ബേസിൽ ജോസഫ് ആദ്യമായി നായകവേഷം അണിഞ്ഞ ചിത്രമാണ് ജാൻ.എ. മൻ. സൂപ്പർ ഹിറ്റായ ജാൻ. എ. മന്നിനുശേഷം വീണ്ടും ബേസിൽ ജോസഫ് നായകനാകാൻ ഒരുങ്ങുന്നു. നവാഗത സംവിധായകന്റെ ചിത്രത്തിലാണ് പുതിയ നായക വേഷം.
ബേസിലിനെ നായകനാക്കി ഒരുപിടി ചിത്രങ്ങൾ ആലോചനയിലാണ് .മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോയുടെ കഥ പറഞ്ഞ മിന്നൽ മുരളി ലോകം മുഴുവൻ കീഴടക്കിയത് ബേസി ൽ ജോസഫ് എന്ന സംവിധായകന്റെ കൂടി വിജയമാണ്. സംവിധാനത്തിനൊപ്പം അഭിനയവും ഒപ്പം കൊണ്ടുപോകാനാണ് ബേസിലിന്റെ തീരുമാനം. ''സംവിധായകനാവാൻ വേണ്ടി മാത്രമാണ് സിനിമയിൽ വന്നത്. ആ ജോലിയുടെ ഉത്തരവാദിത്വം വളരെ വലുതാണ്. സംവിധാനം ചെയ്യുമ്പോൾ ലഭിക്കുന്ന സംതൃപ്തിയും പ്രേക്ഷകരുടെ അംഗീകാരവും ഏറെ സന്തോഷം തരുന്നു.
അഭിനയം എങ്ങനെയോ കയറി പോയതാണ്. അഭിനയിക്കാൻ വേണ്ടി ഒന്നും ചെയ്തിട്ടില്ല. ആസമയത്ത് അവസരം ലഭിക്കുകയും പ്രേക്ഷകർക്ക് ഇഷ്ടപ്പെടുകയും കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെടുകയും ചെയ്തപ്പോൾ തുടർച്ചയായി സിനിമകൾ വരാൻ തുടങ്ങി. എന്നാൽ അഭിനയവും ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്.'' ബേസിൽ പറഞ്ഞു.മിന്നൽ മുരളി എന്ന കഥാപാത്രം രൂപപ്പെട്ടതു മുതൽ കഥാപാത്രത്തിന് ടൊവിനോ തോമസിന്റെ മുഖമായിരുന്നു. സൂപ്പർ ഹീറോ ഇമേജ് പറ്റികിടക്കുന്ന മുഖമാണ് വേണ്ടതും. ശാരീരികമായ അദ്ധ്വാനം ഉണ്ടാവണം. അസാധ്യമായ ഹ്യുമർ സെൻസുള്ള കഥാപാത്രവും. എല്ലാം ഒത്തുച്ചേർന്ന ആളാണ് ടൊവിനോ. ''വ്യക്തിപരമായി ടൊവിയെ അടുത്തറിയാം. എപ്പോഴും കൂടെത്തന്നെയുണ്ടാവുന്ന താരത്തെയാണ് വേണ്ടത്. നാളെ രാവിലെ വരണമെന്ന് തലേന്ന് വിളിച്ചുപറഞ്ഞാലോ രാത്രി ഏറെ വൈകുമെന്ന് ഒാർമപ്പെടുത്തിയാലോ അത് തിരിച്ചറിയുന്ന കാമറയ്ക്ക് പിന്നിലെ ഞങ്ങളുടെ നല്ല ബന്ധം മിന്നൽ മുരളിക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. മിന്നൽ മുരളിക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവരും സൂപ്പർ ഹീറോയാണ്.എന്റെ സംവിധാന ജീവിതത്തിലെ വലിയ സിനിമ. വയനാടാണ് നാട്. അവിടത്തെ പച്ചപ്പും ഗ്രാമാന്തരീക്ഷവും സ്വാധീനിച്ചിട്ടുണ്ട്.
കൊച്ചിയിൽ താമസിക്കുമ്പോഴും ഗ്രാമത്തിനോട് എനിക്ക് ഒരു ചായ് വുണ്ട്. പ്ളസ് ടുവരെ വയനാട്ടിൽ തന്നെയായിരുന്നു. സത്യൻ അന്തിക്കാട് സാറിന്റെയും ശ്രീനിവാസൻ സാറിന്റെയും രഘുനാഥ് പലേരി സാറിന്റെയും സിനിമകളാണ് കുട്ടിക്കാലത്ത് കണ്ടത്. കുഞ്ഞിരാമായണവും ഗോദയും മിന്നൽ മുരളിയും ഗ്രാമ പശ്ചാത്തലത്തിലാണ് പറഞ്ഞത്. കഥ അത് ആവശ്യപ്പെടുന്നുണ്ട്. നഗരകേന്ദ്രീകൃതമായ കഥ ലഭിച്ചാൽ തീർച്ചയായും ചെയ്യും.'' ബേസിൽ ജോസഫ് പറഞ്ഞു.