ഗുജറാത്തിലെ ജാംനഗറിലേക്കിത് നാലാം തവണയാണ് യാത്ര. 2018-ൽ മകൾ വർഷയുടെ വിവാഹശേഷമുള്ള ഡിസംബറിലെ തണുതണുത്ത ആദ്യയാത്ര നല്ല ഓർമയുണ്ട്. പിന്നീടും തണുപ്പുകാലങ്ങളിൽ തന്നെയായിരുന്നു അവിടെയെത്തിയത്. ഓരോ തവണയും വ്യത്യസ്തമായ ഊടുവഴികളിലൂടെ തെണ്ടി നടന്ന് നാടും നഗരവും കണ്ടു. ഇത്തവണ പക്ഷേ, കൂടുതൽ സമയവും ഫ്ളാറ്റിനകത്തു തന്നെ കഴിച്ചുകൂട്ടി... മകളുടെ മകൾക്ക് എട്ടുമാസം പ്രായമായി. അവൾ ചിരിക്കാനും ഇരിക്കാനും അത്യാവശ്യം പിടിച്ചുനിൽക്കാനും ചില വാക്കുകൾ പറയാനും തുടങ്ങി... വീട്ടിലെ സ്റ്റാർ അവളാണ്. അതുകൊണ്ടുതന്നെ നക്ഷത്ര എന്ന പേര് നന്നായി ഇണങ്ങും. എങ്കിലും അവൾ ഞങ്ങൾക്ക് ആമിയാണ്. ഞാനും ഗിരിജയും അവളുടെ അപ്പുവും അമ്മുവും...!
രണ്ടാഴ്ച മുമ്പ് ജാംനഗറിലെത്തിയ ദിവസം ആമിയുമൊത്തുള്ള ഫോട്ടോ വെച്ച് ഞാനൊരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. കമന്റ് ബോക്സിൽ നിറഞ്ഞ പല മെസേജുകളിലൊന്ന് വക്കം ഷക്കീർ എന്ന എന്റെ ബഹുമാന്യ സുഹൃത്തിന്റേതായിരുന്നു : ''അപ്പോ യാത്ര തുടങ്ങി, അല്ലേ?!""
സരസനും നാടകകലാകാരനുമായ ഷക്കീറിന്റെ വാക്കുകളിലെ പരിഹാസപ്പുഞ്ചിരി എനിക്ക് പെട്ടെന്ന് പിടികിട്ടി. 'ബേബി സിറ്റിംഗ്" എന്ന ആധുനികകാല കലാപരിപാടിയിലേക്കുള്ള 'ഗ്രാൻഡ്പാരന്റ്സ് ജേർണിയെ" ക്കുറിച്ചാണ് ആ സൂചന...! കൂട്ടുകുടുംബ വ്യവസ്ഥിതി തകരുകയും അന്യദേശങ്ങളിലേക്ക് ഉദ്യോഗാർത്ഥം ചേക്കേറുന്ന അണുകുടുംബങ്ങൾ സർവസാധാരണമാവുകയും ചെയ്യുന്ന ഇക്കാലത്ത് കൈക്കുഞ്ഞുങ്ങൾ അനാഥരാവരുതെങ്കിൽ വൃദ്ധമാതാപിതാക്കൾക്ക് പാസ് പോർട്ടും വിസയും തരപ്പെടുത്തിക്കൊടുക്കുകയേ മാർഗമുള്ളൂ എന്ന് ഇന്നത്തെ 'യംഗ് പാരന്റ്സി" നറിയാം. മകനും മരുമകളും അല്ലെങ്കിൽ മകളും മരുമകനും ജോലിക്കു പോകുമ്പോൾ കുഞ്ഞുങ്ങളെ നോക്കി അപ്പാർട്ട്മെന്റിനകത്തുതന്നെ അഞ്ചും ആറും മാസമിരുന്ന് അവർ 'ജീവിതയാത്ര" ചെയ്യുന്നു. അവരുടെ ടേം കഴിയുമ്പോൾ അടുത്ത 'ഇൻ ലോസ്" പാസ്പോർട്ടെടുത്ത് യാത്രക്കൊരുങ്ങുന്നു...!
ഭാഗ്യം, വക്കം ഷക്കീർ സൂചിപ്പിച്ചതു പോലെ അത്തരമൊരു യാത്രയായിരുന്നില്ല ഞങ്ങളുടേത്. പണ്ട് എന്റെ മകളെ നോക്കാൻ ഭാര്യ പത്തിരുപതുവർഷം ജോലിയുപേക്ഷിച്ചതുപോലെ, മകളും അവളുടെ മകൾക്കുവേണ്ടി വീട്ടിൽ തന്നെയുണ്ട്. ജാം നഗറിൽ ചെലവഴിച്ച പതിനഞ്ചു ദിവസങ്ങൾ ആമിക്കൊപ്പം കുത്തിമറിയുമ്പോഴും, മഞ്ഞുവീണ വഴികളിലൂടെ ഇളം കാറ്റേറ്റ് പ്രഭാത-സായാഹ്നസവാരികൾ ഇത്തവണയും ഞാൻ ആവോളം ആസ്വദിച്ചു. ഇനിയും കാണാത്ത കാഴ്ചകളിലേക്ക് മിഴിതുറന്നു...
രണ്ട്
കഴിഞ്ഞ ജാംനഗർ യാത്രകളിലൊക്കെ എന്നെ അമ്പരപ്പിച്ച 'ട്രാഫിക് ജാം" ഇത്തവണയും അനുഭവിച്ചു. നിരത്തുനിറയെ പശുക്കളും കാളക്കൂറ്റന്മാരുമാണ്. അവയങ്ങനെ നിന്നും കിടന്നും അർമാദിക്കുകയാണ്. കാലിക്കൂട്ടം മാറിക്കൊടുക്കും വരെ നിസ്സഹായതയോടെ കാത്തുനിൽക്കുകയാണ് വാഹനങ്ങൾ... ആരും ഹോൺ മുഴക്കുന്നതുപോലുമില്ല... ജാം ചാം എന്ന പഴയ രാജഭരണാധികാരിയുടെ പേരിലാണ് ജാംനഗർ എന്ന പേര് വന്നതെങ്കിലും കന്നുകാലികൾ സൃഷ്ടിക്കുന്ന ട്രാഫിക് ജാം കൊണ്ടുകൂടിയാണെന്ന് എനിക്കു വീണ്ടും ബോധ്യമായി...!
ഒരു തരത്തിൽ ഉത്തരേന്ത്യൻ നഗരങ്ങളുടെയൊക്കെ സ്ഥിതിയാണിതെന്ന് ഡൽഹിലെ പത്രപ്രവർത്തക സുഹൃത്ത് മനോജ് മേനോൻ പറഞ്ഞതോർക്കുന്നു. 2018-ലെ ആദ്യസന്ദർശനത്തിന്റെ ഓർമയ്ക്ക് 'ജാം നഗറിലെ പശുക്കൾ" എന്ന പേരിൽ ഒരു അനുഭവക്കുറിപ്പ് മനോജ് എഡിറ്റു ചെയ്യുന്ന 'ഡൽഹി സ്കെച്ചസ്" എന്ന ഓൺലൈൻ മാസികയിലെഴുതിയപ്പോഴായിരുന്നു അത്. ഗോമാതാക്കളും പിതാക്കളും ഇവിടുത്തെ നിരത്തുകളിൽ സസുഖം വാഴുന്നു. കോളനിയിലെ വീടുകൾക്കു മുന്നിൽ ഊഴം കാത്തെന്ന പോലെ വന്നുനിൽക്കുന്ന കന്നുകാലികളെ ആരതിയുഴിഞ്ഞും പഴക്കുലകളും പച്ചപ്പുൽകറ്റകളും നൽകിയും സ്വീകരിക്കുന്ന വീട്ടമ്മമാർ. റോഡരുകിൽത്തന്നെ പശുക്കളെ കറന്ന് പാൽ വലിയ അലുമിനിയം പാത്രങ്ങളിൽ നിറയ്ക്കുന്ന തലേക്കെട്ടും ഓവർകോട്ടുമണിഞ്ഞ നാടൻ കൃഷീവലർ...
മോദീസാമ്രാജ്യത്തിലെ അത്രയൊന്നും മോടിയല്ലാത്ത ചാണകവഴികളിലൂടെ ഞാൻ കാഴ്ചകൾ കണ്ടു നടന്നു...
മൂന്ന്
'ശ്രീറാം ജയ്റാം ജയ് ജയ്റാം" എന്ന മന്ത്രധ്വനി മുഴങ്ങുന്ന ബാലഹനുമാൻ ക്ഷേത്രം ലക്കോട്ടത്തടാകത്തിന് ഓരത്താണ്. 12 ഭാഷകളിൽ അഖണ്ഡനാമജപം മുഴങ്ങാനാരംഭിച്ചത് 1964 ജൂലായ് 31 നാണ്. ആചാര്യ പ്രേം ഭീകുജി എന്ന അവധൂതസ്വാമികൾ ആരംഭിച്ച യജ്ഞം പതിമൂന്നുവർഷത്തിനുശേഷം 1977 ജൂലൈ 31 മുതൽ ഭക്തജനങ്ങൾ ഏറ്റെടുത്തു. 24 മണിക്കൂറും ഊഴം വെച്ച് ഇവിടെ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ ആളുകൾ രാമനാമാലാപനം നടത്തുന്നു. 1982 ൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡിൽ ഈ അപൂർവത രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു... റാൻമാൾ ലേക്ക് എന്ന ലക്കോട്ട തടാകം ശാന്തവും സുന്ദരവുമാണ്. നടുവിലായി പ്രതാപ് വിലാസ് പാലസുണ്ട്. 9 മുതൽ 18 വരെ നൂറ്റാണ്ടിലെ ആയുധശേഖരങ്ങളുള്ള മ്യൂസിയമാണിപ്പോഴവിടം. തടാകത്തിനു ചുറ്റും തണൽമരങ്ങളും ഉലാത്താൻ സിന്തറ്റിക് നടപ്പാതകളും... വലിയ ചുറ്റുമതിലുള്ളതിനാൽ അകത്തേക്ക് പശുക്കൾ പ്രവേശിക്കില്ല എന്നൊരു സമാധാനമുണ്ട്..!
നൂറ്റിമുപ്പത്തെട്ടുകിലോമീറ്റർ അകലെയാണ് പശുപാലകനായ ശ്രീകൃഷ്ണന്റെ ദ്വാരക. കംസവധത്തിനുശേഷം മഥുരയിൽ നിന്ന് കൃഷ്ണൻ ആസ്ഥാനമുറപ്പിച്ചത് ദ്വാരകയിലാണെന്ന് വിശ്വാസം. ഇത് ഗുജറാത്ത് സംസ്കൃതിയുടെ കൂടെ ഭാഗമാണ്. 2000 വർഷങ്ങൾക്കു മുമ്പ് സുവർണ രാജധാനിയായി ഭഗവാൻ സൃഷ്ടിച്ചെടുത്ത പഴയ ദ്വാരകയുടെ ഭാഗങ്ങൾ സമുദ്രത്തിനടിയിൽ നിന്ന് അടുത്ത കാലത്ത് കണ്ടെടുത്തതായി വാർത്തകളുണ്ട്. ദ്വാരകാധീശന്റെ ക്ഷേത്രത്തിലേക്ക് ഒരപരാഹ്നത്തിൽ യാത്ര ചെയ്തെത്തുമ്പോൾ അവിടെ സന്ദർശകരധികമൊന്നുമില്ലായിരുന്നു... കാർവർണമാർന്ന കൃഷ്ണവിഗ്രഹത്തിനു മുന്നിൽ കൈകൂപ്പി നിന്ന മുഷിഞ്ഞവേഷമണിഞ്ഞ ഭക്തർ മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്നു: 'ദ്വാരകാധീശ് കീ ജയ്, ദ്വാരകാധീശ് കീ ജയ്..." ഞാൻ ഒന്നും പിടികിട്ടാതെ മിഴിച്ചുനിന്നു. ഉണ്ണിക്കണ്ണൻ കള്ളപ്പുഞ്ചിരിയോടെ മനസിലോടിക്കളിച്ചു...
നാല്
സാത്രസ്തയിലൂടെയും ദർബാർ ഗഡിലൂടെയും കാഴ്ചകൾ കണ്ടുനടന്നു... നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കു തൊട്ടുതലേന്ന് പതിവുസായാഹ്ന സവാരി കഴിഞ്ഞ് മെഹുൽ നഗറിലെ ഫ്ളാറ്റിലേക്കു മടങ്ങവേ, എസ്.ബി. ശർമ വേൾഡ് സ്കൂളിനടുത്ത വലിയ കെട്ടിടം ശ്രദ്ധയിൽപ്പെട്ടു. എം.പി. ഷാ മുൻസിപ്പൽ വൃദ്ധാശ്രം. വടികളൂന്നി പിന്തിരിഞ്ഞു നടക്കുന്ന വൃദ്ധദമ്പതികളുടെ കൂറ്റൻ ചുവർശില്പം നേരത്തേയും കണ്ടിരുന്നെങ്കിലും ഇത്തവണ ഗേറ്റിനകത്ത് കൂട്ടം ചേർന്നിരിക്കുന്ന ഏതാനും വൃദ്ധരുടെ പരിക്ഷീണമുഖങ്ങളാണ് മനസിലുടക്കിയത്. പൊടുന്നനവേ ഒരു കാർ വന്ന് ഗേറ്റിൽ നിന്നു. പിൻസീറ്റിൽ നിന്ന് പാരമ്പര്യവേഷമണിഞ്ഞ ഒരു അഭിജാത ഗുജറാത്തി യുവതി കൈക്കുഞ്ഞുമായി ഇറങ്ങി. 'ബേട്ടീ" എന്ന സന്തോഷ വിളിയുമായി ഒരു വൃദ്ധൻ അകത്തെ ആൾക്കൂട്ടത്തിൽ നിന്ന് ഗേറ്റിലേക്കോടിയെത്തി. യുവതി കയ്യിലിരുന്ന പെൺകുഞ്ഞിനെ ഗേറ്റിന്റെ അഴികൾക്കടുത്തേക്കുയർത്തിയപ്പോൾ, വൃദ്ധൻ കൈകൾ നീട്ടി കുഞ്ഞിന്റെ മുഖം തലോടി... പേരക്കിടാവിനെ കണ്ട സന്തോഷം ആ വൃദ്ധനയനങ്ങളിൽ തിരയടിച്ചു... ആകാംക്ഷ നിറഞ്ഞ എന്റെ കാഴ്ചകളെ അലോസരപ്പെടുത്തിക്കൊണ്ട് ഒരു കൂട്ടം കന്നുകാലികൾ കാറിനും ആ വൃദ്ധസദനത്തിന്റെ ഗേറ്റിനും മുന്നിലൂടെ കടന്നുപോയി.
(സതീഷ്ബാബു പയ്യന്നൂർ: 98470 60343)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |