തിരുവനന്തപുരം:മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപമുള്ള ലോഡ്ജിൽ താമസിച്ചിരുന്ന തൃശൂർ സ്വദേശിയുടെ ബൈക്കും മൊബൈൽ ഫോണും മോഷ്ടിച്ച പ്രതിയെ പൊലീസ് പിടികൂടി.അയിര പൊൻവിള കന്നിമത്തട്ട് കിഴക്കേ ബംഗ്ലാവിൽ നിക്സനെയാണ് (32) മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഈമാസം 10നാണ് മോഷണം നടന്നത്.മെഡിക്കൽ കോളേജിന് സമീപമുള്ള അമൃത ലോഡ്ജിന്റെ പാർക്കിംഗ് ഏരിയയിൽ നിന്ന് തൃശൂർ സ്വദേശി ജിലീഷ് ബാബുവിന്റെ ബൈക്കും,ബൈക്കിന്റെ ബാഗിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള മൊബൈൽ ഫോണും മോഷ്ടിക്കുകയായിരുന്നു.പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.പൊലീസ് തെരയുന്നതായി അറിഞ്ഞ പ്രതി മൊബൈൽ നമ്പരുകൾ മാറ്റി ഉപയോഗിക്കുകയായിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നെയ്യാറ്റിൻകരയിലെ ഒരു ലോഡ്ജിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ പി.ഹരിലാലിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ പ്രശാന്ത്,അനിൽകുമാർ, എസ്.സി.പി ഒമാരായ നാരായണൻ,സുനിൽ,സി.പി.ഒമാരായ ബിമൽ മിത്ര,ഷൈനു എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.