വണ്ടൂർ: മദ്യ ലഹരിയിൽ പതിനേഴുകാരനായ മകനെ വെട്ടി പരിക്കേൽപ്പിച്ച പിതാവ് അറസ്റ്റിൽ. തിരുവാലി പുന്നപ്പാല കുന്നുമ്മൽ ഹൗസിൽ സുരേഷ് കുമാറാണ് (49) വണ്ടൂർ പൊലീസിന്റെ പിടിയിലായത്.
സ്ഥിരമായി മദ്യപിച്ചെത്തുന്ന സുരേഷ് ഭാര്യയും മകനുമായി കലഹിക്കുക പതിവാണ്. കത്തി ഉപയോഗിച്ചാണ് മകന്റെ തലയിൽ വെട്ടിയത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മകന്റെ തലയിൽ പന്ത്രണ്ടോളം തുന്നുകളുണ്ട്. പരിക്ക് ഗുരുതരമല്ല. കൂലിപ്പണിക്കാരനായ പ്രതി പുന്നപ്പാലയിലെ ഭാര്യവീട്ടിലാണ് താമസം. ഭാര്യാ മാതാവിന്റെ പരാതിയിലാണ് കേസ്. കുട്ടികളെ ഉപദ്രവിക്കൽ, വധശ്രമം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.