പാരിസ് : ഫ്രഞ്ച് നടൻ ഗാസ്പാർഡ് ഉല്ലിയേൽ ( 37 ) സ്കീയിംഗ് അപകടത്തിൽ മരിച്ചു. സ്കീയിംഗിനിടെ മറ്റൊരാളുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തലയ്ക്കേറ്റ ഇടിയുടെ ആഘാതത്തിൽ അബോധാവസ്ഥയിലായ ഗാസ്പാർഡിനെ ഉടൻ തന്നെ ഹെലികോപ്ടർ മാർഗം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകട സമയം ഗാസ്പാർഡ് ഹെൽമെറ്റ് ധരിച്ചിരുന്നില്ല.
കിഴക്കൻ ഫ്രാൻസിലെ ആൽപ്സ് പർവത നിരകളിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. ബുധനാഴ്ച ഗാസ്പാർഡിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. സൈക്കോളജിക്കൽ ഹോറർ ത്രില്ലറായ ഹാനിബൽ റൈസിംഗിൽ ( 2007 ) ഹാനിബൽ ലെക്ടർ എന്ന സീരിയൽ കില്ലറുടെ വേഷം അവതരിപ്പിച്ചതിലൂടെയാണ് ഗാസ്പാർഡ് ശ്രദ്ധനേടിയത്.
ഫ്രഞ്ച് ഫാഷൻ ഡിസൈനറായ ഈവ് സെന്റ് ലോറന്റിന്റെ ബോയോപികായ സെന്റ് ലോറന്റിൽ ( 2014 ) മുഖ്യ വേഷത്തിലെത്തിയും ഫ്രഞ്ച് ലക്ഷ്വറി ബ്രാൻഡായ ഷനെലിന്റെ മെൻസ് പെർഫ്യൂം അംബാസിഡറായും ഗാസ്പാർഡ് പ്രശസ്തി നേടി. ബ്രദർഹുഡ് ഒഫ് ദ വുൾഫ്, സമ്മർ തിംഗ്സ്, എ വെരി ലോംഗ് എൻഗേജ്മെന്റ് തുടങ്ങിയവയാണ് ഗാസ്പാർഡിന്റെ മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ.
ഈ വർഷം റിലീസ് ചെയ്യാനിരിക്കുന്ന മോർ ദാൻ എവർ ആണ് ഗാസ്പാർഡിന്റെ അവസാന ചിത്രം. നിരവധി ടെലിവിഷൻ സീരീസുകളുടെയും ഭാഗമായി. ഡിസ്നി പ്ലസിൽ സ്ട്രീമിംഗിനൊരുങ്ങുന്ന ' മൂൺ നൈറ്റ് " ആണ് ഗാർപാർഡ് അഭിനയിച്ച അവസാന മിനി സീരീസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |