കോഴിക്കോട്: തേഞ്ഞിപ്പാലത്ത് ജീവനൊടുക്കിയ പോക്‌സോ കേസ് ഇരയുടെ ആത്മഹത്യാക്കുറിപ്പിൽ സിഐയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി ജീവനൊടുക്കിയത്. മുൻപ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചപ്പോൾ എഴുതിയ കുറിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
പോക്‌സോ കേസ് അന്വേഷിച്ച ഫറോക്ക് പൊലീസ് സ്‌റ്റേഷനിലെ സി ഐ തന്നെ മോശം പെൺകുട്ടിയെന്ന് വിളിച്ച് അപമാനിച്ചുവെന്നാണ് കുറിപ്പിൽ പറയുന്നത്. പീഡനത്തെക്കുറിച്ച് സിഐ നാട്ടുകാരോടെല്ലാം പറഞ്ഞുവെന്നും, പ്രതിശ്രുത വരനെ ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി ആരോപിക്കുന്നു.
തന്റെ നിലവിലെ മാനസികാവസ്ഥയ്ക്ക് കാരണം സി ഐയാണെന്നും കുറിപ്പിൽ പറയുന്നുണ്ട്. വിവാഹാലോചന നടക്കുന്ന സമയത്ത് പെണ്ണുകാണാൻ എത്തിയ യുവാവിനോടാണ് പെൺകുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്. ബന്ധുക്കളടക്കം ആറ് പേരാണ് പീഡിപ്പിച്ചത്. തുടർന്ന് പൊലീസിൽ പരാതി നൽകി.
എന്നാൽ പ്രതിശ്രുത വരനെ സിഐ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്നും, താൻ മോശം പെൺകുട്ടിയാണെന്നും വിവാഹം കഴിക്കേണ്ടെന്നും പറഞ്ഞു. തെളിവെടുപ്പിനായി കൊണ്ടുപോയപ്പോൾ നാട്ടുകാരോടെല്ലാം പീഡനവിവരം പറഞ്ഞ് അപമാനിച്ചു. പുറത്തിറങ്ങാൻ പോലും വയ്യാത്ത അവസ്ഥയാണെന്നുമാണ് കുറിപ്പിൽ പറയുന്നത്.