SignIn
Kerala Kaumudi Online
Friday, 19 April 2024 1.17 PM IST

പ്രണയം, മരണം, രജനീഷ്

ausho

ആത്മീയതയുടെ രാജപാതയിലൂടെ നടന്നുപോയ രതിയും രജനീഷും ഇപ്പോൾ എവിടെയാണ്? ഒരു യാഥാർത്ഥ്യമാണ് ഓഷോ രജനീഷ്. പക്ഷേ, പ്രഹേളികപോലെയാണ് ആ ജീവിതവും രചനകളും. ഏഴാം വയസിൽ അപമൃത്യു സംഭവിക്കുമെന്ന് ജാതകത്തിൽ മാതാപിതാക്കൾ കണ്ട, രജനീഷ്‌ എന്ന വിളിപ്പേരുണ്ടായിരുന്ന ചന്ദ്ര മോഹൻ ജെയിൻ 59 വയസുവരെ ജീവിച്ചു.

ലൈംഗികതയിലൂടെ മോക്ഷപ്രാപ്തി, അഥവാ ആത്‌മീയതയുടെ പരമപദപ്രാപ്തി എന്ന ഭാരതീയ താന്ത്രിക സങ്കല്പത്തിന്റെ ആധുനിക വക്താവ് എന്ന നിലയിലാണ് രജനീഷ് കൂടുതൽ പ്രശസ്തിയും കുപ്രസിദ്ധിയും നേടിയത്. 1970കളിൽ ഭഗവാൻ രജനീഷ് എന്നും പിന്നീട് ഓഷോ എന്നും അറിയപ്പെട്ട ഈ ആത്മീയഗുരു വാസ്തവത്തിൽ ആരായിരുന്നു? ഇന്നും അതൊരു പ്രഹേളികതന്നെ. ചിന്തയെയും ദർശനത്തെയും ഒരു പ്രവാഹമായാണ് ഭഗവാൻ രജനീഷ് കണ്ടത്. അതുകൊണ്ടാണ് സ്നേഹത്തെ നദിയായി അദ്ദേഹം ദർശിച്ചത്. സ്നേഹം ഒരു ജയിൽ സെല്ലായി മാറരുതെന്ന് ഓർമ്മിപ്പിച്ച രജനീഷിന്റെ ഭൂമിയിലെ ജീവിതം നിലച്ചിട്ട് 34 വർഷമായി. 1931 ഡിസംബർ 11ന് മദ്ധ്യപ്രദേശിലെ കുച്ച്‌വാഡ എന്ന ഗ്രാമത്തിൽ ജനിച്ച രജനീഷ് 1990 ജനുവരി 19നാണ് ഭൂമിയിലെ ജീവിതത്തോട് വിടപറഞ്ഞത്.

സ്നേഹിക്കുക, എന്നാൽ വളരെ ശ്രദ്ധാലുവായിരിക്കുക എന്നാണ് അർത്ഥമെന്ന് അദ്ദേഹം മനസിലാക്കിയിരുന്നു. സ്നേഹിക്കുമ്പോൾ നിങ്ങൾ ഒരു വിശുദ്ധ സ്ഥലത്താണ്. നിങ്ങൾ ഏറ്റവും പ്രധാനപ്പെട്ടതും നിർമ്മലവും വിശുദ്ധവുമായ ക്ഷേത്രത്തിൽ പ്രവേശിക്കുന്നു. ശ്വസനം പോലെയാണ് സ്നേഹം. ശ്വസനത്തിന് ഒരു വസ്തുവും ആവശ്യമില്ല. ജീവിതത്തിന്റെ സ്വാഭാവിക പ്രക്രിയയാണത്. ചിലപ്പോൾ ഒരു സുഹൃത്തിനടുത്തിരുന്ന് ശ്വസിക്കുന്നു. ചിലപ്പോൾ മരത്തണലിലിരുന്ന് ശ്വസിക്കുന്നു. ചിലപ്പോൾ കുളത്തിൽ നീന്തുമ്പോൾ, അല്ലെങ്കിൽ കടൽത്തീരത്തിരിക്കുമ്പോൾ. അതുപോലെയാവണം സ്നേഹമെന്നാണ് ഓഷോ ദർശിച്ചത്. ഒരു ദിവസം 24 മണിക്കൂറും നിങ്ങൾ സ്നേഹിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മരണത്തേക്കാൾ ആഴമേറിയതാണ് പ്രണയമെന്നു പറഞ്ഞ രജനീഷ് ഏറ്റവുമധികം പ്രണയിച്ചത് പുസ്തകങ്ങളെയായിരുന്നു. അഹന്തയെ പൂർണമായും എടുത്തുമാറ്റുന്ന മാനസികനിലയിലേക്കുള്ള പ്രയാണമായിരുന്നു അത്. 30 ഭാഷകളിലായി അറുനൂറിലധികം പുസ്തകങ്ങൾക്കും ഭഗവാൻ രജനീഷ് ജന്മം നൽകി. ബാല്യത്തിൽ കളിപ്പാട്ടങ്ങൾക്കു പകരം പുസ്തകങ്ങൾ ചോദിക്കുമായിരുന്ന രജനീഷ് 1,65,000 പുസ്തകങ്ങൾ വായിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. പക്ഷേ, വായന ഉപേക്ഷിക്കുന്ന സ്ഥിതിയും രജനീഷിനുണ്ടായി. കണ്ണട വയ്ക്കാതെ വായന തുടരാനാകില്ലെന്ന് ഡോക്ടർമാർ പറഞ്ഞപ്പോഴായിരുന്നു ആ തീരുമാനം. തനിക്കും പുസ്തകത്തിനുമിടയിൽ ഒരു കണ്ണടയുടെ ഇടപെടൽ പോലും അദ്ദേഹം സഹിച്ചിരുന്നില്ല എന്നാണ് രജനീഷിനെക്കുറിച്ച് പഠിക്കാൻ ശ്രമിച്ചവർ പറഞ്ഞത്. അത്രയ്ക്ക് ആത്മബന്ധമാണ് പുസ്തകങ്ങളുമായി രജനീഷിന് ഉണ്ടായിരുന്നത്.

സ്വാഭാവികമായ വികാരമാണ് ലൈംഗികത. പുഴ ഒഴുകും പോലെ, പൂക്കൾ മണക്കും പോലെ, മഴപെയ്യും പോലെ സ്വാഭാവികമായ ആ ജൈവതാളത്തെ എന്തിന് മനോഹരമായ പ്രണയത്തിനു പിന്നിൽ ഒളിപ്പിക്കണം? ധ്യാനം പോലെ മനോഹരമായ അവസ്ഥയാണ് ഭോഗമെന്നും രജനീഷ് പറഞ്ഞിരുന്നു.

പ്രണയത്തിന്റെ അടിയൊഴുക്കും തിരമാലകളുമാണ് രതി. രജനീഷ് അത് ദർശിച്ചിട്ടുണ്ടാവും. ആനന്ദമാണ് മനുഷ്യനെ നന്ദിയുള്ളവനാക്കുന്നതെന്ന് രജനീഷ് ചിന്തിച്ചതും അതുകൊണ്ടാവും. ആനന്ദത്തിൽനിന്ന് മനുഷ്യൻ നന്ദിയുള്ളവരായി ജനിക്കുന്നുവെന്നും രജനീഷ് പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ സന്തോഷം മറ്റുള്ളവരെ ആശ്രയിച്ചിരിക്കുന്നുവെങ്കിൽ, നിങ്ങൾ ഒരടിമയാണ്, സ്വതന്ത്രനല്ല. തനിച്ചായിരിക്കാൻ കഴിയുന്ന ഒരാൾ ഒരു യഥാർത്ഥ വ്യക്തിയാണ് എന്നുകൂടി രജനീഷ് പറഞ്ഞിട്ടുണ്ട്. അതുൾക്കൊള്ളുമ്പോഴാണ് രതിയിൽനിന്ന് ആത്മീയതയിലേക്കും മോക്ഷത്തിലേക്കുമുള്ള കാനനപാത തെളിഞ്ഞുവരുന്നത്. വാസ്തവത്തിൽ ഭാരതീയ ദർശനങ്ങളുടെ നൂലാമാലകളെ കോർത്തെടുത്ത് കണ്ഠാഭരണമാക്കിയ ആത്മീയ സത്യാന്വേഷിയാണ് ഓഷോ.

ഭഗവാൻ കൃഷ്ണനെക്കുറിച്ചുള്ള വിചാരങ്ങളിൽ ഇത് വ്യക്തമാണ്. ഒരു കുഞ്ഞായിരിക്കുന്നതിലും മാർദ്ദവമുള്ളതായിരുന്നു കൃഷ്ണന്റെ മനസ്സ്. ആക്രമണസ്വഭാവക്കാരനുമായിരുന്നില്ല, കൃഷ്ണൻ. ആന്തരികമായ അപകർഷതാബോധമാണ് എല്ലായിപ്പോഴും ഒരാളെ ആക്രമണസ്വാഭാവമാർന്നവനും ഹിസാംത്മകനും ആക്കിത്തീർക്കുന്നത്. ഒരു കൈക്കുഞ്ഞ് നിലത്തുവീണാൽ എല്ലുകൾ ഒടിയുന്നില്ല. വീഴുന്നത് പ്രായമുള്ള ആളാണെങ്കിൽ എല്ലുകൾ പൊട്ടും. വീഴ്ചയെക്കുറിച്ചുള്ള അതിരറ്റ ശ്രദ്ധയാണ് അതിനു കാരണമെന്നും രജനീഷ് പറഞ്ഞിട്ടുണ്ട്. കൃഷ്ണന്റെ കുട്ടിത്തവും ബാലലീലകളുമാണ് കൃഷ്ണസങ്കല്പത്തിലെ ഏറ്റവും ചാരുതയാർന്ന മുഖമെന്നും എല്ലാവർക്കും അറിയാം.

കാലത്തിന്റെ താത്പര്യങ്ങളോട് പ്രതികരിക്കാനാണ് ഭഗവാൻ കൃഷ്ണൻ ജന്മമെടുത്തതെന്ന പുരാവൃത്തത്തോട് രജനീഷ് വിയോജിച്ചിരുന്നു. കൃഷ്ണന്റേതു പോലുള്ള ഒരാത്മാവിന് ജന്മമെടുക്കാൻ ഏതു കാലഘട്ടവും ഏതു പരിതോവസ്ഥയും ഉചിതമാണെന്നായിരുന്നു രജനീഷ് പറഞ്ഞത്. നമ്മുടെ താത്പര്യങ്ങളെ നിറവേറ്റിത്തരാനുള്ള ഒരാളായി നാം കൃഷ്ണനെ കാണുന്നു. അതാണ് പ്രശ്നം. വഴിയിൽ വിരിഞ്ഞുനിൽക്കുന്ന പൂവ് തനിക്കുവേണ്ടിയാണ് വിരിഞ്ഞതെന്നും അതിന്റെ സുഗന്ധം തന്നെ ഉദ്ദേശിച്ചുള്ളതാണെന്നും വഴിപോക്കൻ ചിന്തിക്കുന്നതു പോലെയാണത്. താൻ പോകുന്നിടത്തെല്ലാം തന്റെ പാതയെ മണമുള്ളതാക്കാൻ പൂക്കൾ വിടരുന്നുവെന്ന് ഒരുപക്ഷേ, അയാൾ ഡയറിയിലോ ആത്മകഥയിലോ കുറിച്ചുവച്ചേക്കാമെന്നും രജനീഷ് ഓർമ്മിപ്പിക്കുന്നു. വിടരുന്നതിലുള്ള ആനന്ദത്തിനു വേണ്ടിയാണ് പൂക്കൾ വിരിയുന്നത്. ആരെയെങ്കിലും ആനന്ദിപ്പിക്കണമെന്ന ലക്ഷ്യം അതിനില്ല. നമ്മുടെ കൈത്തണ്ടയിലെ വാച്ചിന് ചിന്തിക്കാൻ കഴിയുമെങ്കിൽ അത് ചിന്തിക്കുക, അതിന് വസിക്കാൻ വേണ്ടിയാണ് നിങ്ങളുടെ കൈത്തണ്ട എന്നാവും. പൂക്കൾ എല്ലാവർക്കും ആനന്ദം നൽകുന്നതുപോലെ സ്വയം പ്രകാശിതമായ കൃഷ്ണനും ആനന്ദം പകരുകയായിരുന്നു. കൃഷ്ണനെപ്പോലുള്ള ഒരാളുടെ വരവ് ഏത് കാലഘട്ടത്തെ സംബന്ധിച്ചിടത്തോളവും പ്രസക്തവും സാർത്ഥകവുമാണെന്നും രജനീഷ് ഓർമ്മിപ്പിക്കുന്നു.
നിങ്ങൾ എന്തിനാണ് ശ്രദ്ധ തേടുന്നത്? നിങ്ങൾക്ക് സ്വയം ഉറപ്പില്ലാത്തതിനാൽ, നിങ്ങൾ ആരാണെന്ന് നിങ്ങൾക്കറിയില്ല. എന്നാൽ നിങ്ങളുടെ ശ്രദ്ധയിൽ നിങ്ങൾ ആരാണെന്ന് എങ്ങനെ അറിയാം? ഒരു കണ്ണാടിയിൽ നോക്കുന്നതിലൂടെ ആരാണെന്ന് കണ്ടെത്താൻ കഴിയില്ല, മറ്റുള്ളവരുടെ കണ്ണുകളിലേക്ക് നോക്കുന്നതിലൂടെയും അതിന് കഴിയില്ല. ആർക്കും അവനവനെ പൂർണമായി അറിയാൻ സാധിക്കുകയുമില്ല.

ഓഷോ പറഞ്ഞ നിരവധി കാര്യങ്ങളിൽ ഒന്നുമാത്രമാണ് സെക്സ്. അമിതവും അസാധാരണവുമായ ഒരു പ്രാധാന്യവും അദ്ദേഹം അതിന് നല്കിയില്ല. ജീവിതത്തിന് ഒരു ഭാഷയുമില്ലെന്നും ജീവിതം നിശബ്ദമാണെന്നും മൗനമാണ് അവിടെയുള്ള ഒരേയൊരു ഭാഷയെന്നും ഓഷോ ദർശിച്ചിരുന്നു. ധ്യാനത്തിലേക്കുള്ള ഒരു വഴിയായി സംഗീതത്തെ ദർശിച്ചതുപോലെ രതിയെയും രജനീഷ് ധ്യാനത്തിലേക്കുള്ള വഴിയായി പരിഗണിച്ചിട്ടുണ്ടാവണം. സാമൂഹിക മര്യാദകളും പാഠങ്ങളും വരച്ചിടുന്ന പാപപുണ്യങ്ങൾക്കപ്പുറത്തേക്ക് യോഗനയനങ്ങൾ പായിച്ച ഭഗവാൻ രജനീഷ് എന്തിനെയും മൂന്നു ഡൈമെൻഷനപ്പുറം കാണാനാണ് ശ്രമിച്ചത്. അതിൽ ഭ്രാന്തുണ്ട്, ജീവിതമുണ്ട്, ജീവിതത്തിനപ്പുറം വ്യാപിക്കുന്ന ചിന്തയുടെ പ്രപഞ്ചമുണ്ട്. രജനീഷിന്റെ ദർശനം അവിടെ സ്ഥായിയായി നിൽക്കുന്നില്ല. ഒരു യാഗാശ്വത്തെപ്പോലെ പായുകയാണ് ഓഷോയുടെ ദർശനം.

ആരും തന്നെ മറ്റൊരാൾക്കുവേണ്ടി ഉണ്ടാക്കപ്പെടുന്നില്ല. ഓരോരുത്തരും അവനവനുവേണ്ടി സൃഷ്ടിക്കപ്പെടുന്നു. ദൈവം ആരെയും ജോഡികളായി സൃഷ്ടിക്കുന്നില്ല. ദൈവം സൃഷ്ടിക്കുന്നത് വ്യക്തികളെ മാത്രമാണ്. ജീവിതം ഒരു കളിതമാശയാണ്. ചിരിക്കുക. അല്പംകൂടി ചിരിക്കുക. പ്രാർത്ഥനയേക്കാൾ ഫലപ്രദമാണത്. എന്തെന്നാൽ, പ്രാർത്ഥന അഹംബോധത്തെ നശിപ്പിയ്ക്കുന്നില്ല. ചിരി അഹന്തയെ ഇല്ലാതാക്കുന്നു. നിങ്ങൾ ഒഴുകുകയാണ്. കുഞ്ഞോ വയോധികനോ പണ്ഡിതനോ പാമരനോ ഒന്നുമല്ല നിങ്ങൾ. ഒഴുക്കിലെ കണികകൾ മാത്രം. ആ നിലയിലാണ് നരജീവിതത്തെ ഓഷോ ദർശിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAJANEESH
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.