മലപ്പുറം: കുട്ടികൾക്കായുള്ള രാജ്യത്തെ പ്രധാന പുരസ്‌കാരമായ പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാരം പെരിന്തൽമണ്ണ അങ്ങാടിപ്പുറം ശ്രീലക്ഷി നിലയത്തിലെ മാസ്റ്റർ ദേവീപ്രസാദിന്. കേരളത്തിൽ ദേവീപ്രസാദ് മാത്രമാണ് ഇത്തവണ അർഹനായത്. ആർട്ട് ആന്റ് കൾച്ചറൽ വിഭാഗത്തിൽ മികച്ച മൃദംഗവാദ്യ കലാകാരനെന്ന അംഗീകാരത്തോടെയാണ് പുരസ്‌കാര ലബ്ധി. പ്രശസ്തി പത്രവും ഒരുലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. ജില്ലാ കളക്ടർ വി.ആർ.പ്രേംകുമാർ പുരസ്‌കാരം സമ്മാനിച്ചു. കേന്ദ്ര സർക്കാരിന്റെ പി.സി.സി.ആർ.റ്റി സ്‌കോളർഷിപ്പോട് കൂടി മൃദംഗവാദ്യപഠനം തുടരുന്ന ദേവീപ്രസാദ് മൃദംഗവാദ്യ കലാകാരനും തിരുമാന്ധാംകുന്ന് ദേവസ്വം ക്ലർക്കുമായ ദീപേഷിന്റെയും പൂപ്പലം അൽ ഫദക് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അദ്ധ്യാപിക പ്രസീതയുടെയും മകനാണ്.
പുത്തനങ്ങാടി സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. മൃദംഗവിദ്വാൻ തിരുവനന്തപുരം വി.സുരേന്ദ്രനാണ് ഗുരു. ഏഴാം വയസിൽ കുമാരി ഗായത്രി ശിവപ്രസാദിന്റെ സംഗീത കച്ചേരിയ്ക്ക് ശ്രീ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ മൃദംഗം വായിച്ചായിരുന്നു അരങ്ങേറ്റം. ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം, കോഴിക്കോട് ത്യാഗരാജസംഗീത സദസ്, തിരുവനന്തപുരം ഉദിയന്നൂർ ആടിച്ചൊവ്വാ സംഗീത സദസ്, അങ്ങാടിപ്പുറം ഞരളത്ത് സംഗീതോത്സവം,കണ്ണൂർ മൃദംഗശൈലേശ്വരി സംഗീത സദസ് തുടങ്ങിയ വേദികളിലും പങ്കെടുത്തിട്ടുണ്ട്.