SignIn
Kerala Kaumudi Online
Thursday, 25 April 2024 2.39 PM IST

ഫുൾ ചാർജ്ജാവാൻ ജില്ല: നാലിടങ്ങളിൽ പ്രധാന ചാർജ്ജിംഗ് സ്റ്റേഷനുകൾ; 70 പോൾ മൗണ്ടഡ് സ്‌റ്റേഷനും

ccc

മലപ്പുറം: ജില്ലയിൽ നാലിടങ്ങളിൽ കെ.എസ്.ഇ.ബിയുടെ ഇലക്ട്രിക് ചാർജ്ജിംഗ് സ്റ്റേഷനുകൾ ഉടൻ പ്രവർത്തനം തുടങ്ങും. മലപ്പുറം, വള്ളുവമ്പ്രം, പെരിന്തൽമണ്ണ, പൊന്നാനി എന്നിവിടങ്ങളിലെ സബ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. ഇതിൽ പൊന്നാനി ഒഴികെയുള്ള ഇടങ്ങളിൽ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. പൊന്നാനിയിലെ പ്രവൃത്തികളുടെ ടെൻഡർ നൽകിയതേയുള്ളൂ. ചാർജ്ജിംഗ് ഉപകരണം സ്ഥാപിക്കാനുള്ള ഫൗണ്ടേഷൻ, മുറ്റം ഇന്റർലോക്കിംഗ്, മതിൽ എന്നിവ കെ.എസ്.ഇ.ബി ഒരുക്കി നൽകണം. ചാർജ്ജിംഗ് മെഷീൻ സ്ഥാപിക്കാനുള്ള ടെൻഡർ സ്വകാര്യ കമ്പനിക്ക് നൽകിയിട്ടുണ്ട്. ഇവർ ഈ ആഴ്ച മെഷീൻ കൊണ്ടുവരും. വൈദ്യുതി വകുപ്പ് മന്ത്രിയുടെ സൗകര്യം കൂടി പരിഗണിച്ച് ജനുവരി അവസാനത്തിലോ, ഫെബ്രുവരി ആദ്യത്തിലോ ചാർജ്ജിഗ് സ്‌റ്റേഷന്റെ ഉദ്ഘാടനം നടത്താനാണ് നീക്കം. കഴിഞ്ഞ ഡിസംബറിൽ പ്രവ‌ർത്തനം തുടങ്ങാൻ ലക്ഷ്യമിട്ടെങ്കിലും കൊവിഡ് സാഹചര്യത്തിൽ നീണ്ടുപോയി.‌

എല്ലാം ആപ്പിലൂടെ

ഒരേസമയം നാല് വാഹനങ്ങൾ ചാർജ്ജ് ചെയ്യാനുള്ള സംവിധാനമുണ്ടാവും. കാറുകൾ 40 മിനിറ്റ് കൊണ്ട് ഫുൾ ചാർജ്ജാവും. വീടുകളിൽ എസി ചാർജ്ജിംഗ് രീതിയാണെങ്കിൽ ഇവിടെ ഡിസി ചാർജ്ജിംഗാണ്. വീടുകളിൽ എട്ട് മുതൽ ഒമ്പത് മണിക്കൂ‌ർ വരെ ചാർജ്ജിംഗിന് സമയമെടുക്കും. ചാർജ്ജിംഗ് സ്റ്റേഷനുകളിൽ ഒരു യൂണിറ്റിന് ടാക്സ് അടക്കം 16 രൂപ നൽകേണ്ടിവരും. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാവുന്ന ആപ്പ് ഉപയോഗിച്ച് ഓൺലൈനായി പണമടയ്ക്കാം. ചാർജ്ജിംഗ് സ്റ്റേഷനിൽ ജീവനക്കാർ ഉണ്ടാവില്ല. സംസ്ഥാനത്ത് 56 സ്ഥലങ്ങളിൽ ചാർജ്ജിംഗ് സ്റ്റേഷനുകൾ തുടങ്ങാനാണ് കെ.എസ്.ഇ.ബിയുടെ പദ്ധതി. ഇതിൽ ആറിടങ്ങളിൽ ചാർജ്ജിംഗ് സ്റ്റേഷനുകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് നല്ലളം, കണ്ണൂർ ചൊവ്വ, തൃശൂർ വിയ്യൂർ, കൊല്ലം ഓലയിൽ, തിരുവനന്തപുരം വൈദ്യുതി ഭവൻ, എറണാകുളം എന്നിവിടങ്ങളിലാണിത്. ഇത് കൂടാതെ 30 സ്റ്റേഷനുകളുടെ പ്രവൃത്തിയാണിപ്പോൾ പുരോഗമിക്കുന്നത്.


70 ഇടങ്ങളിൽ പോൾ മൗണ്ടഡ് സ്‌റ്റേഷൻ
ഇലക്ട്രിക് പോസ്റ്റിൽ ചാർജ്ജർ സ്ഥാപിക്കുന്ന പോൾ മൗണ്ടഡ് സ്റ്റേഷനുകൾ ജില്ലയിൽ 70 ഇടങ്ങളിൽ തുടങ്ങും. ടുവീലർ, ത്രീവീലർ വാഹനങ്ങൾക്ക് ചാർജ്ജ് ചെയ്യാനാവും. വലിയ വാഹനങ്ങൾക്ക് പറ്റില്ല. ജില്ലയിൽ ഓരോ നിയോജക മണ്ഡലത്തിലും അഞ്ച് സ്ഥലങ്ങളിലാണ് പോൾ മൗണ്ടഡ് സ്‌റ്റേഷൻ സ്ഥാപിക്കുക.

ചാർജ്ജിംഗ് സ്റ്റേഷനുകൾ വരുന്നതോടെ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ ആശങ്ക കുറയും. മലപ്പുറം മുണ്ടുപറമ്പിലെ ചാർജ്ജിംഗ് സ്റ്റേഷന്റെ സിവിൽ പ്രവൃത്തികൾ ഏതാണ്ട് പൂർത്തിയായിട്ടുണ്ട്.

അനീഷ് പാറക്കാടൻ,​ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ,​ മലപ്പുറം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, ELECTRIC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.