സുപ്രധാന വേഷത്തിൽ രാധിക
മഞ്ജു വാര്യർ അറബി പഠിക്കുന്നു. നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ആയിഷയിൽ ആയിഷ എന്ന ടൈറ്റിൽ കഥാപാത്രത്തിനുവേണ്ടിയാണ് മഞ്ജു വാര്യർ അറബി പഠിക്കുന്നത്. റാസൽഖൈമയിൽ ഇന്നലെ ആരംഭിച്ച ആയിഷയിൽ മഞ്ജു വാര്യർ അഭിനയിച്ചു തുടങ്ങി. റാസൽഖൈമയിലെ 'പ്രേതഭവനം" എന്നു വിശേഷിപ്പിക്കുന്ന അൽഖസ് അൽ ഗാമിദ് എന്ന നാലുനില കൊട്ടാരമാണ് ആയിഷയുടെ പ്രധാന ലൊക്കേഷൻ. 25,000 ചതുരശ്ര വിസൃതിയിൽ 39ലധികം മുറികൾ ഉൾപ്പെടുന്ന പാർപ്പിടം 1985ൽ ശൈഖ് അബ്ദുൾ അസീസ് ബിൻ ഹുമൈദ് അൽ ഖാസിയുടെ നേതൃത്വത്തിൽ നാലുനിലകളിലാണ് പണികഴിപ്പിച്ചത്. ഇന്ത്യൻ - മൊറൊക്കോ ഇറാൻ വാസ്തുവിദ്യയുടെ മനോഹാരിതയിൽ 1990ലാണ് പണി പൂർത്തിയായത്. കൊട്ടാര സമാനമായ വീടിന്റെ ചുമരുകളിലും മച്ചുകളിലും ലോകോത്തര ചിത്രപ്പണികളും മൃഗങ്ങളുടെയും പക്ഷികളുടെയും രൂപങ്ങൾ സ്ഥാനം പിടിച്ചിട്ടുണ്ട്. കൊട്ടാര സമാനമായ വീടിനെ ചുറ്റിപ്പറ്റി നിരവധി കിംവദന്തികൾ പരക്കുന്നുണ്ട്. ജിന്നുകളുടെ വിളയാട്ടമാണെന്നും അവിടെ കയറിയാൽ പ്രേതബാധ ഏൽക്കുമെന്നുമാണ് കിംവദന്തികളിലൊന്ന്. നീണ്ട ഇടവേളയ്ക്കുശേഷം റാസൽ ഖൈമയിൽ ചിത്രീകരിക്കുന്ന മലയാള ചിത്രമാണ് ആയിഷ.ലാൽജോസ് സംവിധാനം ചെയ്ത ക്ളാസ്മേറ്റ്സിൽ റസിയ എന്ന കഥാപാത്രമായി എത്തിയ രാധിക ആയിഷയിൽ
സുപ്രധാന വേഷം അവതരിപ്പിക്കുന്നു. വിവാഹശേഷം കുടുംബസമേതം ദുബായിൽ താമസിക്കുന്ന രാധിക മൂന്നുവർഷം മുൻപ് ഷാജി എൻ. കരുൺ സംവിധാനം ചെയ്ത ഓൾ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. യു.എ.ഇയിൽ നിന്നുള്ള ഇരുനൂറിലധികം കലാകാരൻമാരും ആയിഷയുടെ ഭാഗമാകുന്നുണ്ട്.
മലയാളത്തിനും അറബിക്കും പുറമേ ഇംഗ്ളീഷിലും ഏതാനും ഇതര ഇന്ത്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ക്രോസ് ബോർഡർ കാമറ, ഇമാജിൻ സിനിമാസ്, ഫെദർടച്ച് ബോക്സ് എന്നീ ബാനറുകളിൽ സംവിധായകൻ സഖറിയയാണ് ആയിഷ നിർമിക്കുന്നത്.ആഷിഫ് കക്കോടി രചന നിർവഹിക്കുന്ന ചിത്രം കുടുംബ പശ്ചാത്തലത്തിൽ പൂർണമായും ഗൾഫിലാണ് ഒരുങ്ങുന്നത്.ഛായാഗ്രഹണം വിഷ്ണു ശർമ്മ . ഗാനരചന ബി.കെ ഹരിനാരായണൻ, സുഹൈൽ കോയ. എം. ജയചന്ദ്രനാണ് സംഗീതസംവിധാനം. ഹാരിസ് ദേശം, പി. ബി അനീഷ്, സഖറിയ വാവാട്, എ. എസ് ദിനേശ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.