വടക്കഞ്ചേരി: പുതുക്കോട് തച്ചനടിയിൽ കുടുംബവഴക്കിനെ തുടർന്ന് യുവാവ് അടിയേറ്റു മരിച്ചു. പഞ്ചായത്ത് ഗ്രൗണ്ടിന് സമീപം താമസിക്കുന്ന അബ്ബാസാണ് (40) മരിച്ചത്. പൊള്ളാച്ചി ആനമല സ്വദേശിയായ അബ്ബാസ് ഏഴ് വർഷത്തോളമായി തച്ചനടിയിലെ ഭാര്യവീട്ടിലാണ് താമസം. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയുണ്ടായ വഴക്കിനെ തുടർന്നുള്ള സംഘർഷത്തിൽ ബന്ധുക്കളുടെ മർദ്ദനമേറ്റാണ് മരിച്ചത്. കല്ല്കൊണ്ടും ഗ്യാസ്സിലിണ്ടർ കൊണ്ടും അടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അബ്ബാസിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെ ആറരയോടെ മരിച്ചു. സംഭവുമായി ബന്ധപ്പെട്ട് അബ്ബാസിന്റെ ഭാര്യയുടെ മാതൃസഹോദരിയുടെ മക്കളായ ജാഫർ സാദിക്ക് (25), മുഹമ്മദ് ഷാരിക്ക് (21) എന്നിവരെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ഭാര്യ: ഐഷ. മക്കൾ: അസ്ന, മുഹമ്മദ് അസ്ലം, മുഹമ്മദ് അൻസിൽ.