ന്യൂഡൽഹി: റിപ്പബ്ളിക് ദിനാഘോഷങ്ങളുടെ സമാപനം കുറിച്ച് പാർലമെന്റിന് സമീപം വിജയ് ചൗക്കിൽ നടക്കുന്ന സായുധ സേനാംഗങ്ങളുടെ ബീറ്റിംഗ് റിട്രീറ്റ് ബാൻഡ് മേളയിൽ ഇക്കുറി സ്കോട്ടിഷ് ആംഗ്ളിക്കൽ സാഹിത്യകാരനായ ഹെൻറി ഫ്രാൻസിസ് ലൈറ്റ് രചിച്ച പ്രശസ്ത ഗാനം 'അബൈഡ് വിത്ത് മീ'യുടെ ഈണമുണ്ടാകില്ല. പാശ്ചാത്യ ഗാനങ്ങൾ ഘട്ടം ഘട്ടമായി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിവരം.
ജീവിതത്തിലും മരണത്തിലും ഒരുപോലെ തുണയാകാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്ന ഗാനം ഹെൻറി ക്ഷയം ബാധിച്ച് മരണക്കിടക്കയിൽ കിടന്നപ്പോൾ രചിച്ചതാണ്. ഗാന്ധിജിക്ക് പ്രിയപ്പെട്ട ഈ ഗാനം 1950മുതൽ ബീറ്റിംഗ് റിട്രീറ്റിന്റെ ആകർഷണങ്ങളിലൊന്നായിരുന്നു. കര, നാവിക, വ്യോമ, അർദ്ധ സൈനിക വിഭാഗങ്ങളുടെ ആറു ബാൻഡ് സംഘങ്ങളിൽ നിന്നുള്ള 44 ബഗ്ളർമാരും 75 ഡ്രമ്മർമാരും 25 ഈണങ്ങളാണ് ഇക്കുറി അവതരിപ്പിക്കുന്നത്. ഏറ്റവുമൊടുവിൽ പ്രശസ്തമായ 'സാരെ ജഹാൻ സേ അച്ഛാ' ഈണം വായിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |