SignIn
Kerala Kaumudi Online
Thursday, 25 April 2024 1.52 PM IST

സെറിഫെഡിലെ തൊഴിൽ കുംഭകോണം

serifed

സംസ്ഥാനത്ത് പട്ടുനൂൽപുഴു വളർത്തൽ വാണിജ്യാടിസ്ഥാനത്തിൽ വികസിപ്പിക്കാനും ഗ്രാമീണ ജനതയ്ക്ക് തൊഴിലവസരങ്ങൾ പ്രദാനം ചെയ്യാനുമായി ആരംഭിച്ച 'സെറിഫെഡ്" ഏറ്റവും വലിയ തൊഴിൽ തട്ടിപ്പുകേന്ദ്രമായി മാറിയതിന്റെ പിന്നാമ്പുറ കഥകൾ ജനത്തിനറിയാം. ഹൈക്കോടതിയുടെ കണ്ണിലും അത് പെട്ടിരിക്കുന്നു. സെറിഫെഡിന്റെ ചുമതല വഹിച്ചിരുന്നവർ മാനദണ്ഡം പാലിക്കാതെ മുന്നൂറോളം അനധികൃത നിയമനങ്ങൾ നടത്തിയതിനെ സംസ്ഥാനം കണ്ട ഏറ്റവും വലിയ തൊഴിൽ കുംഭകോണം എന്നാണ് കോടതി വിശേഷിപ്പിക്കുന്നത്. സെറിഫെഡിൽ ഇത്തരത്തിൽ നിയമനം ലഭിച്ചവരെല്ലാം പിന്നീട് സർക്കാർ ജീവനക്കാരായി മാറി.

കേവലം ഇരുപത്തഞ്ച് ഉദ്യോഗസ്ഥരെ വച്ച് നടത്താവുന്ന സ്ഥാപനത്തിന് ജില്ലകൾ തോറും ഓഫീസും പരിവാരങ്ങളുമായത് സർക്കാരിന്റെ മൗനാനുവാദത്തോടെയാണ് . പട്ടുനൂലോ പട്ടുനൂൽ കൃഷിയോ വികസിച്ചില്ലെങ്കിലും ഇതിന്റെ മറവിൽ സ്വന്തക്കാർക്കും പാർശ്വവർത്തികൾക്കും ഉദ്യോഗം തരപ്പെടുത്താൻ സെറിഫെഡിന്റെ തലപ്പത്തിരുന്നവർക്ക് സാധിച്ചു. സ്ഥാപനം ഇനി മുന്നോട്ടുപോവില്ലെന്ന് ഉറപ്പായതോടെ ജീവനക്കാരിൽ 271പേരെ സർക്കാർ ലാവണങ്ങളിൽ കുടിയിരുത്താനും അവർക്കായി. ഇപ്പോൾ അവർ സർക്കാർ ജീവനക്കാരെന്ന നിലയിൽ എല്ലാവിധ ആനുകൂല്യങ്ങളും പറ്റി സുഖമായി കഴിയുന്നു. ഈ തൊഴിൽ കുംഭകോണത്തെക്കുറിച്ച് അന്വേഷണം നടത്തി ഉചിത നടപടിയെടുക്കാനാണ് കോടതി സർക്കാരിനു നൽകിയ നിർദ്ദേശം. സെറിഫെഡ് ഡയറക്ടർ ബോർഡ് അംഗങ്ങൾക്കെക്കെതിരെ എന്തു നടപടിയെടുക്കാനാണെന്ന ചോദ്യം ബാക്കിയാണ്. കാരണം സർക്കാരിന്റെയും രാഷ്ട്രീയക്കാരുടെയും അനുഗ്രഹാശിസുകളോടെയാണ് കുംഭകോണം നടന്നത്.

തൊഴിൽരഹിതരായ ഗ്രാമീണ വനിതകൾക്കു തുണയാകേണ്ട ഒരു സ്ഥാപനം സർക്കാരിന്റെ ഭാഗമായി നിന്നുകൊണ്ട് ഇതുപോലൊരു വഞ്ചനയ്ക്കും തിരിമറികൾക്കും മുതിർന്നുവെന്നത് ആശ്ചര്യകരമാണ്. കേന്ദ്ര - സംസ്ഥാന സർക്കാരുകളിൽ നിന്നും കേന്ദ്ര സിൽക്ക് ബോർഡിൽ നിന്നുമൊക്കെ വൻതോതിൽ ഗ്രാന്റ് സമ്പാദിക്കാൻ സെറിഫെഡിനു സാധിച്ചിരുന്നു. പട്ടുനൂൽകൃഷി വളർത്താനല്ല, അനധികൃതമായി നിയമിച്ചവർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാനാണ് തുക മുഴുവൻ വിനിയോഗിച്ചത്. ഇതിനെപ്പറ്റിയെല്ലാം സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ പുറത്തുകൊണ്ടുവരാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഒരുദ്യോഗത്തിനായി ലക്ഷക്കണക്കിനു യുവതീയുവാക്കൾ വർഷങ്ങളായി കാത്തിരിക്കുന്നയിടത്താണ് നല്ല ഉദ്ദേശ്യലക്ഷ്യങ്ങളോടെ തുടങ്ങിയ സെറിഫെഡിന്റെ മറവിൽ നിയമനത്തട്ടിപ്പുകൾ നടന്നതെന്നോർക്കണം.

സർക്കാരിന്റെ കീഴിലുള്ള എണ്ണമറ്റ ബോർഡുകളിലും കോർപ്പറേഷനുകളിലുമൊക്കെ കാലാകാലങ്ങളായി നടന്നുവരുന്നതാണ് ഇതുപോലുള്ള നിയമവിരുദ്ധ നിയമനങ്ങൾ. ബോർഡുകളും കോർപ്പറേഷനുകളും മുന്നണിയിലെ ഘടകകക്ഷികൾക്ക് പങ്കുവയ്ക്കുകയാണ്. അതോടെ അവ ആ കക്ഷിക്കു സ്വന്തം. സർക്കാർ ശമ്പളം നൽകുന്ന എല്ലാ സ്ഥാപനങ്ങളിലെയും നിയമനങ്ങൾ പി.എസ്.സി വഴി നടത്തണമെന്നാണ് വയ്പ്. എന്നാലതു മറികടക്കുന്ന സ്ഥാപനങ്ങൾ ഇപ്പോഴുമുണ്ട്. സർക്കാർ വകുപ്പുകളിൽത്തന്നെ സ്ഥിരം ഒഴിവുകൾ സമയത്ത് റിപ്പോർട്ട് ചെയ്യാതെ സ്വന്തക്കാരെ താത്‌കാലികക്കാരായി തിരുകിക്കയറ്റുന്ന സമ്പ്രദായം നിലനിൽക്കുന്നു. റാങ്ക് ലിസ്റ്റ് കാലാവധി ഒന്നിലധികം തവണ നീട്ടിയിട്ടും നിയമനം നടക്കാതെ റദ്ദാകുന്നവയും ഏറെ. ഓരോ വകുപ്പിലെയും താത്‌കാലികക്കാരുടെ സംഖ്യ എടുത്താൽ സത്യം ബോദ്ധ്യമാകും.

സെറിഫെഡിൽ എത്ര കൗശലത്തോടെയാണ് കാര്യങ്ങൾ നീക്കിയത് എന്നറിയണമെങ്കിൽ 1994-ൽ അതു രൂപീകൃതമായതു മുതലുള്ള ചരിത്രം പരിശോധിക്കണം. അനധികൃത നിയമനം നടത്താൻവേണ്ടി മാത്രമാണ് അത് സ്ഥാപിക്കപ്പെട്ടത്. ഉദ്യോഗസ്ഥഭാരം താങ്ങാനാകാതെയാണ് സ്ഥാപനം തകർന്നത്. ഇതിനു കൂട്ടുനിന്നവരും ഒത്താശ ചെയ്തവരുമൊക്കെ ഇപ്പോഴും വിലസി നടക്കുന്നുണ്ടാവാം. എന്ത് അന്വേഷണം നടന്നാലും ഇവരിലാർക്കും ഒരു പോറൽ പോലും ഏൽക്കില്ലെന്ന കാര്യവും സുനിശ്ചിതമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.