പതിനഞ്ചാം വയസിലാണ് തൃശൂർ സ്വദേശി ഗീത സലീഷിന് കാഴ്ച നഷ്ടപ്പെടുന്നത്. എന്നാൽ ഇതൊന്നും അവളുടെ ലക്ഷ്യങ്ങൾ നേടുന്നതിന് തടസമായില്ല. കുഞ്ഞിലേ മുതൽ പഠിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഗീത ബ്രെയിൽ ലിപിയിലൂടെ പഠിച്ച് ബിരുദം നേടി. സ്വന്തമായി എന്തെങ്കിലും സംരംഭം തുടങ്ങണമെന്ന് ആഗ്രഹിച്ച ഗീത 2020ലാണ് ഭർത്താവ് സലീഷ് കുമാറിനൊപ്പം 'ഗീതാസ് ഹോം ടു ഹോം' എന്ന ഓൺലൈൻ സംരംഭം ആരംഭിച്ചത്.
ഇപ്പോൾ തന്റെ 39 ാം വയസിൽ നെയ്യ്, അച്ചാറുകൾ തുടങ്ങി വീട്ടിൽ തന്നെയുണ്ടാക്കുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങളും മഞ്ഞൾ കൊണ്ട് നിർമിച്ച സൂപ്പർഫുഡ് സപ്ലിമെന്റും വിൽക്കുന്ന ഓൺലൈൻ ബിസിനസ് വിജയകരമായി നടത്തിവരികയാണ്. എല്ലാത്തിനും ഗീതയ്ക്ക് പൂർണ പിന്തുണ നൽകുന്നത് ഭർത്താവും മക്കളുമാണ്. ദി ബെറ്റർ ഇന്ത്യ എന്ന പോർട്ടലിനു നൽകിയ അഭിമുഖത്തിലാണ് ഗീത ബിസിനസിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ നൽകിയത്.
ബിസിനസിലേയ്ക്കുള്ള തുടക്കം
കുറച്ച് വർഷങ്ങൾക്കു മുമ്പ് ഗീതയും ഭർത്താവും ചേർന്ന് തൃശൂരിൽ ഒരു റസ്റ്റോറന്റ് നടത്തിയിരുന്നതിനാൽ ബിസിനസ് എന്നത് ഗീതയ്ക്ക് ഒരു പുതിയ അനുഭവമായിരുന്നില്ല. ജൈവപച്ചക്കറികളും വീട്ടിൽ തന്നെയുണ്ടാക്കുന്ന ചേരുവകളും ചേർത്തായിരുന്നു ആ റസ്റ്റോറന്റിൽ ഭക്ഷണമുണ്ടാക്കിയിരുന്നത്. നിർഭാഗ്യവശാൽ വാടകയ്ക്കെടുത്ത സ്ഥലം നഷ്ടപ്പെട്ടപ്പോൾ അവർക്കത് അടച്ചുപൂട്ടേണ്ടി വന്നു. എന്നാൽ റസ്റ്റോറന്റിലെ അനുഭവമാണ് ഒരു ഓൺലൈൻ സംരംഭം തുടങ്ങാൻ ഗീതയ്ക്ക് ആത്മവിശ്വാസം നൽകിയത്.
പൂർണ പിന്തുണ
മെഡിക്കൽ റെപ്രസന്റേറ്റീവും വിതരണക്കാരമുമായ ഭർത്താവ് സലീഷാണ് ഗീതയ്ക്ക് ഓൺലൈൻ ബിസിനസ് തുടങ്ങാനുള്ള പ്രോത്സാഹനം നൽകിയത്. ലോക്ഡൗൺ സമയത്താണ് ഗീത ഓൺലൈൻ ബിസിനസ് ആരംഭിക്കുന്നത്. വീട്ടിൽ തന്നെയുണ്ടാക്കിയ നെയ്യ്, അച്ചാറുകൾ തുടങ്ങിയ കുറച്ച് ഉൽപ്പന്നങ്ങളാണ് ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ ഓൺലൈനിലൂടെ വിൽപ്പന ആരംഭിച്ചത്. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയാണ് അവർ ഉൽപ്പന്നങ്ങൾക്ക് പ്രചാരം നൽകിയിരുന്നത്. 'കുർകു മീൽ' എന്ന പ്രത്യേക ഉൽപ്പന്നവും ഗീത വിപണിയിൽ കൊണ്ടുവന്നു. ഇപ്പോൾ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളതും ഈ ഉൽപ്പന്നത്തിനാണ്.
എന്താണ് 'കുർകു മീൽ'
മൂന്നു വർഷത്തെ ഗവേഷണത്തിനു ശേഷമാണ് ഗീത ഈ ഉൽപ്പന്നം വികസിപ്പിച്ചെടുത്തത്. സാധാരണയായി പ്രസവശേഷം സ്ത്രീകൾക്ക് മഞ്ഞൾ നൽകാറുണ്ട്. ഇതിനെ കുറച്ചുകൂടെ മെച്ചപ്പെടുത്തി മഞ്ഞൾ, ഈന്തപ്പഴം, ബദാം, തേങ്ങാപ്പാൽ, ശർക്കര എന്നിവ ചേർത്താണ് കുർക്കു മീൽ ഉണ്ടാക്കിയിരിക്കുന്നത്. മഞ്ഞളിലെ ബയോ ആക്റ്റീവ് സംയുക്തമാണ് കുർക്കുമിൻ, അതിന്റെ എല്ലാ ഗുണങ്ങളും അടങ്ങിയിട്ടുളളതിനാലാണ് ഈ പേര് നൽകിയിരിക്കുന്നത്. നിലവിൽ രാജ്യത്തുടനീളം ആയിരക്കണക്കിന് ആളുകളാണ് കുർകു മീൽ വാങ്ങുന്നത്. 500 ഗ്രാം ബോട്ടിലിന് 600രൂപയാണ് വില.