കാസർകോട്ട് രണ്ട് വീടുകളിൽ റെയ്ഡ്
പാലക്കാട്ട് ഒരാൾ കസ്റ്റഡിയിൽ
കൊച്ചി:ശ്രീലങ്കയിലെ ചാവേർ സ്ഫോടനങ്ങളുടെ മുഖ്യസൂത്രധാരനും നാഷണൽ തൗഹിദ് ജമാഅത്ത് നേതാവുമായിരുന്ന സഹ്രാൻ ഹാഷിം (40) കേരളത്തിൽ താമസിച്ചിരുന്നതായി വെളിപ്പെട്ടതോടെ ഭീകരശൃംഖലയുടെ സംസ്ഥാനത്തെ കണ്ണികൾ
കണ്ടെത്താൻ എൻ. ഐ. എയും കേന്ദ്ര ഇന്റലിജൻസ് ഏജൻസിയും അന്വേഷണം ശക്തമാക്കി. കേരളത്തിൽ പ്രഭാഷകനായി താമസിച്ചിട്ടുള്ള സഹ്രാൻ ഹാഷിം കൊളംബോയിലെ ഹോട്ടലിലെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടെന്നാണ് വിവരം.
നാഷണൽ തൗഹിദ് ജമാഅത്ത് സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ അറുപതോളം മലയാളികൾ എൻ. ഐ. എയുടെ നിരീക്ഷണത്തിലാണെന്ന് സൂചനയുണ്ട്.
തീപ്പൊരി പ്രഭാഷകനായിരുന്ന സഹ്രാൻ ഹാഷിമുമായി ബന്ധമുണ്ടെന്ന് കരുതുന്ന കാസർകോട്ടെ രണ്ടു യുവാക്കളുടെ വീടുകളിൽ എൻ. ഐ. എ ഇന്നലെ റെയ്ഡ് നടത്തി മൊബൈൽ ഫോണുകളും രേഖകളും പിടിച്ചെടുത്തു. കാസർകോട് വിദ്യാനഗർ സ്വദേശികളായ അബൂബക്കർ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. ചോദ്യം ചെയ്യലിന് ഇന്ന് 11മണിക്ക് കൊച്ചിയിലെ എൻ.ഐ.എ ഓഫീസിൽ ഹാജരാകാൻ ഇരുവർക്കും നോട്ടീസ് നൽകി. ഇരുവരും സഹ്രാൻ ഹാഷിമിന്റെ ആശയങ്ങളിൽ ആകൃഷ്ടരായിരുന്നു എന്നാണ് അറിയുന്നത്. സഹ്രാൻ ഹാഷിം കേരളത്തിൽ വന്നപ്പോൾ ഇവർ നേരിട്ട് ബന്ധം പുലർത്തിയിരുന്നോ എന്ന് സംശയമുണ്ട്.
കൂടാതെ പാലക്കാട് കൊല്ലംകോട് അക്ഷയ്നഗറിൽ റിയാസ് അബൂബക്കർ (28) എന്നയാളെ എൻ. ഐ. എ ഇന്നലെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തൊപ്പിയും അത്തറും വിൽക്കുന്ന ഇയാളെ ചോദ്യം ചെയ്യുകയാണ്.
മലപ്പുറത്തും സിമി ക്യാമ്പിലൂടെയും മറ്റും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് കുപ്രസിദ്ധമായ പാനായിക്കുളത്തും ഒരു വർഷം മുമ്പാണ് സഹ്രാൻ ഹാഷിം എത്തിയത്. ഇയാൾ തമിഴ്നാട്ടിലും കേരളത്തിലും സ്ഥിരമായി വന്നുപോയിരുന്നു.
തമിഴ്നാട്ടിലും കേരളത്തിലും വേരുകളുള്ള നാഷണൽ തൗഹിദ് ജമാഅത്തിന് പശ്ചിമേഷ്യൻ ഭീകരസംഘടനയായ ഐസിസുമായി അടുത്ത ബന്ധമുണ്ട്. അടുത്തിടെ ഐസിസുമായി നേരിട്ട് ഇടപെഴകാതെ സഹ്രാൻ നാഷണൽ തൗഹിദ് ജമാഅത്തിന്റെ പ്രവർത്തനങ്ങളിലായിരുന്നു. ഇതിന്റെ പരിണിതഫലമായിരുന്നു ശ്രീലങ്കയിലെ സ്ഫോടനങ്ങൾ. സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള ഐസിസ് വീഡിയോയിൽ സഹ്രാനുമുണ്ടായിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും നിന്ന് സഹ്രാൻ യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തിരുന്നതായാണ് വിവരം. അവരുടെ വിവരങ്ങളും എൻ.ഐ.എ തേടുന്നുണ്ട്
ഐസിസിലേക്ക് കേരളത്തിൽ നിന്ന് 21 പേർ ചേക്കേറിയതായി രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ഐസിസിനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുമ്പോൾ കേരളത്തിലും തമിഴ്നാട്ടിലും നാഷണൽ തൗഹിദ് ജമാഅത്ത് വേരുറപ്പിച്ചെന്നാണ് കണ്ടെത്തൽ. . കേരളം, തമിഴ്നാട് എന്നിവിടങ്ങളിലുള്ള യുവാക്കളെ സംഘടനയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള സഹ്രാന്റെ വീഡിയോ സന്ദേശം ഐസിസ് കേസുകളിലെ പ്രതികളിൽ നിന്ന് എൻ.ഐ.എ പിടിച്ചെടുത്തിരുന്നു.