തിരുവനന്തപുരം ജില്ലയിൽ പെരിങ്ങമല, വിതുര പഞ്ചായത്തുകളിലെ ആദിവാസി ഊരുകളിലായി അഞ്ച് മാസത്തിനിടെ ജീവനൊടുക്കിയത് അഞ്ച് പെൺകുട്ടികൾ. ഈ ഊരുകളിലെ ആദിവാസികളിൽ നല്ലൊരു ശതമാനത്തിനും കൃഷിപ്പണിയാണ് ഉപജീവന മാർഗം. രാവിലെ രക്ഷിതാക്കൾ ജോലിയ്ക്കായി ഇറങ്ങും. ഓൺലൈൻ ക്ളാസുകൾ ആയതിനാൽ എല്ലാ കുട്ടികളുടെയും കയ്യിൽ മൊബൈൽ ഫോൺ ഉണ്ടാകും. ഈ മൊബൈൽ വഴി പരിചയം സ്ഥാപിക്കുന്ന യുവാക്കൾ ബന്ധത്തിൽ നിന്ന് പിൻമാറുന്നതാണ് പെൺകുട്ടികളെ മാനസികമായി തകർക്കുന്നതെന്നാണ് വിവരം.
ഊരുകളിൽ പിടിമുറുക്കുന്ന കഞ്ചാവ് സംഘങ്ങളാണ് പെണ്കുട്ടികളെ പ്രണയക്കുരുക്കിലാക്കി ആത്മഹത്യയിലേക്ക് തള്ളിവിടുന്ന മറ്റൊരു ഘടകം. ലഹരി സംഘങ്ങളെ നേരിടാൻ പൊലീസും എക്സൈസും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ഇവിടത്തുകാർ ആരോപിക്കുന്നു. പഠനത്തിൽ മുൻപന്തിയിലുള്ള കുട്ടികളാണ് ജീവനൊടുക്കിയിരിക്കുന്നത്. മരിച്ചതേറേയും ഇരുപത് വയസ്സിൽ താഴെയുള്ള പെൺകുട്ടികൾ. ഇവരിൽ ചിലർ ലഹരിക്ക് അടിമയായിരുന്നു എന്ന് തെളിഞ്ഞിരുന്നു. മദ്യവും കഞ്ചാവും നൽകിയാണ് ലഹരി മാഫിയ പെൺകുട്ടികളെ ദുരുപയോഗം ചെയ്യുന്നത്. ആദ്യം ഇവരുമായി പരിചയത്തിലാകും. അത് പിന്നെ പ്രണയത്തിലേക്ക് നീങ്ങും. പിന്നെ അവരെ പ്രലോഭിപ്പിച്ച് ലഹരിക്ക് അടിമയാക്കുകയും ലൈംഗിക ചൂഷണം നടത്തുകയും ചെയ്യും. പിന്നീടൊരിക്കലും ഈ മാഫിയയുടെ പിടിയിൽ നിന്ന് മോചനം നേടാനാകാത്ത വിധം ഈ പെൺകുട്ടികൾ ഇതിൽ കുരുങ്ങിപ്പോകും. തങ്ങൾ ചെന്നുപെട്ട ചതിക്കുഴി മനസ്സിലാകുമ്പോഴേക്കും ഏറെ വൈകിപ്പോയിരിക്കും. പിന്നെ മുന്നിലുള്ള ഏകവഴി ആത്മഹത്യ മാത്രം. ഒടുവിൽ അവർ അത് തിരഞ്ഞെടുക്കും. ഒരുകാലത്ത് ആദിവാസി മേഖലകളിലെ ചൂഷണങ്ങൾക്ക് ഒരു പരിധി വരെ കാരണം വിദ്യാഭ്യാസമില്ലായ്മ ആയിരുന്നു എന്നാൽ ഇന്ന് ആ സ്ഥിതി മാറി. ഈ ഊരുകളിലെയെല്ലാം പുതിയ തലമുറ വിദ്യാസമ്പന്നരാണ്. പക്ഷേ എന്നിട്ടും അവർക്ക് മേലുള്ള ചൂഷണങ്ങൾ നിർബാധം നടക്കുന്നു എന്നതാണ് വാസ്തവം. മൊബൈൽ ഫോണും ലഹരിയുമാണ് ഇവിടെ വില്ലനാകുന്നത്. ഒപ്പം ആദിവാസികളെ ചൂഷണം ചെയ്യാൻ പുറത്തു നിന്നുള്ള സംഘങ്ങൾ കെണിയൊരുക്കി കാത്തിരിക്കുന്നുമുണ്ട്.
ആൺകുട്ടികളെയും പെൺകുട്ടികളെയും ലഹരിക്ക് അടിമകളാക്കി ചൂഷണം ചെയ്യുന്നത് ഇവിടെ തുടർക്കഥയാണ്. പ്ലസ് ടു വിദ്യാർത്ഥികളായ രണ്ടു പെൺകുട്ടികളാണ് ഏതാനും ആഴ്ചകളുടെ വ്യത്യാസത്തിൽ ഇവിടെ ആത്മഹത്യ ചെയ്തത്. രണ്ടു കേസിലും ലഹരി മാഫിയയിൽ കണ്ണികളായ യുവാക്കൾ അറസ്റ്റിലായിരുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിവിധ ആദിവാസി സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്നുള്ള അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.