SignIn
Kerala Kaumudi Online
Saturday, 20 April 2024 6.49 AM IST

ആയിരക്കണക്കിന് ഹാംസ്‌റ്ററുകളെ കൊല്ലാൻ ഹോങ്കോങ്ങ്

hamster

ബീജിംഗ് : കഴിഞ്ഞ ദിവസമാണ് നഗരത്തിലെ 2,000ത്തിലേറെ വരുന്ന ഹാംസ്റ്ററുകളെ കൊല്ലാൻ ഹോങ്കോങ്ങ് അധികൃതർ ഉത്തരവിട്ടത്. നഗരത്തിലെ ഒരു പെറ്റ് ഷോപ്പിൽ 11 ഹാംസ്റ്ററുകളിൽ കൊവിഡ് ബാധ കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. ഹാംസ്റ്ററുകളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരാമെന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ ഇത്തിരിക്കുഞ്ഞൻ ജീവികളെ ഇല്ലാതാക്കാൻ തീരുമാനിച്ചത്.

ഹോങ്കോങ്ങിലെ 34 പെറ്റ് ഷോപ്പുകൾ അടച്ചുപൂട്ടാൻ ഉത്തരവിടുകയും ഈ ഷോപ്പുകളിൽ അടുത്തിടെ എത്തിയവർ ക്വാറന്റൈനിൽ പ്രവേശിക്കമെന്നും ഡിസംബർ 22ന് ശേഷം ഹാംസ്റ്ററുകളെ വാങ്ങിയവർ അവയെ തങ്ങളെ ഏൽപ്പിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. നഗരത്തിലെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് ഭരണകൂടം ഇത്തരമൊരു തീരുമാനം സ്വീകരിച്ചിരിക്കുന്നത്. എന്നാൽ ഹാംസ്റ്ററുകളെ കൊല്ലുന്നതിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

ഭരണകൂടത്തിന്റെ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനത്തിൽ ആയിരക്കണക്കിന് ആളുകളാണ് ഒപ്പിട്ടത്. അതിനിടെ തങ്ങൾ വളർത്തുന്ന ഹാംസ്റ്ററുകളെ ഹോങ്കോങ്ങിൽ നിന്ന് പുറത്ത് കടത്താനും ചിലർ ശ്രമിക്കുന്നതായാണ് റിപ്പോർട്ട്. ഇതിനായി സ്വകാര്യ ജെറ്റുകൾ വരെ ബുക്ക് ചെയ്തവരുണ്ടെന്നാണ് വിവരം.

പെറ്റ് ഷോപ്പുകളിൽ നിന്ന് ഹാംസ്റ്ററുകളെ ഏറ്റെടുത്ത് വളർത്താൻ സന്നദ്ധതയറിയിച്ച് ചില സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, ആനിമൽ ഏഷ്യ ഉൾപ്പെടെയുള്ള സംഘടനകൾ ഭരണകൂടത്തിന്റെ തീരുമാനത്തിൽ അതൃപ്തി അറിയിച്ചിട്ടുണ്ട്. ഹാംസ്റ്ററുകളിൽ നിന്ന് മനുഷ്യരിലേക്ക് കൊവിഡ് പകരുന്നതിന് പ്രായോഗിക തെളിവുകൾ ഇതുവരെ ലഭ്യമല്ലെന്നും അവർ ചൂണ്ടിക്കാട്ടി.

 ഉയരുന്ന എതിർപ്പ്

തങ്ങളുടെ തീരുമാനം ശാസ്ത്രീയ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് വ്യക്തമാക്കിയ ഹോങ്കോങ്ങ് ഭരണകൂടം, തങ്ങൾ സ്വീകരിക്കുന്ന പ്രതിരോധ ശ്രമങ്ങൾക്കെതിരെ ചിലർ പ്രകടിപ്പിക്കുന്ന യുക്തിരഹിതമായ മനോഭാവത്തെ അപലപിക്കുകയും ചെയ്തു. ഒരു പെറ്റ് ഷോപ്പ് ജീവനക്കാരനിൽ കൊവിഡ് സ്ഥിരീകരിച്ചതാണ് ഹാംസ്റ്ററുകളെ കൊല്ലാനുള്ള തീരുമാനത്തിന് കാരണമെന്നും രോഗത്തിന്റെ ഉറവിടമറിയാൻ ഏതാനും ഹാംസ്റ്ററുകളെ പരിശോധിച്ചപ്പോൾ ഇവ പോസിറ്റീവാണെന്ന് കണ്ടെത്തിയെന്നും ഹോങ്കോങ്ങിലെ ചീഫ് എക്സിക്യൂട്ടിവിന്റെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.

വ്യാഴാഴ്ച വരെ 68 ഹാംസ്റ്ററുകളെ പൊതുജനങ്ങൾ തിരികെ ഏൽപ്പിച്ചതായി അധികൃതർ പറഞ്ഞു. നെതർലൻഡ്സിൽ നിന്ന് എത്തിച്ചതാണ് ഈ ഹാംസ്റ്ററുകൾ എന്നാണ് റിപ്പോർട്ട്. രോഗം സ്ഥിരീകരിച്ച പെറ്റ് ഷോപ്പ് ജീവനക്കാരൻ ഫൈസർ വാക്സിന്റെ രണ്ട് ഡോസുകളുമെടുത്തിരുന്നു.

ഹാംസ്റ്ററുകൾക്ക് ജനിതകപരമായി മനുഷ്യരുമായി സാമ്യമുണ്ടെന്നും ഹാംസ്റ്ററുകളിൽ കൊവിഡ് പടർന്നാൽ ഒരു പക്ഷേ, അത് അപകടകരമായ ഒരു വകഭേദം ഉടലെടുക്കാൻ കാരണമാകുമെന്നും ഗവേഷകർ പറയുന്നു. ആ വകഭേദം ഹോങ്കോങ്ങിലും തുടർന്ന് ലോകമെമ്പാടും വ്യാപിക്കാനുള്ള സാദ്ധ്യത തള്ളാനാകില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

 ജാഗ്രത വേണം

കഴിഞ്ഞ നവംബറിൽ നൂറുകണക്കിന് കൊവിഡ് കേസുകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ 17 ദശലക്ഷത്തിലധികം മിങ്കുകളെ ( ഒരിനം നീർനായ ) ഡെൻമാർക്കിൽ കൊന്നിരുന്നു. അതേ സമയം, മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് കൊവിഡ് പടരാനുള്ള സാദ്ധ്യത വളരെ കുറവാണെന്ന് ഗവേഷകർ സൂചിപ്പിക്കുന്നു. മനുഷ്യർ അടുത്തിടപഴകുന്നതിലൂടെ മൃഗങ്ങൾക്ക് കൊവിഡ് പിടിപെടാൻ സാദ്ധ്യതയുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം കേസുകൾ വളർത്തുമൃഗങ്ങളിലും മൃഗശാല ജീവികളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 ഹാംസ്റ്റർ

എലികളുടെ കുടുംബത്തിൽപ്പെട്ട കൈക്കുമ്പിളിൽ ഒതുങ്ങുന്നത്ര വലിപ്പമുള്ള ജീവി. ഇവയെ അരുമകളായി വളർത്തുന്നവർ ഏറെയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.