ന്യൂഡൽഹി: ഡി.വൈ.എഫ്.ഐയുടെ 11-ാം അഖിലേന്ത്യാ സമ്മേളനം മെയിൽ കൊൽക്കത്തയിൽ നടത്താൻ മുംബയിൽ ചേർന്ന കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു. സമ്മേളനത്തിന് മുന്നോടിയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സെമിനാറുകൾ ഉൾപ്പടെ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും.
റിപ്പബ്ലിക് ദിനത്തിൽ കേരളം, പശ്ചിമബംഗാൾ, തമിഴ്നാട്, ചത്തീസ്ഗഢ് സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങൾക്ക് അനുമതി നൽകാത്ത കേന്ദ്രസർക്കാർ നടപടിയിൽ കേന്ദ്ര കമ്മിറ്റി പ്രതിഷേധിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ജനുവരി 26ന് കൊൽക്കത്തയിൽ നേതാജി സുഭാഷ്ചന്ദ്രബോസിന്റെയും കേരളത്തിൽ ശ്രീനാരായണഗുരുവിന്റെയും നിശ്ചലദൃശ്യങ്ങൾ പ്രദർശിപ്പിക്കും. 30ന് മഹാത്മാഗാന്ധി രക്തസാക്ഷിദിനത്തിൽ വർഗീയവിരുദ്ധ ദിനം ആചരിക്കും. പൊതുമേഖലാസ്ഥാപനങ്ങൾ വിറ്റഴിക്കുകയും തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാർ നടപടി വലിയ സാമൂഹ്യപ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് യോഗം വിലയിരുത്തി. ദേശീയ പ്രസിഡന്റ് എ.എ. റഹീം അദ്ധ്യക്ഷത വഹിച്ചു.