SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.09 AM IST

കൊവിഡ് എന്ന ബൂർഷ്വാസി

varavisesham

കൊവിഡിനെതിരായ യുദ്ധം തീവ്ര മുതലാളിത്ത സാമ്പത്തിക നയങ്ങൾക്കെതിരായ സൈദ്ധാന്തിക യുദ്ധമാക്കിക്കൊണ്ടുള്ള ബഹുജനസമരമാക്കി മാറ്റണമെന്ന് രണ്ടുകൊല്ലം മുമ്പ് ആഹ്വാനം ചെയ്തത് എം.എ. ബേബി സഖാവായിരുന്നു. ഹോ! ബേബിസഖാവ് പറഞ്ഞ് തീരുന്നതുവരെയും ആ ചുണ്ടനക്കം നോക്കി നിന്നവർക്ക് ശ്വാസം അകത്തേക്കോ പുറത്തേക്കോ വിടാനാവാത്ത വിമ്മിഷ്ടമായിരുന്നു! പറഞ്ഞ് തീർന്നപ്പോഴാണ് ശ്വാസം നേരെവീണതെന്ന് പലരും പറഞ്ഞു. എന്നിട്ടും അന്ന് അതാരും ഗൗനിക്കാതിരുന്നത് തെറ്റ്. ബേബി സഖാവിനെ അണ്ടർ എസ്റ്റിമേറ്റ് ചെയ്തത് അതിലും വലിയ തെറ്റ്.

'അവളെ പേടിച്ചാരും നേർവഴി നടപ്പീല,​ ഭൂവനവാസി ജനം,​ ഭുവനേശ്വരി പോറ്റി' എന്ന് താടകയെ കണ്ട ജനത്തെപ്പോലെ കൊവിഡിനെയും നോക്കി ജനം താടിക്ക് കൈയും കൊടുത്തിരിക്കുകയായിരുന്നു. ആ നേരത്ത് ബേബിസഖാവിന്റെ ആഹ്വാനം വലിയൊരു തിരിച്ചറിവായി ജനം കണക്കിലെടുക്കേണ്ടതായിരുന്നു. ഈ ജനത്തിന്റെ സ്വഭാവം അങ്ങനെയാണല്ലോ. വേണ്ടത് വേണ്ടപ്പോൾ ചെയ്യില്ല. പോകപ്പോകെ കൊവിഡിന്റെ തനിസ്വരൂപം നാട്ടിൽ പ്രകടമായി തുടങ്ങി. അവൻ ആൾ തനി ബൂർഷ്വാസി തന്നെയെന്ന് അനുനിമിഷമുള്ള പ്രവൃത്തികളാൽ സ്വയം തെളിയിച്ചു കൊണ്ടിരുന്നു. ഉത്‌പാദനോപാധികളെല്ലാം കൈയടക്കി വച്ചിരിക്കുന്ന അധീശശക്തിക്കെതിരായ പോരാട്ടം ബേബി സഖാവ് പറഞ്ഞ ആ നിമിഷത്തിൽ, തുടങ്ങിയിരുന്നെങ്കിൽ ഒരുപക്ഷേ കൊവിഡ് നാട്ടിലിങ്ങനെ സ്വൈരവിഹാരം നടത്തില്ലായിരുന്നു. ​ നാട്ടിലെ മുക്കാലേ അരക്കാലും ആളുകളെല്ലാം ക്രോണി ക്യാപ്പിറ്റലിസ്റ്റുകളായിപ്പോയാൽ എന്ത് ചെയ്യാനാണ്! അതായത് മുതലാളിത്തത്തിന്റെ ചങ്ങാതിമാർ. അവർ കൊവിഡിനെതിരായ പോരാട്ടത്തിൽ താത്‌പര്യം കാണിച്ചില്ല. മറിച്ച് അവനോട് കൂട്ടുകൂടാനാണ് താത്‌പര്യം കാട്ടിയത്. ജനകീയ ജനാധിപത്യ വിപ്ലവപാതയിൽ ഇത് വലിയൊരു പ്രതിബന്ധം തന്നെയാണ്. അത് സൃഷ്ടിച്ച വെല്ലുവിളികളും പ്രതിസന്ധികളും ബേബിസഖാവിനെ വല്ലാതെ ആശങ്കാകുലനാക്കിയിരുന്നു. എങ്കിലും അദ്ദേഹം നിരാശനോ ഹതാശനോ ആവാതെ പിടിച്ചുനിന്നു. കൊവിഡിനെതിരായ പോരാട്ടം തീവ്രമുതലാളിത്ത സാമ്പത്തിക അധീശശക്തിക്കെതിരായ പോരാട്ടമാക്കി മാറ്റാൻ ബേബി സഖാവ് ആഹ്വാനം ചെയ്തിട്ടും ആരും ചെവിക്കൊള്ളാതിരുന്നതിന്റെ ദുരന്തഫലം നാട്ടിൽ സർവത്ര നടമാടി. കൊവിഡ് വന്ന് വിലസി. പിണറായി സഖാവ് പോലും ഡബിൾ മാസ്കിട്ട് നടന്നു!

പതിയെപ്പതിയെ ആണെങ്കിലും നാട്ടുകാർ കൊവിഡ് ബൂർഷ്വാസിക്കെതിരായ പോരാട്ടം ഏറ്റെടുക്കുന്നതിന്റെ സൂചനകൾ കണ്ട് തുടങ്ങിയതോടെയാണ് വിപ്ലവപാതയിലേക്കുള്ള തന്റെ പോരാട്ടം സാർത്ഥകമായെന്ന് ബേബി സഖാവും തിരിച്ചറിയുന്നത്. അദ്ദേഹത്തിൽ അത് അനല്പമായ ആഹ്ലാദം സൃഷ്ടിച്ചെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല.

ഇന്നിപ്പോൾ കേരളത്തിലെ പാർട്ടി ആ പോരാട്ടം അനവരതം ഏറ്റെടുത്തിരിക്കുന്നു. ബേബി സഖാവിനെ സംബന്ധിച്ചിടത്തോളം കേരളത്തിലെങ്കിലും ജനകീയ ജനാധിപത്യ വിപ്ലവപാത വെട്ടിത്തെളിക്കപ്പെടുന്നു എന്നത് അത്യധികമായ സന്തോഷം പകരുന്നു. ചൈന, ക്യൂബ, വിയറ്റ്നാം, ലാവോസ് കഴിഞ്ഞാൽ പിന്നെ ബേബിസഖാവ് ഉറ്റുനോക്കുന്നത് പലപ്പോഴും കേരളത്തിലേക്കാണ്. വിപ്ലവത്തിന്റെ വഴി കല്ലും മുള്ളും നിറഞ്ഞതാണെന്ന് അറിയാവുന്ന ബേബിസഖാവിന് കേരളത്തിൽ ആ കഠിനപാത പൂമെത്ത പോലെ സ്വീകരിക്കുന്നവരെ കാണുമ്പോൾ രോമാഞ്ചം വരാറുണ്ട്. അങ്ങനെയാണ് പാർട്ടി സമ്മേളനങ്ങളിലൂടെ കൊവിഡിനെതിരായ പോരാട്ടത്തിൽ ബേബിസഖാവ് ആവേശം കൊണ്ടത്. വളരെ ശാസ്ത്രീയമായാണ് കൊവിഡിനെതിരായ പോരാട്ടം പാർട്ടി സമ്മേളനങ്ങളിലൂടെ നടത്തിയെടുക്കുന്നതെന്ന് സഖാവ് കഴിഞ്ഞ ദിവസം തൃശൂരിൽ പറയുകയുണ്ടായി. ബൂർഷ്വാസികൾക്കെതിരായ പോരാട്ടം തീർത്തും ശാസ്ത്രീയമാകണം. ചിലപ്പോൾ മെഗാ തിരുവാതിര വേണ്ടി വന്നേക്കാം. മറ്റ് ചിലപ്പോൾ അടച്ചിട്ടമുറിയിൽ പത്തിരുന്നൂറ്റിയമ്പത്- മുന്നൂറ് ആളുകളെ ഒരുമിച്ചിരുത്തി ഗറില്ലായുദ്ധമായി നടത്തേണ്ടി വരാം. പാർട്ടി കോഡ് ഭാഷയിൽ അതിന് സമ്മേളനം എന്നൊക്കെ പറയും.

ശരിക്കും കൊവിഡ് എന്ന അതിഭീകരനായ സാമ്പത്തിക മുതലാളിത്ത അധീശശക്തി ഈ വിപ്ലവ യുദ്ധത്തെ അതിജീവിക്കാനാവാതെ നില്പാണ്. ജനകീയ ജനാധിപത്യവിപ്ലവ ലക്ഷ്യത്തിനായി നടക്കുന്ന ഉശിരൻ പോരാട്ടത്തിൽ നിന്ന് രക്ഷനേടാനായി സാമൂഹ്യ അകലം കൊവിഡ് സ്വയം പാലിക്കുന്നെന്നാണ് അവന്റെ നില്പ് കണ്ട പലരും പറയുന്നത്. അവൻ സാമൂഹ്യഅകലം പാലിക്കുന്നതിനാൽ അവന് കൊള്ളാം. സാനിറ്റൈസറും മാസ്കും അവൻ കരുതലായി കൊണ്ടുനടക്കുന്നു.

പക്ഷേ, ഒളിപ്പോരാട്ടം നടത്തുന്നവർക്ക് കണ്ണും മൂക്കും നോട്ടമില്ല. അവർ കൊവിഡിനെ തുരത്തിയേ അടങ്ങൂവെന്ന വാശിയിലാണ്. ഏത് യുദ്ധത്തിലും ചില നഷ്ടങ്ങളൊക്കെ സംഭവിക്കും. വിപ്ലവകാരികൾക്ക് അതൊന്നും തിരിച്ചടിയാവില്ല. പിടിച്ചുനിൽക്കാനായി കൊവിഡ് നടത്തിയ പ്രത്യാക്രമണത്തിൽ ശിവൻകുട്ടിയണ്ണൈ, കടകംപള്ളിയണ്ണൈ തുടങ്ങിയ പോരാളികൾക്കൊക്കെ, പരിക്കേറ്റെന്ന് റിപ്പോർട്ടുകളുണ്ട്. പോരാട്ടത്തിൽ പങ്കെടുക്കാതിരുന്ന മമ്മൂട്ടിക്ക് പോലും കൊവിഡിന്റെ ഈ ആക്രമണമേൽക്കേണ്ടി വന്ന സ്ഥിതിക്ക് അതൊന്നും ഒരു ഇഷ്യു ആവേണ്ടതില്ലെന്ന് കോടിയേരി സഖാവ് ആശ്വസിപ്പിച്ചിട്ടുണ്ട്! യുദ്ധത്തിനിടയിൽ കിട്ടുന്ന ഏത് ആശ്വാസവചനത്തിനും അതിന്റേതായ മൂല്യമുണ്ട്.

  

സെമി കേഡർ ആകാൻ എണ്ണമറ്റ ത്യാഗങ്ങൾ സഹിക്കേണ്ടി വരുമെന്ന് കുമ്പക്കുടി ഗാന്ധി സുധാകർജി മുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു. എങ്ങനെയെങ്കിലും സെമികേഡർ ആയാൽ മതിയെന്നാണ് അദ്ദേഹം പറഞ്ഞത്. കുമ്പക്കുടിജി കറകളഞ്ഞ അഹിംസാവാദിയാണ്. രാവിലെ ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പചക്രം അർപ്പിച്ചശേഷം പച്ചവെള്ളം ചവച്ചരച്ച് കുടിക്കും. പിന്നെ ചർക്കയിൽ നൂൽനൂൽക്കും. രഘുപതി രാഘവ പാടും. അതിനിടയിൽ നാട്ടിൽ സെമികേഡർ പരീക്ഷണങ്ങൾ അനുസ്യൂതം നടക്കുന്നുണ്ടാകും. കുമ്പക്കുടിഗാന്ധിക്ക് ആ പരീക്ഷണങ്ങൾ എന്തെന്നില്ലാത്ത ചാരിതാർത്ഥ്യം സമ്മാനിക്കാറുണ്ട്. സെമികേഡർ ആകുന്നവർക്കുള്ള ഒരു പരീക്ഷണമാണ് ഒരു കവിളത്ത് അടികിട്ടിയാൽ മറ്റേ കവിളും കാണിച്ച് കൊടുക്കുക എന്നത്. അതിനേറ്റവും പറ്റിയ സ്ഥലമായി ഐ.എസ്.ഐ സർട്ടിഫൈ ചെയ്തിരിക്കുന്നത് കണ്ണൂരാണ്. ധൈര്യപൂർവം ആ പരീക്ഷണമേറ്റെടുത്ത റിജിൽ മാക്കുറ്റിയുടെ കുറ്റിതെറിച്ച് പോയെന്ന് ജയരാജൻസഖാവ് വീരസ്യം പറഞ്ഞിട്ടുമുണ്ട്.

ഒരു കുറ്റിക്ക് ചില്ലറ കേടുപാടുകൾ സംഭവിച്ചാലും സെമികേഡർ പരീക്ഷണം അവസാനിപ്പിക്കേണ്ടതില്ല. ഏത് പരീക്ഷണത്തിനും അതിന്റേതായ ബുദ്ധിമുട്ടുകൾ സ്വാഭാവികമാണ്. സെമികേഡർ പരീക്ഷയെയും അങ്ങനെ കണ്ടാൽ റിജിൽ മാക്കുറ്റിക്ക് കിട്ടിയ തല്ലൊന്നും ഒരു തല്ലേയല്ല!

ഇ-മെയിൽ: dronar.keralakaumudi@gmail.com

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VARAVISHESHAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.