത്നത്തിന്റെ സിനിമയായ 'പൊന്നിയൻ സെൽവൻ 1' പുറത്തിറങ്ങാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഐശ്വര്യ റായ്, വിക്രം, കാർത്തി, ജയം രവി, തൃഷ, മോഹൻ ബാബു, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.