മെൽബൺ: ടെന്നീസിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചതിൽ ഇപ്പോൾ ഖേദിക്കുന്നുവെന്ന് സാനിയ മിർസ. വിരമിക്കൽ പ്രഖ്യാപനം കുറച്ചു നേരത്തെയായിപ്പോയെന്നും താരം വെളിപ്പെടുത്തുന്നു. ഈ സീസണോടെ ടെന്നീസിൽ നിന്ന് വിരമിക്കുമെന്ന് ആസ്ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസിലെ ആദ്യ റൗണ്ട് തോൽവിക്ക് പിന്നാലെയാണ് താരം പ്രഖ്യാപിച്ചത്.
പ്രഖ്യാപനത്തിന് ശേഷം എല്ലാവർക്കും ഇതിനെക്കുറിച്ച് മാത്രമാണ് ചോദിക്കാനുള്ളതെന്നും സാനിയ പറഞ്ഞു. തീരുമാനം ശരിയാണെങ്കിലും കൈക്കൊണ്ടത് കുറച്ച് നേരത്തെയായിപ്പോയെന്നാണ് താരത്തിന് ഇപ്പോൾ തോന്നുന്നത്. ഇത് കരിയറിലെ അവസാന സീസണായതിനാൽ ടെന്നീസിനെക്കുറിച്ചും ടൂർണമെന്റുകളെക്കുറിച്ചുമുള്ള കാഴ്ചപ്പാട് മാറിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് സാനിയ നീരസം പ്രകടിപ്പിച്ചത്. താൻ അതേക്കുറിച്ച് ചിന്തിക്കാറില്ലെന്നും ജയം മാത്രം ലക്ഷ്യംവച്ചാണ് താൻ കളിക്കാറുള്ളതെന്നും സാനിയ പറഞ്ഞു. കളത്തിൽ തുടരുന്നിടത്തോളം എല്ലാ കളികളും ജയിക്കാൻ തന്നെയാണ് ശ്രമിക്കുന്നത്. ഇപ്പോഴും ടെന്നീസ് കളിക്കുന്നത് ആസ്വദിക്കുന്നുണ്ട്. വിജയമായാലും തോൽവിയായാലും ഇതുവരെയുള്ള കാഴ്ചപ്പാട് തന്നെയാണ് തനിക്കിപ്പോഴുമെന്നും സാനിയ വ്യക്തമാക്കി.
കളത്തിൽ തന്റെ നൂറ് ശതമാനവും നൽകാനാണ് ശ്രമിക്കുന്നത്. ചിലപ്പോൾ വിജയിക്കും ചിലപ്പോൾ സാധിക്കാതെ വരും. ഇപ്പോഴും സീസണിലെ ശേഷിക്കുന്ന മത്സരങ്ങളെക്കുറിച്ചാണ് ചിന്തിക്കുന്നത് മറിച്ച് സീസൺ പൂർത്തിയാകുമ്പോൾ എന്തു സംഭവിക്കുമെന്ന് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും താരം വ്യക്തമാക്കി.