SignIn
Kerala Kaumudi Online
Thursday, 25 April 2024 12.07 AM IST

നേതാജിയെ മറന്ന് ചെഗുവേരയെ പിന്തുടരരുത്

gadhi

ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിൽ ആരോടും തുലനം ചെയ്യാൻ കഴിയാത്ത നാമധേയമാണ് നേതാജി സുഭാഷ് ചന്ദ്രബോസ്. ധീരസാഹസികനായ പടത്തലവൻ, മികച്ച സംഘാടകൻ, പ്രഗത്ഭനായ വാഗ്മി, എഴുത്തുകാരൻ, യുദ്ധകാര്യ വിദഗ്ദ്ധൻ, കഴിവുറ്റ ഭരണാധികാരി, ദീർഘവീക്ഷണപടുവായ ധിഷണാശാലി സർവോപരി മാതൃരാജ്യത്തിനായി സർവവും സമർപ്പിച്ച വ്യക്തിത്വം എന്നിങ്ങനെ എല്ലാ വിശേഷണങ്ങൾക്കും അർഹനാണ് നേതാജി സുഭാഷ് ചന്ദ്രബോസ്.

വിദ്യാഭ്യാസ കാലഘട്ടത്തിൽത്തന്നെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തോടുള്ള വിരോധം മനസ്സിൽ കനലാക്കി നീറ്റിയ സുഭാഷ്ചന്ദ്രബോസ് പിൽക്കാലത്ത് ബ്രിട്ടനെതിരായ യുദ്ധത്തിൽ ഇന്ത്യയുടെ പടനായകനാവുകയായിരുന്നു. സാമ്രാജ്യത്വം ഏറ്റവും ഭയപ്പെട്ടിരുന്ന നേതാവായിരുന്നു സുഭാഷ് ചന്ദ്രബോസ്. അതുകൊണ്ടുതന്നെ ബ്രിട്ടന്റെ ഒന്നാം നമ്പർ യുദ്ധക്കുറ്റവാളിയും ഏറ്റവും വലിയ ശത്രുവും സുഭാഷ് ചന്ദ്രബോസായിരുന്നു.

1921 ൽ ഇന്നത്തെ ഐ.എ.എസിനു തുല്യമായ ഐ.സി.എസ്. പരീക്ഷ നാലാം റാങ്കോടു കൂടി പാസായ സുഭാഷ് ചന്ദ്രബോസ് ഉന്നതമായ ആ പദവി ഉപേക്ഷിച്ച് സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടുകയായിരുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്ന അപൂർവം നേതാക്കളിൽ പ്രമുഖനായിരുന്നു നേതാജി. 1939ൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച് ഫോർവേഡ് ബ്ലോക്ക് രൂപീകരിച്ച അദ്ദേഹം ബ്ലോക്കിന്റെ ലക്ഷ്യങ്ങൾ വിശദീകരിക്കുന്ന സന്ദർഭത്തിൽ പറയുന്നത് :
1. പൂർണസ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്ന ഫോർവേഡ് ബ്ലോക്ക് അതിനായി സാമ്രാജ്യത്വ ശക്തികൾക്കെതിരായി സന്ധിയില്ലാത്ത സമരം നടത്തും.
2. ഏറ്റവും ആധുനികവത്‌കൃതമായ സോഷ്യലിസ്റ്റ് രാജ്യമായി ഇന്ത്യയെ പരിവർത്തനം ചെയ്യും.
3. ശാസ്ത്രീയാടിസ്ഥാനത്തിൽ അവശ്യസാധനങ്ങളുടെ വൻ തോതിലുള്ള ഉത്‌പാദനത്തിൽക്കൂടി സാമ്പത്തിക പുനർനിർമ്മാണ പ്രക്രിയ ത്വരിതപ്പെടുത്തും.
4. ഉത്പാദനത്തിന്റെയും വിതരണത്തിന്റെയും പൂർണനിയന്ത്രണം സാമൂഹ്യ ഉടമസ്ഥതയിൽ കൊണ്ടുവരും.
5. മതവിശ്വാസത്തിന്റെയും ആരാധനയുടെയും കാര്യത്തിൽ ഓരോ വ്യക്തിയ്ക്കും പൂർണസ്വാതന്ത്ര്യം ഉറപ്പുവരുത്തും.
6. ഇന്ത്യയിലെ ഓരോ വ്യക്തിയ്ക്കും തുല്യമായ അവകാശങ്ങൾ അംഗീകരിച്ചു കൊടുക്കും.
7. എല്ലാ ആളുകൾക്കും അവരവരുടേതായ ഭാഷാപരവും സാംസ്‌കാരികവുമായ കാര്യങ്ങളിലുള്ള സ്വയം നിർണയാവകാശം അംഗീകരിച്ചു കൊടുക്കും.
8. സമത്വത്തിന്റെയും സാമൂഹ്യനീതിയുടെയും ആദർശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പുതിയ വ്യവസ്ഥിതി ഇന്ത്യയിൽ കെട്ടിപ്പടുക്കും.
ഇപ്പോഴത്തെ നമ്മുടെ ഭരണഘടനയുടെ പല മൂല്യങ്ങളും മേൽപ്പറഞ്ഞ ലക്ഷ്യങ്ങളിൽനിന്നും നമുക്ക് വായിച്ചെടുക്കാനാകും. സുഭാഷ് ചന്ദ്രബോസ് ഒരു സോഷ്യലിസ്റ്റ് ആയിരുന്നു. എന്നാൽ അദ്ദേഹം അന്ധമായ അനുകരണങ്ങളിൽ വിശ്വസിച്ചിരുന്നില്ല. സോഷ്യലിസ്റ്റ് മാതൃകകൾ കയറ്റുമതി ചെയ്യാനോ ഇറക്കുമതി ചെയ്യാനോ കഴിയില്ലെന്നും ഓരോ രാജ്യവും അവരവരുടെ സാഹചര്യങ്ങൾക്കും ആവശ്യങ്ങൾക്കും അനുഗുണമായ വിധത്തിലും ചരിത്രഭൂമിശാസ്ത്രങ്ങളോട് നീതി പുലർത്തിയും സോഷ്യലിസം നടപ്പിൽ വരുത്തണമെന്നും അദ്ദേഹം വാദിച്ചു. അതിനാൽ ഇന്ത്യയ്ക്ക് ആവശ്യം 'ഇന്ത്യൻ സോഷ്യലിസം' ആണെന്നും അദ്ദേഹം സമർത്ഥിച്ചു. അന്ന് അദ്ദേഹത്തോട് യോജിക്കാതിരുന്നവർ പിന്നീട് അദ്ദേഹം ശരിയാണെന്ന് സമ്മതിച്ചു. ചൈന 'ചൈനീസ് സോഷ്യലിസവും' വിയറ്റ്നാം 'ഡോയ് മോയ്' എന്ന 'വിയറ്റ്നാം സോഷ്യലിസവും' ക്യൂബ 'ക്യൂബൻ സോഷ്യലിസവും' ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ അവരവരുടെ സാഹചര്യങ്ങൾക്കനുസരിച്ചുള്ള സോഷ്യലിസ്റ്റ് രീതികളും പിന്തുടരുമ്പോൾ നേതാജി എത്ര ദീർഘവീക്ഷണത്തോടെയാണ് സ്വതന്ത്രാനന്തര ഇന്ത്യയുടെ ലക്ഷ്യങ്ങൾ നിർവചിച്ചതെന്ന് നമുക്ക് മനസ്സിലാകും.

നേതാജിയെ മറന്ന് ചെഗുവേരയേ മാത്രം നെഞ്ചിലേറ്റുന്ന ആധുനിക യുവത്വം ഈ വിപ്ലവ സാഹസിക ചരിത്രം കൂടി വായിച്ചിരിക്കുന്നത് നല്ലതാണ്. ഐ.എൻ.എ സംഘടിപ്പിച്ച സുഭാഷ് ചന്ദ്രബോസ്, 1943 ഒക്ടോബർ 21ന് സ്വതന്ത്ര ഇന്ത്യയ്ക്കായുള്ള താത്ക്കാലിക ഗവണ്മെന്റും (ആസാദ് ഹിന്ദ് സർക്കാർ) പ്രഖ്യാപിച്ചു. നേതാജിയുടെ സർക്കാരിനെ ഒമ്പത് രാജ്യങ്ങൾ അംഗീകരിച്ചു.
മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യത്തിനകത്ത് നടന്ന ജനകീയ സഹനസമരവും നേതാജിയുടെ നേതൃത്വത്തിൽ ഇന്ത്യയ്ക്ക് പുറത്തുനടന്ന സായുധ സമരവും ഒന്നുച്ചേർന്നപ്പോഴാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കരഗതമായത്. എന്നാൽ ഇന്ത്യയുടെ സായുധ സമരത്തിന് –യുദ്ധത്തിന് നേതൃത്വം നൽകിയ സുഭാഷ് ചന്ദ്രബോസിനെ പിൽക്കാല ചരിത്രകാരന്മാർ വേണ്ടവിധം രേഖപ്പെടുത്തിയില്ല. 'കേരളകൗമുദി' 1968 ഒക്ടോബർ 23ന് എഴുതിയ മുഖപ്രസംഗം ഇത്തരുണത്തിൽ പ്രസക്തമാണ്. 'ഗാന്ധിജിയുടെയും നേതാജിയുടെയും ആദർശങ്ങളും കർമ്മപരിപാടികളും തമ്മിൽ ധ്രുവങ്ങളുടെ അന്തരമുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്റെ രണ്ടു ഭിന്നവശങ്ങളാണ് ഈ നേതാക്കന്മാർ പ്രതിനിധാനം ചെയ്യുന്നത്. രണ്ടു വശങ്ങളിൽ ഒന്നിനെ മാത്രം പെരുപ്പിച്ച് കാണിക്കുകയോ, ഒരു നേതാവിനെ മാത്രം ഉയർത്തിപ്പിടിക്കുകയോ ചെയ്യുന്നത് നീതിയായിരിക്കില്ല. നിർഭാഗ്യവശാൽ അങ്ങനെയൊരു ശ്രമം ബോധപൂർവമായും സംഘടിതമായും ഭരണകൂടത്തിന്റെ പിൻബലത്തോടു കൂടിയും ഇന്ത്യയിൽ നടക്കുന്നുണ്ടെന്ന് പറയേണ്ടിയിരിക്കുന്നു. ബോസിന്റെ ചരിത്രം ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രമാണ്. അദ്ദേഹം ആസാദ് ഹിന്ദ് ഗവൺമെന്റ് പ്രഖ്യാപിക്കാതിരിക്കുകയും, ആസാദ് ഹിന്ദ് ഫൗജ് (ഐ.എൻ.എ) സംഘടിപ്പിക്കാതിരിക്കുകയും ചെയ്തിരുന്നെങ്കിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഗതി എന്താകുമായിരുന്നു എന്ന് പറയുക പ്രയാസമാണ്.

(ലേഖകൻ ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറിയാണ്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUBHASJ CHAMDRA BOSE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.