കൊച്ചി: സിനിമയിൽ നിന്ന് പിന്മാറിയതിന് ശേഷമല്ലേ ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ ആരോപണം ഉന്നയിച്ചതെന്ന് ഹൈക്കോടതി. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ 2017 ലാണ് ഗൂഢാലോചന നടത്തിയതെന്നാണ് ആരോപണം. അന്ന് ബാലചന്ദ്രകുമാർ ദിലീപിനൊപ്പമായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
നടിയെ ആക്രമിച്ച കേസിൽ വിഐപി ദിലീപിന് ദൃശ്യങ്ങൾ കൈമാറുന്നത് താൻ കണ്ടിട്ടുണ്ടെന്നും, അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നുമാണ് ബാലചന്ദ്രകുമാറിന്റെ അരോപണം. ബാലചന്ദ്രകുമാർ കെട്ടിയിറക്കിയ സാക്ഷിയാണെന്നാണ് ദിലീപിന്റെ വാദം.
ബാലചന്ദ്രകുമാറിന്റെ അഭിമുഖം ആസൂത്രിതമാണെന്നും, ആരോ പറഞ്ഞ് പഠിപ്പിച്ച രീതിയിലായിരുന്നു അഭിമുഖമെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ വൈരുദ്ധ്യമുണ്ട്, കഴിഞ്ഞ നാലുവർഷം ഇല്ലാത്ത ആരോപണമാണ് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്നതെന്നും ദിലീപിന്റെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി.