പത്ത് വർഷത്തിനിടെ 129 കുട്ടികളുടെ പിതാവായെന്ന് അവകാശപ്പെട്ട് ക്ലൈവ് ജോൺസെന്ന 66കാരൻ. വരുംമാസങ്ങളിൽ ഒമ്പത് കുഞ്ഞുങ്ങളുടെ പിതാവാകാൻ താൻ കാത്തിരിക്കുകയാണെന്നും യു.കെ. സ്വദേശിയായ ക്ലൈവ് ജോൺസ് പറയുന്നു. പത്ത് വർഷത്തോളമായി ബീജം ദാനം ചെയ്യുകയാണെന്നാണ് അദ്ധ്യാപകനായിരുന്ന ഇയാളുടെ അവകാശവാദം. യു.കെയിലെ ഡെർബിയിലെ ചാഡ്‌സ്‌ഡനിലാണ് ക്ലൈവ് താമസിക്കുന്നത്. ഫേസ്‌ബുക്ക് വഴിയുള്ള പരസ്യങ്ങളിലൂടെയാണ് ഇയാൾ ആവശ്യക്കാർക്ക് ബീജം ദാനം ചെയ്യുന്നത്. .
ബ്രിട്ടനിലെ ബീജബാങ്കുകളിൽ ദാതാക്കളുടെ ഉയർന്ന പ്രായപരിധി 45 ആയാണ് നിജപ്പെടുത്തിയിരിക്കുന്നത്. അതിനാൽ നിയമപരമായി ക്ലൈവിന് ബീജദാതാവാകാൻ കഴിയില്ല. ഇത് മറികടക്കുന്നിന് ഫേസ്‌ബുക്ക് വഴിയാണ് ഇയാൾ ആവശ്യക്കാരുമായി ബന്ധപ്പെടുന്നത്.. കുട്ടികളില്ലാത്ത കുടുംബങ്ങൾ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾ അറിഞ്ഞതാണ് തനിക്ക് പ്രേരണയായതെന്ന് അയാൾ പറയുന്നു. തുടർന്ന് ബീജം ദാനം ചെയ്യാൻ താത്പര്യമുണ്ടെന്ന് പറഞ്ഞ് ഒരു വെബ്‌സൈറ്റിൽ അയാൾ പോസ്റ്റിട്ടു. ഒരു മണിക്കൂറിനുള്ളിൽ ഒരു സ്ത്രീ സഹായം അഭ്യർത്ഥിച്ച് വിളിക്കുകയായിരുന്നു, അങ്ങനെയായിരുന്നു തുടക്കം. തന്റെ സേവനങ്ങൾക്ക് ഒരിക്കലും പണം ഈടാക്കാരില്ലെന്നും അദ്ദേഹം പറയുന്നു. പകരം കുടുംബങ്ങളുടെ സന്തോഷമാണ് അതിനുള്ള പ്രതിഫലം എന്നും അയാൾ വ്യക്തമാക്കുന്നു. നിർബന്ധിക്കുകയാണെങ്കിൽ പെട്രോൾ കാശ് വാത്രം വാങ്ങും കുറച്ച് വർഷങ്ങൾ കൂടി ഈ മേഖലയിൽ തുടരാനും 150 ഓളം കുഞ്ഞുങ്ങളെ ജന്മം നൽകാൻ സഹായിക്കാനും താൻ ആഗ്രഹിക്കുന്നുവെന്ന് ജോൺസ് പറഞ്ഞു. അയാൾക്ക് ലഭിക്കുന്ന സന്ദേശങ്ങളും കുഞ്ഞുങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ഫോട്ടോകളും മാത്രം കാണാൻ കഴിഞ്ഞാൽ ആളുകൾക്ക് തന്റെ ഉദ്ദേശ്യം നന്നായി മനസ്സിലാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
1978ൽ വിവാഹിതനായ ക്ലൈവ് ജോൺസിന് മൂന്നു മക്കളുണ്ട്. നിലവിൽ ഭാര്യയിൽ നിന്ന് പിരിഞ്ഞാണ് താമസിക്കുന്നത്. തന്റെ പുതിയ ഉദ്യമത്തെ ഭാര്യ ഇഷ്ടപ്പെടുന്നില്ലെന്നും ക്ലൈവ് ജോൺസ് പറയുന്നു.
അതേസമയം ലൈസൻസുള്ള യു,കെയിലെ ക്ലിനിക്കുകൾ വഴി മാത്രമേ ബീജം ദാനം ചെയ്യാവൂ എന്ന് ഹ്യൂമൻ ഫെർട്ടിലൈസേഷൻ ആൻഡ് എംബ്രിയോളജി അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. . ഇല്ലെങ്കിൽ മെഡിക്കൽ, നിയമപരമായ അപകടങ്ങൾ ഉണ്ടായേക്കാമെന്ന് അവർ പറയുന്നു. നിയമാനുസൃതമായി ബീജം ദാനം ചെയ്യുമ്പോൾ, അതിന് മുൻപായി ദാതാക്കളുടെ ശാരീരിക പരിശോധനകൾ, പശ്ചാത്തല പരിശോധനകൾ, ക്രിമിനൽ ചരിത്ര പരിശോധനകൾ, ലൈംഗികമായി പകരുന്ന രോഗങ്ങളുടെ പരിശോധനകൾ, ജനിതക പരിശോധന എന്നിവ നടത്തേണ്ടതുണ്ട്. . മാതാപിതാക്കളുടെ അവകാശങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന സമഗ്രമായ ഒരു നിയമ രേഖയുമുണ്ട്. എന്നാൽ, ഓൺലൈനിൽ ഇതൊന്നുമില്ലാതെയാണ് ആളുകൾ ബീജം വാങ്ങുന്നതും നൽകുന്നതും. അതുകൊണ്ട് തന്നെ അതിനുള്ള അപകടസാദ്ധ്യത കൂടുതലാണെന്നും അതോറിറ്റി പറയുന്നു.