SignIn
Kerala Kaumudi Online
Saturday, 20 April 2024 8.44 AM IST

ഇവർക്കും ജീവിക്കണം സ്വന്തം മണ്ണിൽ

photo

ട്രാൻസ്ജെൻഡർ ജനങ്ങൾ ലൈംഗിക ന്യൂനപക്ഷത്തിലെ അതിസൂക്ഷ്മ വിഭാഗമാണ്. ചരിത്രത്തിൽ ദേശ-കാല-വംശ വ്യത്യാസമില്ലാതെ ട്രാൻസ്ജെൻഡർ സാന്നിദ്ധ്യമുണ്ടായിട്ടുണ്ട്. അവരെക്കുറിച്ച് നല്ലതും ചീത്തയുമായ മിത്തുകളുമുണ്ട്. സാമൂഹ്യമായി അദൃശ്യരാക്കപ്പെട്ടുപ്പോയ മനുഷ്യരാണവരെന്ന് അംഗീകരിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ടെങ്കിലും, പൊതുസമൂഹത്തിന്റെ വെറുപ്പും വിവേചനവും നിറഞ്ഞ മനോഭാവം ഇപ്പോഴും നിലനില്‌ക്കുന്നു.


ആരാണ് ട്രാൻസ്ജെൻഡർ?
ട്രാൻസ്‌ജെൻഡർ എന്നാൽ ജെൻഡർ മാറിയ ആളെന്നാണ്. ഒരാൾ ജനിക്കുമ്പോൾ തന്നെ തിരിച്ചറിയുന്ന ആണോ പെണ്ണോയെന്ന ശാരീരികാവസ്ഥയാണ് ലിംഗം (Sex). ഓരോ ലിംഗത്തിനും അനുയോജ്യമായതെന്നു സമൂഹം കരുതുന്ന സ്വഭാവങ്ങളുടെയും പെരുമാറ്റരീതികളുടെയും ആകെത്തുകയാണ് ജെൻഡർ. ആൺലിംഗവും പെൺലിംഗവുമുള്ളതു പോലെ ആൺജെൻഡറും പെൺജെൻഡറുമുണ്ട്. ലിംഗം നിർണയിക്കുന്നതിൽ സംസ്‌കാര വ്യത്യാസമില്ല. പക്ഷേ, ജെൻഡർ മാനദണ്ഡങ്ങൾ പല സംസ്‌കാരങ്ങളിൽ പല പ്രകാരത്തിലാകും. സാധാരണ, സമൂഹം തന്നിൽനിന്നും പ്രതീക്ഷിക്കുന്ന ജെൻഡറിനെപ്പറ്റി ഓരോ വ്യക്തിക്കും ബോധമുണ്ടാകും. ഇതാണയാളുടെ ജെൻഡർ സ്വത്വം. ആന്തരികമായതിനാൽ, ഒരാളുടെ ജെൻഡർ സ്വത്വരൂപീകരണം മറ്റുള്ളവർക്ക് തിരിച്ചറിയാനാവില്ലെങ്കിലും, വസ്ത്രം, പെരുമാറ്റം, ആശയവിനിമയ രീതി എന്നിവയിലൂടെയുള്ള ബാഹ്യമായ ജെൻഡർ ആവിഷ്‌കാരം മനസിലാക്കാൻ കഴിയും. ലിംഗാവസ്ഥയ്ക്കനുസരിച്ച് സമൂഹം തന്നിൽനിന്നും പ്രതീക്ഷിക്കുന്ന ജെൻഡർ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നയാളിനെ സിസ്ജൻഡർ (cisgender)എന്നു വിളിക്കുന്നു. അങ്ങനെയല്ലാത്തവരാണ് ട്രാൻസ്‌ജെൻഡർമാർ. പുരുഷശരീരത്തിൽ സ്ത്രീമനസും സ്ത്രീശരീരത്തിൽ പുരുഷ മനസുമുള്ള വ്യക്തികളാണ് അവരെന്ന് പറയാം.


ട്രാൻസ്ജെൻഡറിസം
സമൂഹമേൽപ്പിക്കുന്ന ജെൻഡർ നിരാകരിച്ച് വേറൊരു ജെൻഡർ സ്വത്വം രൂപീകരിക്കുന്നതാണ് ട്രാൻസ്ജെൻഡറിസം. ചികിത്സിച്ചു ഭേദപ്പെടുത്തേണ്ട ഒരു പ്രശ്നമായിട്ടാണ് ട്രാൻസ്ജെൻഡറിസത്തെ കരുതിയത്. ജെൻഡർ പൊരുത്തമില്ലായ്മയുടെ കാരണങ്ങൾ ഇനിയും കണ്ടെത്തിയിട്ടില്ലെങ്കിലും രോഗാവസ്ഥയായോ ആർജ്ജിത സ്വഭാവമായോ കരുതുന്നില്ല. ജെൻഡർ സ്വത്വ തകരാറെന്ന പേര് ജെൻഡർ ഡിസ്‌ഫോറിയ എന്നാക്കി മാറ്റിയെങ്കിലും ലോകാരോഗ്യ സംഘടന ജെൻഡർ പൊരുത്തമില്ലായ്മ എന്ന പദമാണ് ഇപ്പോൾ പരിഗണിക്കുന്നത്. ട്രാൻസ്ജെൻഡറിസം തീവ്രമാകുമ്പോൾ ചിലർ വിഷാദികളാകുന്നു. ജെൻഡർ സ്വത്വത്തിന് ചേരുംവിധം ലൈംഗികാവയവങ്ങൾ മാറ്റാനാഗ്രഹിച്ച് ലിംഗമാറ്റ ശസ്ത്രക്രിയയിലും ഹോർമോൺ തെറാപ്പിയിലും അവർ അഭയം തേടുന്നു.
ഐക്യരാഷ്ട്ര സംഘടനയുടെ ജെൻഡർ സ്വത്വാവകാശമെന്ന നിലപാടിന് അംഗീകാരം ലഭിക്കുന്നതിലൂടെ ട്രാൻസ്ജെൻഡറുകൾക്ക് പൊതുസമൂഹത്തിൽ ജീവിക്കാനും അവകാശങ്ങൾക്കും അർഹതയുണ്ട്.

മുപ്പതോളം രാജ്യങ്ങൾ ട്രാൻസ്ജെൻഡർ നിയമങ്ങൾ ആവിഷ്‌ക്കരിച്ചു നടപ്പാക്കിക്കഴിഞ്ഞു. ഹിജഡകൾ, കോത്തികൾ, തമിഴ്നാട്ടിലെ തിരുനങ്കൈമാർ, ദില്ലിയിലെ കിന്നരർ, മഹാരാഷ്ട്ര -കർണാടക പ്രദേശങ്ങളിലെ ജോഗ്ത അഥവാ ജോഗപ്പ, ശിവശക്തി എന്നിവയാണ് ഇന്ത്യൻ ട്രാൻസ്ജൻഡർ സമൂഹത്തിലെ മുഖ്യവിഭാഗങ്ങൾ. പാർശ്വവത്‌കൃതരായ ഇവർ ഉപജീവനത്തിന് ലൈംഗികത്തൊഴിലും ഭിക്ഷാടനവും തിരഞ്ഞെടുക്കാൻ നിർബന്ധിതരായി. ചിലയിടങ്ങളിൽ, മംഗള കർമ്മാവസരങ്ങളിൽ ഇവരുടെ സാന്നിദ്ധ്യം അനുഗ്രഹകരമായും കരുതുന്നുണ്ട്. പുരാണങ്ങളിലും ക്ഷേത്രശില്പകലയിലും മതഗ്രന്ഥങ്ങളിലും ഇവരെക്കുറിച്ചുള്ള കഥകളും പരാമർശങ്ങളുമുണ്ട്. ഇന്ത്യയുടെ എല്ലാ ട്രാൻസ്ജെൻഡറുകളുടെ സാന്നിദ്ധ്യമുണ്ട്. സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ ഇക്കൂട്ടത്തിൽപ്പെടുന്നു. ജനസംഖ്യ ഔദ്യോഗികമായി 4.88 ലക്ഷമാണെങ്കിലും 20 ലക്ഷമെങ്കിലും വരും. സുപ്രീംകോടതിയുടെ 2014 ഏപ്രിൽ 15ന്റെ ചരിത്രപ്രധാനമായ വിധിയാണ് ഇന്ത്യയിലെ ട്രാൻസ്ജൻഡറുകളുടെ ലൈംഗിക സ്വത്വത്തിന് ഇദംപ്രഥമമായി നിയമപ്രാബല്യം നൽകിയത്. ഇതൊക്കെയാണെങ്കിലും, ട്രാൻസ്‌ജെൻഡർ ജനവിഭാഗം ഇപ്പോഴും കടുത്ത അവഗണനയും ആക്രമണങ്ങളുമാണ് ഇന്ത്യയിൽ എല്ലാ മേഖലകളിലും നേരിടുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതുകൊണ്ട് നാവികസേനയിലെ ജോലിനഷ്ടപ്പെട്ട മനീഷ് ഗിരിയും തമിഴിനാട് പൊലീസിൽ സബ് ഇൻസ്‌പെക്ടറാകാൻ വലിയ നിയമപോരാട്ടം നടത്തേണ്ടിവന്ന പ്രീതികാ യാഷ്നിയും നിയമയുദ്ധത്തിലൂടെ പ്രിൻസിപ്പലായെങ്കിലും അധികൃതരുടെയും സഹപ്രവർത്തകരുടെയും വിവേചനം മടുത്തു രാജിവയ്‌ക്കേണ്ടി വന്ന മനാബി ബന്ദോപാധ്യായ എന്ന പശ്ചിമ ബംഗാൾ കോളേജ് അധ്യാപികയുമൊക്കെ ഈ ദുരവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്.


ട്രാൻസ്ജെൻഡറുകൾ കേരളത്തിൽ
കേരളത്തിൽ നാല്പതിനായിരത്തിലേറെ ട്രാൻസ്‌ജെൻഡർമാരുണ്ടെന്നാണ് കണക്കാക്കുന്നത്. അവരിൽ നല്ലൊരുപങ്കും സിനിമ, ടി.വി ചാനലുകൾ, കലാസംഘങ്ങൾ എന്നിവയിൽ പ്രവർത്തിക്കുന്നു. കേരള കേന്ദ്രസർവകലാശാലയിലെ എം.എസ്. അനീഷിന്റെ പഠനം, ജെറീനയുടെ 'ഒരു മലയാളി ഹിജഡയുടെ ആത്മകഥ, തിലകൻ അഭിനയിച്ച 'അർദ്ധനാരി' ചലച്ചിത്രവുമൊക്കെ ട്രാൻസ്ജെൻഡർ ജീവിതത്തിന്റെ യാഥാർത്ഥ്യം തുറന്നുകാട്ടുന്നു. ട്രാൻസ്ജെൻഡറുകളെ പിന്തുണയ്ക്കുന്ന നിരവധി സാമൂഹ്യ ഇടപെടലുകളുമുണ്ടായി. മുമ്പ്, കേരളത്തിലെ ട്രാൻസ്ജെൻഡറുകളിൽ അധികവും മറുനാടുകളിലേക്കു പലായനം ചെയ്യുകയായിരുന്നു. പക്ഷേ, സുപ്രീംകോടതി വിധിയും സംസ്ഥാന ട്രാൻസ്‌ജെൻഡർ നയവും ഈ ദുരവസ്ഥയ്‌ക്കു മാറ്റം വരുത്തിയിട്ടുണ്ട്. ജനിച്ച മണ്ണിൽ സ്വന്തം ജെൻഡർ സ്വത്വം നിർഭയം ആവിഷ്‌കരിക്കാൻ കഴിയുന്ന അവസ്ഥയിലേക്ക് അത് വളരണം.
പൊതുതിരഞ്ഞെടുപ്പുകളിൽ ട്രാൻസ്‌ജെൻഡർമാർ പങ്കെടുത്തു തുടങ്ങി. സർവകലാശാലകൾ ട്രാൻസ്‌ജെൻഡർ നയം പ്രഖ്യാപിച്ചു. പ്രൈഡ് മാർച്ചുകളും ട്രാൻസ്‌ജെൻഡർ ഫാഷൻ പരേഡുകളും അരങ്ങേറുന്നു. സംസ്ഥാന-ജില്ലാതലങ്ങളിൽ ട്രാൻസ്‌ജെൻഡർ കൂട്ടായ്മകൾ പ്രവർത്തിച്ചു വരുന്നു. മുഖ്യമന്ത്രിയും സാമൂഹ്യനീതിവകുപ്പു മന്ത്രിയും വിവിധ വകുപ്പു സെക്രട്ടറിമാരും അഞ്ച് ട്രാൻസ്‌ജെൻഡർ പ്രതിനിധികളും ഒരു സന്നദ്ധ സംഘടനാ പ്രതിനിധിയുമടങ്ങിയ ഒരു ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് നിലവിൽവന്നു. രാഷ്ട്രീയ പാർട്ടികളും പോഷക സംഘടനകളും ട്രാൻസ്ജെൻഡറുകളെ സർവാത്മനാ സ്വീകരിക്കുന്നു. ട്രാൻസ്ജെൻഡർ പ്രശ്നങ്ങൾക്കുള്ള പരിഹാരം തിരഞ്ഞെടുപ്പ് പ്രകടനപത്രികകളിൽ വാഗ്ദാനമാകുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് കേരളത്തിൽ അവരുടെ സാമൂഹ്യമായ സ്വീകാര്യത കൂടിയെന്നു തന്നെയാണ്. കേരള സാക്ഷരതാ സമിതി ട്രാൻസ്‌ജെൻഡറുകൾക്ക് തുല്യതാപരീക്ഷയുടെ അവസരമൊരുക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രികളിൽ ട്രാൻസ്ജെൻഡറുകൾക്കു വേണ്ടിയുള്ള ടി.ജി ക്ലിനിക് പ്രവർത്തിക്കുന്നു.

2017 ഏപ്രിൽ രാജ്യത്തെ ആദ്യത്തെ ട്രാൻസ്ജൻഡർ അത‌്ലറ്റിക് മത്സരം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്നു. ട്രാൻസ്ജെൻഡറുകൾക്കിടയിൽ നിന്നും മോഡലിംഗ്, സിനിമ, ഐ.ടി, വിദ്യാഭ്യാസം,
സാഹിത്യം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയ വ്യക്തിത്വങ്ങൾ ഉയർന്നു വന്നിരിക്കുന്നു. അപമാനമുദ്ര, ലൈംഗികചൂഷണം, വിവേചനം, വിദ്യാഭ്യാസമില്ലായ്മ, പൊതു ആരോഗ്യ പരിരക്ഷകളുടെ ലഭ്യതയില്ലായ്മ, തൊഴിലവസരങ്ങളുടെ കുറവ്, സർക്കാർ പ്രമാണരേഖകളുടെ വിതണത്തിലുള്ള പ്രശ്നങ്ങൾ തുടങ്ങിയവ ഇപ്പോഴും ട്രാൻസ്ജെൻഡർ വിഭാഗത്തെ വേട്ടയാടുന്നു. പ്രതികൂലമോ ഉദാസീനമോ ആയ ഉദ്യോഗസ്ഥവൃന്ദം ഇപ്പോഴും അവരുടെ അവകാശങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽ തടസമുണ്ടാക്കുന്നു.

രാജ്യമാകെ ബാധകമായ ഒരു ട്രാൻസ്ജെൻഡർ/ലൈംഗിക ന്യൂനപക്ഷ അവകാശ നിയമവും ഒരു നയവും ഉണ്ടാകേണ്ടതുണ്ട്. മനുഷ്യാവകാശങ്ങളുടെയും പൗരാവകാശങ്ങളുടെയും പിൻബലത്തിൽ സാമൂഹ്യ ദൃശ്യതയും അധികാര പങ്കാളിത്തവും ഉറപ്പാക്കുകയാണ് ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ അടിയന്തരാവശ്യം. ലൈംഗികതൊഴിലിൽ നിന്നും യാചകത്വത്തിൽ നിന്നും സ്വയം വിമോചിപ്പിച്ച് വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും സ്വാഭിമാന ജീവിതത്തിലേക്ക് മുന്നേറാൻ അവർക്ക് പൊതുസമൂഹത്തിന്റെ മനുഷ്യത്വപരമായ പിന്തുണ ആവശ്യമാണ്. സമൂഹത്തിന്റെ പൊസിറ്റീവായ ഒരു മനോഭാവമാറ്റത്തിലൂടെയേ അത് സാദ്ധ്യമാകൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TRANSGENDER
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.