തൃശൂർ: എരവിമംഗലത്തുള്ള ഡോ. സുകുമാർ അഴീക്കോട് സ്മാരകമന്ദിരത്തിൽ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചെന്നും ഒരു വർഷത്തിനകം നവീകരിച്ച് നാടിന് സമർപ്പിക്കുമെന്നും റവന്യൂമന്ത്രി കെ. രാജൻ. അഴീക്കോട് സ്മാരകമന്ദിരത്തിൽ സാഹിത്യ അക്കാഡമി നടത്തിയ അഴീക്കോടിന്റെ പത്താം ചരമവാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വരുംതലമുറകൾക്ക് പാഠപുസ്തകംപോലെ പ്രയോജനപ്പെടുത്താവുന്നവിധം സ്മാരകത്തെ പുതുക്കിപ്പണിയും. അഴീക്കോടിന്റെ ഓർമ്മകൾ തുടിച്ചുനിൽക്കുന്ന സ്മാരകവസ്തുക്കളും പുസ്തകങ്ങളും സംരക്ഷിക്കും. അഴീക്കോടിന്റെ പ്രഭാഷണങ്ങൾ കേൾക്കാനും കാണാനുമുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തും. പുഴയോരത്തുള്ള സ്മാരകഭൂമികയിൽ ഓഡിറ്റോറിയവും ലൈബ്രറിയും മ്യൂസിയവും ഒരുക്കും. ഇതിനുവേണ്ടി 50 ലക്ഷം രൂപ സംസ്ഥാനസർക്കാർ കേരള സാഹിത്യ അക്കാഡമിക്ക് കൈമാറിക്കഴിഞ്ഞു. ആവശ്യമെങ്കിൽ എം.എൽ.എ ഫണ്ടിൽനിന്നുമുള്ള തുക നീക്കിവയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
അഴീക്കോട് നിർഭയനായി അനീതിക്കെതിരെ പൊരുതിയ പോരാളിയായിരുന്നെന്ന് അദ്ധ്യക്ഷനായ അക്കാഡമി പ്രസിഡന്റ് വൈശാഖൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം കെ.വി. സജു, നടത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. രജിത്, കെ.ജെ. ജയൻ, എം. പീതാംബരൻ, അക്കാഡമി പബ്ലിക്കേഷൻ ഓഫീസർ ഇ.ഡി. ഡേവീസ്, പ്രോഗ്രാം കോ- ഓർഡിനേറ്റർ കെ.എസ്. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.