യാവോണ്ടേ: ആഫ്രിക്ക കപ്പ് ഓഫ് നേഷൻ മൈതാനത്ത് തിക്കിലും തിരക്കിലും പെട്ട് എട്ട് പേർ മരിച്ചു. അമ്പതിലധികം പേർക്ക് പരിക്കേറ്റു. ആതിഥേയരായ കാമറൂണും കൊമാറോസും തമ്മിലുള്ള പ്രീക്വാർട്ടർ ഫൈനൽ മത്സരം കാണാനെത്തിയവരാണ് തിക്കിലും തിരക്കിലുംപെട്ടത്. കൊവിഡ് വ്യാപനത്തെ തുടർന്ന് മത്സരവേദിയായ കാമറൂണിന്റെ തലസ്ഥാനമായ യൊവാണ്ടേയിലെ 60,0000 പേർക്കിരിക്കാവുന്ന ഒലാമ്പേ സ്റ്റേഡിയത്തിലേക്ക് 48,000 പേർക്കാണ് പ്രവേശന അനുമതി ഉണ്ടായിരുന്നുള്ളുൂ. എന്നാൽ ഇത് വകവയ്ക്കാതെ കാണികൾ ഗാലറിയിലേക്ക് ഇരച്ചു കയറി. ഇതിനെത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്റ്റേഡിയത്തിന്റെ പ്രധാന വാതിലുകൾ അടയ്ക്കുുകയായിരുന്നു. തുടർന്നാണ് ദുരന്തമുണ്ടായത്. 8 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മരിച്ചവരിൽ 2 സ്ത്രീകളും ഒരു കുട്ടിയുമുണ്ട്. ഗുരുതരമായി പരിക്കേറ്റവരുൾപ്പെടെ അമ്പതോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് അന്വേഷണത്തിന് കാമറൂൺ ഗവൺമെന്റ് ഉത്തരവിട്ടുണ്ട്.
കാമറൂണിന് ജയം
ആഫ്രിക്ക കപ്പ് ഓഫ് നേഷണിൽ ആതിഥേയരായ കാമറൂൺ ക്വാർട്ടറിൽ കടന്നു. പ്രീക്വാർട്ടറിൽ കൊമോറോസിനെ 2-1ന് കീഴടക്കിയാണ് കാമറൂൺ ക്വാർട്ടർ ഉറപ്പിച്ചത്. ഏഴാം മിനിട്ടിൽ ജിമ്മി അബോഡു ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെത്തുടർന്ന് പത്ത് പേരുമായി കളിക്കേണ്ടി വന്നത് കൊമോറോസിന് തിരിച്ചിടിയാവുകയായിരുന്നു.
എകോംബിയും അബൂബക്കറുമാണ് കാമറൂണിനായി ലക്ഷ്യം കണ്ടത്. എം ചംഗാമയാണ് കൊമോറോസിനായി ലക്ഷ്യം കണ്ടത്. കൊവിഡ് ബാധയെത്തുടർന്ന് പ്രമുഖ താരങ്ങളില്ലാതെയാണ് കൊമോറോസ് ഇറങ്ങിയത്. മൂന്ന് ഗോളിമാർക്കും കൊവിഡ് സ്ഥിരീകരിച്ചതിനാൽ പ്രതിരോധ താരം ചാകെർ ആൽഹാധുർ ആണ് കൊമോറോസിന്റെ വലകാത്തത്.