കൊച്ചി: നിക്ഷേപ സേവന ദാതാക്കളായ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ജോൺസ് ജോർജിനെ നിയമിച്ചു. കമ്പനിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സി.ജെ. ജോർജിന്റെ മകനാണ് ജോൺസ്.
ലണ്ടൻ സ്‌കൂൾ ഒഫ് ഇകണോമിക്‌സ്, ആസ്‌ട്രേലിയൻ ഗ്രാജ്വേറ്റ് സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് എന്നിവിടങ്ങളിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ജോൺസ് 2013 ലാണ് ജിയോജിത്തിൽ ചേർന്നത്. ചീഫ് ഡിജിറ്റൽ ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വിവിധ മേഖലകളിലെ വിദഗ്ദ്ധരെ കമ്പനി ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റും കമ്പനി സെക്രട്ടറിയുമായ എം.പി. വിജയ്‌കുമാറിനേയും ഗവേഷകനായ പ്രൊഫ. സെബാസ്റ്റ്യൻ മോറിസിനേയും സ്വതന്ത്ര ഡയറക്ടർമാരായി നിയമിച്ചിരുന്നു.