തിരുവനന്തപുരം: ആധാരങ്ങൾക്ക് അനുബന്ധമായി ഹാജരാക്കുന്ന ഫയലിംഗ് ഷീറ്റ് ക്ഷാമം സംസ്ഥാനത്ത് രൂക്ഷമാണെന്ന് ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്‌ക്രൈബ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ആനയറ ആർ.കെ. ജയനും ജനറൽ സെക്രട്ടറി പാലക്കാട് ശിവപ്രകാശും പറഞ്ഞു. ഇത് ആധാരമെഴുത്ത് തൊഴിൽ പ്രതിസന്ധിയും പ്രവാസികളുൾപ്പെടെ ആയിരക്കണക്കിന് നികുതി ദായകർക്ക് ഭൂമി കൈമാറ്റ തടസവും സൃഷ്ടിക്കുന്നു. അച്ചടിക്ക് വേണ്ട കടലാസ് എത്തിച്ചെങ്കിലും ഫയലിംഗ് ഷീറ്റ് ശേഖരിക്കുന്നതിന് അച്ചടി വകുപ്പിൽ നിന്ന് കാലതാമസമുണ്ടാകുന്നു. ഇരുവകുപ്പുകളും വിഷയത്തിൽ സത്വരമായി ഇടപെട്ട് അച്ചടി വേഗം പൂർത്തിയാക്കണമെന്നും യൂണിയൻ അഭ്യർത്ഥിച്ചു.