പാൾ: റിഷഭ് പന്തിന്റെ ക്രിക്കറ്റ് ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒന്നായി മാറുകയാണ് ദക്ഷിണാഫ്രിക്കൻ പരമ്പര. ഒന്നിന് പിറകേ ഒന്നായി നിരവധി റെക്കാഡുകളാണ് ഈ യുവതാരം ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ഇടയിൽ തിരുത്തികുറിച്ചത്. രണ്ടാം ഏകദിനത്തിൽ 71 പന്തിൽ 85 റണ്ണെടുത്ത് കെ എൽ രാഹുലിനൊപ്പം ഇന്ത്യയെ ബാറ്റിംഗ് തകർച്ചയിൽ നിന്ന് കരകയറ്റിയ പന്ത് മറ്റൊരു റെക്കാഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്.
ദക്ഷിണാഫ്രിക്കയിൽ ഒരു ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന റെക്കാഡാണ് പന്ത് സ്വന്തം പേരിൽ കുറിച്ചത്. മുൻ ഇന്ത്യൻ ക്യാപ്ടനായ മഹേന്ദ്ര സിംഗ് ധോണിയേയും മുൻ ക്യാപ്ടനും നിലവിൽ ഇന്ത്യൻ ടീമിന്റെ പരിശീലകനുമായ രാഹുൽ ദ്രാവിഡിനെയുമാണ് പന്ത് മറികടന്നത്.
2001ൽ ഡർബനിൽ വച്ച് രാഹുൽ ദ്രാവിഡ് നേടിയ 77 റൺസ് ആയിരുന്നു ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ ഏകദിന ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയിൽ വച്ച് നേടുന്ന ഏറ്റവും ഉയർന്ന സ്കോർ. 2013ൽ ജോഹന്നാസ്ബർഗിൽ വച്ച് നടന്ന ഏകദിനത്തിൽ നേടിയ 65 റൺസ് ആയിരുന്നു രണ്ടാം സ്ഥാനത്ത്. ഈ രണ്ട് സ്കോറുകളെയും മറികടക്കുന്ന പ്രകടനമായിരുന്നു പന്തിന്റേത്.