ആസ്ട്രേലിയൻ ഓപ്പൺ: റാഫേൽ നദാൽ, ബെരേറ്റിനി, ബാർട്ടി, കീസ് സെമിയിൽ
മെൽബൺ: അഞ്ച് സെറ്റ് നീണ്ട ത്രില്ലർ പോരാട്ടത്തിന് ഒടുവിൽ കനേഡിയൻ താരം ഡെന്നിസ് ഷാപ്പോവലോവിനെ കീഴടക്കി സ്പാനിഷ് ഇതിഹാസ താരം റാഫേൽ നദാൽ ആസ്ട്രേലിയൻ ഓപ്പൺ ഗ്രാൻസ്ലാം ടെന്നിസ് പുരുഷ സിംഗിൾസിന്റെ സെമി ഫൈനലിൽ കടന്നു. 4 മണിക്കൂറും 8 മിനിട്ടും നീണ്ട മാരത്തൺ പോരാട്ടത്തിൽ 6-3,6-4,4-6,3-6 ,6-3 നായിരുന്നു നദാലിന്റെ ജയം. ആദ്യ രണ്ട് സെറ്റും നദാൽ അനായാസം സ്വന്തമാക്കി. എന്നാൽ പ്രീക്വാർട്ടറിൽ മൂന്നാം സീഡും ഒളിമ്പിക് ചാമ്പ്യനുമായ സ്വരേവിനെ വീഴ്ത്തിയെത്തിയ ഷാപ്പോവലോവ് വിട്ടു കൊടുക്കാൻ തയ്യാറായില്ല. അടുത്ത രണ്ട് സെറ്റും പിടിച്ചെടുത്ത് 22 കാരനായ കനേഡിയൻ താരം കത്തിക്കയറിയതോടെ മത്സരം ആവേശക്കൊടുമുടിയിലായിയി. എന്നാൽ പരിക്കും പ്രായവുമുയർത്തിയ വെല്ലുവിളികളെ മറികടന്ന് പതറാതെ പോരാടിയ നദാൽ നിർണായകമായ അഞ്ചാം സെറ്റ് സ്വന്തമാക്കുകയായിരുന്നു. 35 കാരനായ നദാലിന്റെ കരിയറിലെ ഏഴാം ആസ്ട്രേലിയൻ ഓപ്പൺ സെമിയാണ് ഇത്തവണത്തേത്. 21 ഗ്രാൻസ്ലാം കിരീടങ്ങൾ നേടുന്ന ആദ്യപുരുഷ താരമെന്ന റെക്കാഡിലേക്ക് നദാലിനിപ്പോൾ രണ്ട് മത്സരത്തിന്റെ മാത്രം അകലമേയുള്ലൂ. നേരത്തേ 2009ൽ നദാൽ ആസ്ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തമാക്കിയിട്ടുണ്ട്. മുൻ ആസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യൻമാരിൽ ഇത്തവണ ശേഷിക്കുന്ന ഒരേഒരുതാരവും നദാലാണ്.
അതേസമയം മത്സരത്തിനിടെ ഷാപ്പോവലോവ് റഫറിയോട് തർക്കിക്കുയും അഴിമതിക്കാരൻ എന്നു വിളിക്കുകയും ചെയ്തു. നദാലിന് മത്സരത്തിനിടെ തയ്യാറാകാൻ കൂടുതൽ സമയമനുവദിച്ചുവെന്ന് പറഞ്ഞാണ് ഷാപ്പോവലോവ് റഫറിയുമായി തർക്കിച്ചത്.
മറ്റൊരു അഞ്ച് സെറ്റ് ത്രില്ലറിൽ ഫ്രഞ്ച് താരം ഗയേൽ മോൺഫിൽസിനെ കീഴടക്കിയ ഇറ്റാലിയൻ താരം മാറ്റിയോ ബെരേറ്റിനിയാണ് സെമിയിൽ നദാലിന്റെ എതിരാളി. ആദ്യ രണ്ട് സെറ്റും 6-4,6-4ന് ബെരേറ്റിനി നേടി. എന്നാൽ മൂന്നും നാലും സെറ്റുകൾ യഥാക്രം 3-6,3-6ന് മോൺഫിൽസ് സ്വന്തമാക്കി. നിർണായകമായ അഞ്ചാം സെറ്റിൽ നദാലിനെപ്പോലെ തിരിച്ചുവരവ് നടത്തിയ ബെരേറ്റിനി 6-2ന് ആ സെറ്റും മത്സരവും സ്വന്തമാക്കുകയായിരുന്നു.
വനിതാ സിംഗിൾസ് ക്വാർട്ടറിൽ ലോക ഒന്നാം നമ്പർ താരവും നാട്ടുകാരിയുമായ ആഷ്ലി ബാർട്ടി അമേരിക്കൻ താരം ജെസിക്ക പെഗുലയെ നേരിട്ടുള്ള സെറ്റുകളിൽ 6-2,6-0ത്തിന് അനായാസം വീഴ്ത്തി സെമി ഉറപ്പിച്ചു. നിലവിലെ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ ചെക്ക്താരം ബാർബറ ക്രെസിക്കോവയെ നേരിട്ടുള്ള സെറ്റുകളിൽ 6-3,6-2ന് വീഴ്ത്തിയ അമേരിക്കൻ താരം മാഡിസൺ കീസാണ് സെമിയിൽ ബാർട്ടിയുടെ എതിരാളി.