ലക്നൗ: രണ്ടു വർഷത്തോളം നീണ്ട കിരീടമില്ലാത്ത നാളുകൾക്ക് വിട നൽകി സയ്യിദ് മോദി അന്താരാഷ്ട്ര ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിന്റെ വനിതാ സിംഗിൾസിൽ പി.വി സിന്ധു ചാമ്പ്യനായി.
ഫൈനലിൽ ഇന്ത്യയുടെ തന്നെ മാളവിക ബൻസോദിനെ നേരിട്ടുള്ള ഗെയിമുകളിൽ കീഴടക്കിയാണ് രണ്ട് ഒളിമ്പിക്സ് മെഡലുകൾ നേടിയിട്ടുള്ള സിന്ധുവിന്റെ പട്ടാഭിഷേകം.
2019ൽ ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ ശേഷം ആദ്യമായാണ് സിന്ധു ഒരു ടൂർണമെന്റിൽ ചാമ്പ്യനാകുന്നത്. സയ്യിദ് മോദി ചാമ്പ്യൻഷിപ്പിൽ സിന്ധുവിന്റെ രണ്ടാം സ്വർണ നേട്ടമാണിത്.
ലക്നൗവിലെ ബാബു ബനാറിദാസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ 35 മിനിട്ടിനുള്ളിൽ 21-13, 21-16ന് സിന്ധു മാളവികയുടെ വെല്ലുവിളി അവസാനിപ്പിച്ചു. മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ ഇഷാൻ ഭട്നാകർ-തനീഷ ക്രാസ്റ്റോ സഖ്യവും ചാമ്പ്യൻമാരായി.