തിരുവനന്തപുരം: വഴുതയ്ക്കാട്ടെ വനം ആസ്ഥാന ഓഫീസിലെ നിരവധി ജീവനക്കാർക്കും കഴിഞ്ഞയാഴ്ച തലസ്ഥാനത്ത് നടന്ന വനം കായിമേളയിൽ പങ്കെടുത്ത പലർക്കും കൊവിഡ് സ്ഥിരീകരിച്ചു. ആസ്ഥാന ഓഫീസിലെ കൊവിഡ് വ്യാപനത്തെ തുടർന്ന് ജീവനക്കാർക്കായി മാർഗനിർദ്ദേശം പുറപ്പെടുവിച്ചു. 1200 പേരാണ് മൂന്നുദിവസം നീണ്ടുനിന്ന വനംകായികമേളയിൽ പങ്കെടുത്തത്. ഇതിൽ ഡോർമെറ്ററി താമസസൗകര്യം ഉപയോഗിച്ചവരിലാണ് ഏറെയും രോഗബാധ ഉണ്ടായത്. രോഗവ്യാപനം ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ മേള മാറ്റിവയ്ക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും മുഖവിലയ്ക്കെടുത്തില്ല. വനം മന്ത്രിയുടെ ഓഫീസിലെ ചിലർക്കും രോഗം സ്ഥിരീകരിച്ചു.