SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.26 PM IST

കരിമണൽപ്പരപ്പിന്റെ ധീരസന്താനം

p

ആർ.എസ്.പി എന്ന വിപ്ലവപ്രസ്ഥാനത്തെ സംസ്ഥാനത്തിന്റെ മുഖ്യധാരയിൽ നിലനിറുത്തിയ ബേബിജോൺ ദിവംഗതനായിട്ട് ഇന്ന് 14 വർഷം.

നീണ്ടകരയിലെ യാഥാസ്ഥിതിക കത്തോലിക്കാ കുടുംബത്തിൽ ജോണിന്റെയും മേരിയുടെയും മകനായി ജനിച്ച ബേബിജോൺ പാളയംകോട്ട് പാതിരിമാർ നടത്തുന്ന സെന്റ് സേവിയേഴ്സ് കോളേജിൽ പഠിക്കുന്ന കാലം. 1942 ഓഗസ്റ്റ് ഒൻപത് സെന്റ് സേവിയേഴ്സിന്റെ ചരിത്രത്തിലെ കറുത്ത അദ്ധ്യായമായിരുന്നു. ഗാന്ധിജിയുടെ ആഹ്വാനം ഉൾക്കൊണ്ട് ഇന്ത്യയൊട്ടാകെ രാഷ്ട്രീയ കൊടുങ്കാറ്റ് ആഞ്ഞടിച്ച ദിവസം. ഒരിക്കൽപ്പോലും പഠിപ്പ് മുടക്കാത്ത സെന്റ് സേവിയേഴ്സിന്റെ ക്യാംപസിൽ ബേബിജോണിന്റെ സമരാവേശവും തന്റേടവും ചരിത്രം തിരുത്തിക്കുറിച്ചു. പഠിപ്പുമുടക്കിനു പിന്നാലെ ബേബിജോണിനെ തേടിയെത്തിയത് നിർബന്ധിത വിടുതൽ സർട്ടിഫിക്കറ്റ്.

കൊച്ചിയിലെ തേവര സേക്രട്ട് ഹാർട്സ് കോളേജ് പഠനകാലത്താണ് ഈറക്കമ്പുകളും കരിങ്കൊടിയും ഷർട്ടിനുള്ളിൽ തിരുകിവച്ച് വിദ്യാർത്ഥികളും കൊച്ചിൻ ഷിപ്‌യാർഡിലെ തൊഴിലാളികളും അടങ്ങുന്ന വൻസംഘം സർ സി.പി.യെ എതിരേറ്റത്. ബേബിജോണിനുള്ള നേതൃഗുണത്തിന്റെ ബഹിർസ്പഥുരണമായിരുന്നു ആ സംഭവം.

ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന മലബാറിലെ പാലക്കാട് വിക്ടോറിയ കോളേജിൽ പഠിച്ചിരുന്ന വേളയിലാണ്, സർ സി.പി യെ വെട്ടി തിരുവിതാംകൂർ വിട്ട കെ.സി.എസ് മണിക്ക് കൊല്ലങ്കോട്ട് രാജാവിന്റെ എസ്റ്റേറ്റിൽ ബേബിജോൺ ഇടത്താവളമൊരുക്കിയത്.

ജനിച്ച പ്രദേശമെന്നതിനേക്കാൾ കണ്ണൻതോടത്തു ജനാർദ്ദനൻ നായരുടെ പ്രേരണയും ശ്രീകണ്ഠൻ നായരുടെ പ്രോത്സാഹനവുമാണ് ചവറ പ്രവർത്തനകേന്ദ്രമാക്കാനുള്ള കാരണം. കൽക്കട്ടയിൽ വച്ച് വസൂരി ബാധിതനായി അകാലത്തിൽ പൊലിഞ്ഞ കണ്ണൻതോടത്തിന്റെ വേർപാട് ബേബിജോണിനു സ്വകാര്യ ദുഃഖമായിരുന്നു.
ഒന്നും നേടാതെ മണ്ണിലേക്ക് മടങ്ങിപ്പോകാൻ വിധിക്കപ്പെട്ട വലിയൊരു ജനസമൂഹത്തെ അവകാശ സമരങ്ങളിലൂടെ വളർത്തിയെടുത്ത ബേബിജോൺ അവർക്കു പകരക്കാരനില്ലാത്ത അമരക്കാരനായിരുന്നു.

സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് ആശയങ്ങളുമായി മുന്നിട്ടിറങ്ങിയ അദ്ദേഹത്തെ കത്തോലിക്കാസഭ ഒരവസരത്തിൽ മഹറോൺ ചൊല്ലിയതും ചരിത്ര നിയോഗം. ആ പാതയിലൂടെ നീങ്ങിയ എം.എ ബേബിയുടെ പിതാവ് പി.എം അലക്സാണ്ടറിന്റെ വിധിയും മറ്റൊന്നായിരുന്നില്ല.
വ്യക്തിബന്ധങ്ങളിൽ അദ്ദേഹം ഊഷ്മളത നിലനിറുത്തിയിരുന്നു. ചവറക്കാരുടെ ' കറുത്ത മുത്തിനെ' രാഷ്ട്രീയമായി തേജോവധം ചെയ്യാൻ കെട്ടിച്ചമച്ച സരസൻ സംഭവത്തിനു പിന്നാലെവന്ന തിരഞ്ഞെടുപ്പ് ചവറയിൽ ബേബിജോണിന്റെ ' വാട്ടർലൂ ' ആകുമെന്ന് രാഷ്ട്രീയ കേരളം പ്രവചിച്ചു. പാറപോലെ ഉറച്ചുനിന്ന അദ്ദേഹം താൻ ചവറയുടെ ദൗർബല്യമാണെന്ന് ഒരിക്കൽക്കൂടി തെളിയിക്കുകയായിരുന്നു ആ വിജയത്തിലൂടെ.

ആർ.ശങ്കറിനുശേഷം കൊല്ലം കണ്ട ഏറ്റവും രാജകീയമായ അന്തിമോപ ചാരമാണ് കരിമണൽപരപ്പിന്റെ ആ ധീരസന്തതി ഏറ്റുവാങ്ങിയത്.


ലേഖകന്റെ ഫോൺ - 9847862420

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BABY JOHN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.