ചേർത്തല : കഞ്ഞിക്കുഴി പഞ്ചായത്തിലെ കുടുംബങ്ങൾക്ക് ആവശ്യമായ പച്ചക്കറി തദ്ദേശീയമായി കൃഷി ചെയ്യുന്നതിന് ജനകീയ ജൈവ ഹരിത സമൃദ്ധി പദ്ധതിയുമായി ഗ്രാമ പഞ്ചായത്ത് അധികൃതർ. അഞ്ചര ലക്ഷം പച്ചക്കറി തൈകളാണ് ഇതിനായി തയ്യാറായിട്ടുള്ളത്.
പഞ്ചായത്തിലെ ഒൻപതിനായിരം കുടുംബങ്ങൾക്ക് ഇവ സൗജന്യമായി വീടുകളിലെത്തിച്ചു നൽകും. പാവൽ,പടവലം പയർ, വെണ്ട, പീച്ചിൽ എന്നീ അഞ്ച് ഇനങ്ങളുടെ തൈകളാണ് നൽകുക.18 വാർഡുകളിലും പ്രത്യേകം തയ്യാറാക്കിയ മഴമറയ്ക്കകത്താണ് തൈകൾ വളരുന്നത്.
ഇതിനാവശ്യമായ നടീൽ വസ്തുക്കൾ പഞ്ചായത്ത് വാങ്ങി നൽകിയിരുന്നു. കുടുംബശ്രീയുടെ നേതൃത്വത്തിൽ രൂപീകരിച്ച അഞ്ചംഗ തൈ ഉത്പാദക യൂണിറ്റുകൾക്കാണ് തൈകൾ തയ്യാറാക്കിയത്. ഇവർക്കാവശ്യമായ പരിശീലനവും നൽകിയിരുന്നു. ഗുണമേന്മയേറിയ ഹൈബ്രീഡ് വിത്തുകളും പരമ്പരാഗത വിത്തുകളുമാണ് നൽകിയത്. ഓരോ വാർഡിലും വിപുലമായ ജനകീയ കാമ്പയിൻ ഒരുക്കിയാണ് ഹരിത സമൃദ്ധി പദ്ധതിയുടെ നടത്തിപ്പ്. കൃഷിഭവന്റെ നേതൃത്വത്തിൽ നിർദ്ദേശങ്ങളും സഹായങ്ങളും നൽകുന്നുണ്ട്.
പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.നാസർ നിർവഹിച്ചു. എസ്.രാധാകൃഷ്ണൻ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. വി.ഉത്തമൻ,എസ്.ഹെബിൻദാസ്, പി.എസ്.ശ്രീലത,ജി.ഉദയപ്പൻ, ലജിത തിലകൻ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് എം.സന്തോഷ് കുമാർ സ്വാഗതവും കൃഷി അസിസ്റ്റന്റ് വി.ടി.സുരേഷ് നന്ദിയും പറഞ്ഞു.
7.5 : പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽ നിന്ന് ഏഴര ലക്ഷം രൂപയാണ് ജനകീയ ജൈവ ഹരിത സമൃദ്ധി പദ്ധതിക്കായി ചിലവഴിക്കുന്നത്.
ജനകീയ ജൈവ ഹരിത സമൃദ്ധി പദ്ധതി
1.പ്രത്യേകം തയ്യാറാക്കിയ മഴ മറയ്ക്കകത്താണ് തൈകൾ വളരുന്നത്
2.അയൽക്കൂട്ട സമിതികൾ ഒറ്റദിവസം എല്ലാ വീടുകളിലും തൈകൾ എത്തിക്കും
3.ഒരേ സമയം തൈകൾ വീടുകളിൽ നടുകയും പരിപാലിക്കുകയും ചെയ്യും
4.വിപണിയൊരുക്കുന്നതിന് പ്രത്യക പദ്ധതിയും പഞ്ചായത്ത് ഒരുക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |