നെടുമങ്ങാട്: എക്സൈസ് നടത്തിയ പരിശോധനയിൽ കല്ലറ വെള്ളംകുടിയിൻ - തണ്ണിയത്ത് ആളൊഴിഞ്ഞ വീട്ടിൽ 1.560 കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ചതിന് യുവാവ് പിടിയിലായി. മിതൃമ്മല മഠത്തുവാതുക്കൽ കുന്നുംപുറത്തുവീട്ടിൽ കണ്ണൻ എന്നു വിളിക്കുന്ന അനന്തകൃഷ്ണനെയാണ് (24) അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതിയായ വിഷ്ണുരാജ് ഓടി രക്ഷപ്പെട്ടു.
വിഷ്ണുരാജ് അന്യ സംസ്ഥാനത്തു നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവന്നതിന് തൃശൂർ ഡിവിഷനിൽ എൻ.ടി.പി.എസ് കേസിൽ ഉൾപ്പെട്ട പ്രതിയാണ്. പ്രതികൾ കല്ലറ, പാങ്ങോട്, ഭരതന്നൂർ എന്നീ സ്ഥലങ്ങളിലെ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും ചെറുപ്പക്കാർക്കും വിവിധ പൊതികളാക്കി കഞ്ചാവ് വില്പന നടത്തിയിട്ടുണ്ട്.
നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായ ബി.ആർ. സുരൂപിന്റെയും എക്സൈസ് കമ്മീഷണറുടെ തെക്കൻ മേഖല സ്ക്വാഡിന്റെ തലവനായ ആർ. രാജേഷിന്റെയും നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർമാരായ എസ്.ബി. ആദർശ്, മോഹൻകുമാർ, പ്രിവന്റീവ് ഓഫീസർമാരായ നാസറുദ്ദീൻ, പി.ഡി പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ നജ്മുദ്ദീൻ, ഷജീർ, ശ്രീകാന്ത്, മുഹമ്മദ് മിലാദ്, ശ്രീകേഷ്, സജിത്ത്, ഹാഷിം, അൻസർ, വനിത സിവിൽ എക്സൈസ് ഓഫീസർ മഞ്ജുഷ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.