ലക്നൗ: രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനായ ധർമ്മേന്ദ്ര പ്രതാപ് സിംഗ് (46) സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പം സിംഗ് നിൽക്കുന്ന ചിത്രവും പാർട്ടി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു. മത്സരിക്കാൻ അവസരം ലഭിക്കുകയാണെങ്കിൽ പ്രതാപ്ഗഢിൽ നിന്ന് ജനവിധി നേടാനാണ് ആഗ്രഹമെന്ന് സിംഗ് പറഞ്ഞു. പ്രതാപ്ഗഢിലെ നർഹർപൂർ കാസിയാഹി ഗ്രാമവാസിയാണ് സിംഗ്. 8 അടി 2 ഇഞ്ച് ഉയരമുള്ള സിംഗ് രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനാണ്. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ പുരുഷന്മാരിൽ ഒരാളായും സിംഗിനെ കണക്കാക്കപ്പെടുന്നു. ലോകത്തെ ഏറ്റവും ഉയരം കൂടിയ വ്യക്തിയെക്കാൾ 11 സെന്റിമീറ്റർ നീളം സിംഗിന് കുറവാണ്.
ബിരുദാനന്തര ബിരുദമുള്ള സിംഗിന് ഉയരക്കൂടുതൽ മൂലം ഇതുവരെ ജോലിയൊന്നും നേടാനായിട്ടില്ല. കുനിയുന്നതിനും ബുദ്ധിമുട്ടുണ്ട്. അവിവാഹിതനാണ്. കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന യു.പി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്കുവേണ്ടി സിംഗ് പ്രചാരണം നടത്തിയിരുന്നു.