കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ദിലീപ് ചോദ്യം ചെയ്യലുമായി സഹകരിച്ചുവെന്ന് എസ് പി മോഹനചന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. അഞ്ചുപേരേയും ഒറ്റയ്ക്കിരുത്തിയാണ് ചോദ്യം ചെയ്തത്. സൂരജ്, ബൈജു, അപ്പു എന്നിവരുടെ കൈവശമുണ്ടായിരുന്ന മൊബൈല് ഫോണുകൾ പിടിച്ചെടുത്തതായും ഉദ്യോഗസ്ഥന് പറഞ്ഞു. മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. ഡിജിറ്റൽ തെളിവുകളുടെ പരിശോധനാ ഫലം നാളെ ലഭിക്കുമെന്നും എസ്.പി പറഞ്ഞു.
രാവലെ ഒമ്പത് മുതൽ രാത്രി എട്ട് വരെയാണ് ചോദ്യം ചെയ്യലിന് കോടതി അനുമതിയുണ്ടായിരുന്നത്. കൃത്യം എട്ട് മണിക്ക് തന്നെ ചോദ്യം ചെയ്യൽ അവസാനിപ്പിച്ചിരുന്നു. 11 മണിക്കൂറാണ് ചോദ്യം ചെയ്തത്.
ഹൈക്കോടതി ഉത്തരവിനെതുടർന്ന് രാവിലെ 8.40 നാണ് ആലുവയിലെ പദ്മസരോവരം വീട്ടിൽ നിന്ന് ചോദ്യം ചെയ്യലിനായി പ്രതികൾ പുറപ്പെട്ടത്. ദിലീപിനൊപ്പം രണ്ടാം പ്രതിയും സഹോദരനുമായ അനൂപ്, മൂന്നാം പ്രതിയും സഹോദരി ഭർത്താവുമായ സുരാജ് എന്നിവരുമുണ്ടായിരുന്നു. 8.52ന് കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. എതാണ്ട് ഇതേ സമയത്തുതന്നെ കേസിലെ മറ്റു രണ്ടു പ്രതികളായ ബാബു ചെങ്ങമനാടും അപ്പുവും ഹാജരായി. എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തിൽ അഞ്ചുപേരെയും വെവ്വേറെ ഇരുത്തിയാണ് ആദ്യഘട്ടത്തിൽ മൊഴിയെടുത്തത്. ഉച്ചയോടെ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ് ശ്രീജിത്തും ഐ.ജി ഗോപേഷ് അഗർവാളുമെത്തി ദിലീപിനെ ചോദ്യം ചെയ്തു. കൊലപാതക ഗൂഡാലോചന സംബന്ധിച്ച് ദിലീപിനും കൂട്ടുപ്രതികൾക്കും പറയാനുളളത് മുഴുവൻ കേൾക്കുകയാണ് ആദ്യ ദിവസം അന്വേഷണ സംഘം ചെയ്തത്.
മൊഴികൾ വിശദമായി പരിശോധിച്ച ശേഷം നാളെ പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. മൊഴികളിൽ വൈരുദ്ധ്യമുണ്ടോയെന്ന് പരിശോധിച്ച ശേഷമാണ് പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുക. ദിലീപിനെതിരെ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തുമെന്നും റിപ്പോർട്ടുണ്ട്. ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും സാദ്ധ്യതയുണ്ട്.
രാത്രി എട്ടുമണിയോടെ ചോദ്യം ചെയ്യൽ അവസാനിച്ചതിന് പിന്നാലെ ദിലീപും സഹോദരനും അടക്കമുളളവർ ആലുവയിലെ വീട്ടിലേക്ക് പോയി. നാളെ രാവിലെ 9 മുതൽ ചോദ്യം ചെയ്യൽ തുടരും