തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ക്യാമ്പസിൽ കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ആക്ഷൻ കൗൺസിലാണ് മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുള്ളത്.
സെക്രട്ടേറിയറ്റിൽ പഞ്ചിംഗ് നിര്‍ത്തണം, 50% ഹാജരാക്കണം, മറ്റുള്ളവർക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കണം, അടുത്ത ഒരു മാസത്തേക്ക് ശനിയാഴ്ച്ച അവധി നല്‍കണം, സെക്ഷനുകള്‍ ദിവസവും അണുവിമുക്തമാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ആക്ഷൻ കൗൺസിൽ കത്തിൽ ഉന്നയിച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റ് ജീവനക്കാരിൽ 40 ശതമാനം പേരും കൊവിഡ് ബാധിതരാണെന്ന് കത്തിൽ പറയുന്നു. വിവിധ വകുപ്പുകളില്‍ ഇതിനോടകം ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ടെന്നും അതീവ ഗുരുതര സാഹചര്യത്തിലൂടെ കടന്നു പോകുന്ന സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ കാര്യത്തില്‍ വേണ്ടത്ര പരിഗണന നല്‍കാതിരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും കത്തില്‍ പറയുന്നു.