SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.21 PM IST

പൊലീസിനെ നന്നാക്കാൻ നീതിപീഠം

high-court

സർക്കാർ എത്ര ശ്രമിച്ചിട്ടും നന്നാവാതെ, കാക്കിയുടെ ബലത്തിൽ ജനങ്ങളെ തല്ലിച്ചതച്ചും ഇടിച്ചുപിഴിഞ്ഞും അസഭ്യം വിളിച്ചും കൈക്കരുത്ത് കാട്ടുന്ന പൊലീസിനെ നന്നാക്കാൻ ഹൈക്കോടതിയും ശ്രമിക്കുകയാണ്. തെറ്റു ചെയ്യുന്ന പൊലീസുകാരെ സർക്കാർ സംരക്ഷിക്കില്ലെന്നു വന്നാൽ അവർ നേരെയാകുമെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. കൊച്ചിയിൽ ചെരിപ്പു വ്യാപാരം നടത്തുന്ന ഡൽഹി സ്വദേശിനിയുടെ രണ്ട് പെൺമക്കളെ കാണാതായ സംഭവത്തിൽ അവരുടെ ആൺമക്കളെ പീഡനക്കേസിൽ നിന്ന് ഒഴിവാക്കാൻ പൊലീസ് അഞ്ചുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന വാർത്തയെത്തുടർന്ന് സ്വമേധയാ എടുത്ത ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം. പൊലീസിൽ ഭൂരിപക്ഷവും നല്ലവരാണ്. ചുരുക്കം ചിലരുടെ പ്രവൃത്തി അവർക്കും ചീത്തപ്പേരുണ്ടാക്കും. സമൂഹത്തിന് സംസ്കാരവും സത്യസന്ധതയും ഉത്തരവാദിത്വവുമുള്ള ആധുനിക പൊലീസിനെയാണ് ആവശ്യമെന്നും കാര്യം പറഞ്ഞാൽ മാത്രം പൊലീസ് തെറ്റുതിരുത്തില്ലെന്നും ഹൈക്കോടതി പറഞ്ഞു.

അഞ്ചുലക്ഷം രൂപ കൈക്കൂലി ചോദിച്ചെന്ന അമ്മയുടെ മൊഴിയല്ലാതെ മറ്റു തെളിവുകൾ ഇല്ലെന്ന് സർക്കാർ വാദിച്ചപ്പോൾ ഇത്തരം സംഭവങ്ങളിൽ സി.സി.ടി.വി തെളിവുകൾ ഉണ്ടാവുമോയെന്നായിരുന്നു കോടതിയുടെ ചോദ്യം. അടുത്ത കാലത്തായി പൊലീസിൽ നടക്കുന്ന തെറ്റായ രീതിയെ തുറന്നുകാട്ടുകയാണ് ഹൈക്കോടതി ചെയ്തത്. എത്ര ഗുരുതരമായ തെറ്റു ചെയ്താലും സ്ഥലംമാറ്റം, നല്ലനടപ്പ് എന്നിങ്ങനെയാണ് പൊലീസ് ഉന്നതർ വിധിക്കുന്ന ശിക്ഷ. ജനങ്ങളോട് മാന്യമായി പെരുമാറിയില്ലെങ്കിൽ തൊപ്പി തെറിക്കുമെന്ന നിലയിലുള്ള മുഖ്യമന്ത്രിയുടെ മുന്നറിയിപ്പുകളൊന്നും പൊലീസ് സേന കേട്ടമട്ടില്ല. ഫോൺമോഷണം ആരോപിച്ച് മൂന്നാംക്ലാസുകാരിയെ നടുറോഡിൽ പരസ്യവിചാരണ നടത്തിയാലും 15 ദിവസത്തെ നല്ലനടപ്പ് മാത്രമേ ശിക്ഷയുള്ളൂവെന്ന തെറ്റായ സന്ദേശമാണ് സേനയ്ക്ക് ഉന്നതരും നൽകുന്നത്. നല്ല നടപ്പെന്നാൽ പ്രത്യേകിച്ച് ഒന്നുമില്ലെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. അതിരുവിട്ട പെരുമാറ്റത്തിനെതിരെ ഹൈക്കോടതി പലവട്ടം രൂക്ഷമായി വിമ‌ർശിച്ചതോടെ, ജനങ്ങളോട് വിനയത്തോടും മാന്യമായും മാത്രമേ പെരുമാറാവൂ എന്ന് സർക്കുലർ പുറപ്പെടുവിച്ച് ഡി.ജി.പി കൈകഴുകുകയാണ് ചെയ്തത്.

സർക്കാർനയം നടപ്പാക്കിയില്ലെങ്കിൽ ശക്തമായ നടപടികളുണ്ടാവുമെന്നും ഒരുതരത്തിലുമുള്ള സംരക്ഷണവും ഉണ്ടാവില്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിക്കുന്നതെങ്കിലും നല്ലനടപ്പ്, സ്ഥലംമാറ്റം എന്നിങ്ങനെ നിസാര ശിക്ഷയാണ് പൊലീസ് നേതൃത്വം നടപ്പാക്കുന്നത്. കഴക്കൂട്ടത്ത് വീടിനടുത്തുനിന്ന യുവാവിനെ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തിൽ സസ്പെൻഷനിലായ എസ്.ഐയെ ഒരാഴ്ചയ്ക്കകം തിരിച്ചെടുത്ത് ക്രമസമാധാന ചുമതല നൽകുകയാണ് ചെയ്തത്. ചടയമംഗലത്ത് വാഹനപരിശോധനയ്ക്കിടെ എഴുപതുകാരനെ കരണത്തടിച്ച് ജീപ്പിലേക്കെറിഞ്ഞ എസ്.ഐക്കും കഠിനപരിശീലനമായിരുന്നു ശിക്ഷ. കൊട്ടാരക്കര സ്റ്റേഷനിൽ പരാതിക്കാർക്കു മുന്നിൽ തമ്മിലടിച്ച വനിതാ എസ്.ഐമാരെ സ്ഥലംമാറ്റി സംഭവം ഒതുക്കിതീ‌ർത്തു. ഒരു എസ്.ഐയുടെ കൈ അടിച്ചൊടിച്ചത് കേസാക്കിയതുമില്ല. ഉദ്യോഗസ്ഥരുടെ ചെറിയ പിഴവിനും വിശദീകരണം തേടണമെന്നും ഡിവൈ.എസ്.പിമാരും ജില്ലാ പൊലീസ് മേധാവികളും സ്റ്റേഷനുകളിൽ മിന്നൽപ്പരിശോധന നടത്തണമെന്നുമുള്ള സർക്കാർ നിർദ്ദേശങ്ങളെല്ലാം അട്ടിമറിച്ചു. പെരുമാറ്റദൂഷ്യമുള്ളവരെയും പരാതികൾ അവഗണിക്കുന്നവരെയും ജനങ്ങളോട് ധാർഷ്ട്യം കാട്ടുന്നവരെയും പിരിച്ചുവിടാൻ പൊലീസ് ആക്ടിൽ വകുപ്പുണ്ടെങ്കിലും പ്രയോഗിക്കാറേയില്ല. ഗുരുതരകേസിൽ പെട്ടാൽ ആറുമാസത്തെ സസ്പെൻഷനുശേഷം കാക്കിയിട്ട് വിലസാം. മുൻപ് ക്രമസമാധാനചുമതല നൽകില്ലായിരുന്നു. ഇപ്പോൾ അങ്ങനെയുമില്ല.

ജനങ്ങളോട് സഭ്യതയില്ലാതെ പെരുമാറിയാലും നടപടി സ്ഥലംമാറ്റത്തിലോ നല്ലനടപ്പിലോ ഒതുങ്ങുകയാണ് പതിവ്. പൊലീസിന്റെ സഭ്യതയില്ലാത്തതും അതിരുവിട്ടതുമായ പെരുമാറ്റത്തിന്റെ ദൃശ്യമോ ശബ്ദമോ ജനങ്ങൾ വീഡിയോയിൽ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചാലോ പത്രങ്ങളിലോ ചാനലുകളിലോ വാർത്ത വന്നാലോ മാത്രമാണ് നടപടിയുണ്ടാവുന്നത്. നമ്മുടെയെല്ലാം പോക്കറ്റിൽ മൊബൈൽഫോൺ ഉള്ളതിനാൽ പൊലീസിനെ നന്നാക്കാൻ ജനകീയ നിരീക്ഷണം തുടരുകയേ വഴിയുള്ളൂ. പൊലീസിന്റെ അതിരുവിട്ട നടപടികൾ ജനങ്ങൾ ചിത്രീകരിച്ചാൽ അത് നടപടിക്ക് കാരണമാവുമെന്നുണ്ടെങ്കിൽ പൊലീസിന്റെ പെരുമാറ്റത്തിൽ മാറ്റമുണ്ടാകാനിടയുണ്ട്. ആറ്റിങ്ങലിൽ ദളിത് ബാലികയെയും പിതാവിനെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ നടുറോഡിൽ പരസ്യവിചാരണ നടത്തിയത് സമീപത്തൊരു കാറിലുണ്ടായിരുന്നയാൾ ചിത്രീകരിച്ചതിനാലാണ് സംഭവം പുറത്തറിഞ്ഞത്. അല്ലെങ്കിൽ മൊബൈൽ മോഷണമാരോപിച്ച് അകത്താക്കിയേനേ. ബാലികയ്ക്ക് ഒന്നരലക്ഷം നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ഫർണിച്ചർ ഇടപാടിലെ പരാതിയുടെ വിവരം തിരക്കി നൂറനാട് പൊലീസ് സ്റ്റേഷനിലെത്തിയ സജീൻ റജീബിന് ക്രൂരമർദ്ദനമേറ്റത് ഒപ്പമെത്തിയ സഹോദരൻ മൊബൈലിൽ ചിത്രീകരിച്ചു. ഇതുകണ്ട് മൊബൈൽ പൊലീസുകാരൻ പിടിച്ചുവാങ്ങി പോക്കറ്രിലിട്ടെങ്കിലും, എസ്.ഐയെ ആക്രമിച്ചെന്ന് കള്ളക്കേസെടുക്കാനുള്ള ഗൂഢാലോചന നടത്തുന്നത് മൊബൈലിൽ റെക്കാർഡ് ചെയ്യപ്പെട്ടു. ഇത് പൊലീസിനെതിരായ തെളിവായി മാറി. ഹൈക്കോടതി ഇത് തെളിവായെടുത്തു. ചടയമംഗലത്ത് വാഹനപരിശോധനയ്ക്കിടെ, ഹെൽമെറ്റ് ധരിക്കാത്തതിന്റെ പേരിൽ വൃദ്ധനെ കരണത്തടിച്ച്, ക്രൂരമായി മർദ്ദിച്ച് പൊലീസ് ജീപ്പിലേക്ക് എടുത്തെറിഞ്ഞ എസ്.ഐ ഷെജീമിന്റെ ക്രൂരതയും പുറത്തറിഞ്ഞത് മൊബൈലിൽ പകർത്തിയ വീഡിയോയിലൂടെയാണ്. വീഡിയോ പകർത്തിയയാൾ ഭീഷണി നേരിടുന്നു. എസ്.ഐയ്ക്ക് കഠിനപരിശീലനമായിരുന്നു ശിക്ഷ. കോവളത്ത് സ്വീഡിഷ് പൗരൻ സ്​റ്റീഫൻ ആസ്‌ബെർഗിനെ (68) അവഹേളിക്കുകയും ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്ന് വാങ്ങിയ മദ്യം ഒഴുക്കികളയാൻ നിർദ്ദേശിക്കുകയും ചെയ്ത എസ്.ഐയെ സസ്പെൻഡ് ചെയ്തതും മൊബൈലിൽ ആരോ പകർത്തിയ വീഡിയോ പുറത്തുവന്നതോടെയാണ്. ഹോളോഗ്രാം മുദ്രയുള്ള മദ്യം ബിവറേജസ് ഔട്ട് ലെറ്രിൽ നിന്ന് വാങ്ങിയതാണെന്ന് തിരിച്ചറിയാനുള്ല സമാന്യബുദ്ധി പോലും പൊലീസ് പ്രയോഗിച്ചില്ല.

തകരുന്നത് സർക്കാരിന്റെ പ്രതിച്ഛായ

സർക്കാരിനെ പൊതുജനം അളക്കുന്നത് പൊലീസിന്റെ പ്റവർത്തനം കൂടി വിലയിരുത്തിയാണെന്നും അതു മനസിലാക്കി ജനപക്ഷത്തുനിന്നു കൊണ്ടാവണം പൊലീസ് കൃത്യനിർവഹണം നടത്തേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പലവട്ടം പറഞ്ഞിട്ടും പൊലീസ് കേട്ടമട്ടില്ല. ഏതുസാഹചര്യത്തിലും ആത്മനിയന്ത്രണം വിടരുത്, ഒരാളെയും ദേഹോപദ്രവം ഏൽപ്പിക്കരുത്, പാവപ്പെട്ടവരോടും സമ്പന്നരോടും രണ്ടു രീതി വേണ്ട, പരാതിക്കാരോട് മാന്യമായി പെരുമാറണം, സ്ത്രീ സുരക്ഷയ്ക്ക് മുൻഗണന നൽകണം, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ പരാതികൾ ഒരു കാരണവശാലും അവഗണിക്കരുത്, ക്രിമിനലുകളോടും ഗുണ്ടകളോടും മാഫിയകളോടും സൗഹൃദം പാടില്ല, പരാതിക്കാരോട് തട്ടിക്കയറരുത്, സഹാനുഭൂതി കാട്ടണം തുടങ്ങിയ നിർദ്ദേശങ്ങൾ അടിക്കടി സർക്കുലറായി പുറത്തിറങ്ങുന്നെങ്കിലും ഫലമില്ല.

മാപ്പു വേണ്ട നീതി മതി

മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് എട്ടുവയസുള്ള ദളിത് ബാലികയെയും പിതാവിനെയും നടുറോഡിൽ പരസ്യവിചാരണ നടത്തിയ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സി.പി രജിത നാലുമാസത്തിനു ശേഷം ഹൈക്കോടതിയിൽ മാപ്പുപറഞ്ഞെങ്കിലും കുടുംബം സ്വീകരിച്ചില്ല. പൊലീസുകാരിയുടെ പരസ്യവിചാരണ നേരിട്ട ബാലിക ഇതുവരെ മാനസികാഘാതത്തിൽ നിന്ന് മോചിതയായിട്ടില്ല. കെ.എസ്.ഇ.ബി ജീവനക്കാരുടെ കാക്കിയൂണിഫോം കാണുമ്പോൾ പോലും ബാലിക ഭയന്നുവിറയ്ക്കുന്നു. ഓൺലൈൻ ക്ലാസുകളെല്ലാം നഷ്ടമായതോടെ കുഞ്ഞിന്റെ ഒരുവർഷത്തെ പഠനവും അവതാളത്തിലായി. പക്ഷേ, കുറ്റക്കാരിയായ പൊലീസുകാരിയെ വീടിനടുത്തേക്ക് സ്ഥലംമാറ്റി, നൈറ്റ് ഡ്യൂട്ടിയില്ലാത്ത സ്പെഷ്യൽ യൂണിറ്റിൽ നിയമനം നൽകി രക്ഷിക്കുകയാണ് പൊലീസ് ചെയ്തത്. ഇനിയൊരിക്കലും കാക്കിയിടുന്ന ചുമതല നൽകരുതെന്ന് പട്ടികജാതി-ഗോത്രവർഗ്ഗ കമ്മിഷന്റെ ഉത്തരവുണ്ടായിട്ടും രജിത കൊല്ലത്ത് ക്രൈംറെക്കാർഡ്സ് ബ്യൂറോയിൽ കാക്കിയിട്ട് വിലസുകയാണ്.

​പി​ങ്ക് ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ ​പ​ര​സ്യ​വി​ചാ​ര​ണ​ ​ന​ട​ത്തി​യ​ ​എ​ട്ടു​ ​വ​യ​സു​കാ​രി​യു​ടെ​ ​മ​ന​സി​ൽ​ ​ജീ​വി​ത​കാ​ലം​ ​മു​ഴു​വ​ൻ​ ​നീ​റു​ന്ന​ ​മു​റി​വാ​ണു​ണ്ടാ​യ​തെ​ന്ന് നിരീക്ഷിച്ച ​ഹൈ​ക്കോ​ട​തി ബാലികയ്ക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതിച്ചെലവും നൽകാൻ ഉത്തരവിട്ടു.

പൊലീസിന്റെ നടപടി പെൺകുട്ടിയുടെ മൗലികാവകാശം ലംഘിക്കുന്നതാണെന്ന് വിലയിരുത്തിയ കോടതി, ഉദ്യോഗസ്ഥയ്ക്കെതിരെ ജില്ലാ പൊലീസ് മേധാവി നിയമപരമായ അച്ചടക്ക നടപടിയെടുക്കണമെന്ന് ഉത്തരവിട്ടെങ്കിലും ഇതുവരെ ഒന്നും നടപ്പാക്കിയിട്ടില്ല. ക്രമസമാധാനപാലന ചുമതലയിൽ നിന്ന് മാറ്റി നിറുത്തണമെന്നും പരിഷ്‌കൃത സമൂഹത്തിന് ചേരുന്ന വിധം ജനങ്ങളുമായി ഇടപെടാൻ പരിശീലനം നൽകണമെന്നും കോടതി ഉത്തരവിലുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NILAPADU, POLICE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.