കൊല്ലങ്കോട്: പല്ലശ്ശന പാതയിൽ കണ്ണന്നൂർ കടവ് പാലം പുനർനിർമ്മാണത്തിനായി പൊളിച്ചുതുടങ്ങിയതോടെ ചെറുവാഹനങ്ങൾ കടന്നു പോകാനായി താത്കാലികമായി നിർമ്മിച്ച മണ്ണ് പാതയിൽ ചരക്ക് ലോറി കുടുങ്ങി. വെള്ളിയാഴ്ച രാത്രി പല്ലാവ്വൂർ ഭാഗത്തു നിന്നും വന്ന ചരക്ക് ലോറിയാണ് മൺപാതയിൽ ചക്രങ്ങൾ താഴ്ന്ന് കുടുങ്ങിയത്.
കേരളത്തിൽ നിന്നും പ്ലയ്വുഡ് കയറ്റിയ ലോറി തമിഴ്നാട്ടിലേക്ക് പോകുന്നതിനിടെയാണ് ശരിയായ മുന്നറിയിപ്പ് ലഭിക്കാത്തതിനെ തുടർന്ന് അപകടത്തിലായത്. താത്കാലികമായി നിർമ്മിച്ച മൺപാത ബലപ്പെടും മുമ്പേ അമിതഭാരം കയറ്റിയ ചരക്ക് ലോറി ഇതുവഴി കടന്നു പോയതാണ് അപകടത്തിൽപ്പെടാൻ ഇടയാക്കിയത്
ജെ.സി.ബി ഉപയോഗിച്ച് ചരക്കുകൾ ഇറക്കി ലോറി കയറ്റാനുള്ള ശ്രമം നടത്തി എങ്കിലും നടന്നില്ല. ഇതുവഴി കടന്നു പോകുന്ന ചെറു വാഹനങ്ങൾ പൂർണ്ണമായും കടക്കാൻ കഴിയാത്ത സ്ഥിതിയാണ്.
മുന്നറിയിപ്പ് ബോർഡുകളില്ല
പാലത്തിന്റെ ഇരുഭാഗത്തും പൊതുമരാമത്ത് വകുപ്പ് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. തൃശൂർ ഭാഗത്തു നിന്നും വരുന്ന ചരക്ക് വാഹനങ്ങൾ മംഗലം പാലത്തിൽ നിന്നും നെന്മാറ വഴി യാത്ര തുടരാതെ ആലത്തൂർ കുനിശ്ശേരി വഴിയാണ് പല്ലാവ്വൂർ കൊല്ലങ്കോട് വഴി പൊള്ളാച്ചിയിലേക്ക് പോകുന്നത്. ലോറി ഡ്രൈവർമാർ ഭൂരിപക്ഷം തമിഴ്നാട് സ്വദേശികളായതും മുന്നറിയിപ്പ് ബോർഡുകൾ തമിഴ്ഭാഷയിൽ പ്രദർശിപ്പിക്കാത്തതുമാണ് അപകടത്തിന് ഇടയാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |